പിറ്റ് ബുളും റോട്ട് വീലറും വേണ്ട; അപകടകാരികളായ നായ്‌ക്കളെ നിരോധിക്കണമെന്ന് ഡല്‍ഹി ഹൈക്കോടതി
അപകടകാരികളായ നായ ഇനങ്ങളെ നിരോധിക്കുന്ന കാര്യത്തില്‍ മൂന്ന് മാസത്തിനുള്ളില്‍ തീരുമാനമെടുക്കണമെന്ന് കേന്ദ്ര സര്‍ക്കാരിന് നിര്‍ദേശം.
ഡല്‍ഹി ഹൈക്കോടതിയാണ് ഇത്തരത്തിലൊരു നിര്‍ദ്ദേശം മുന്നോട്ട് വെച്ചിരിക്കുന്നത്.
പിറ്റ് ബുള്‍, റോട്ട് വീലര്‍, അമേരിക്കൻ ബുള്‍ഡോഗ്, ടെറിയേഴ്‌സ്, നെപ്പോളിറ്റൻ മാസ്റ്രിഫ്, വുള്‍ഫ് ഡോഗ്, ഇവയുടെ ക്രോസ് ബ്രീഡുകള്‍ തുടങ്ങിയ ഇനത്തില്‍പ്പെട്ട നായ്‌ക്കളെ വളര്‍ത്തുന്നതിനുള്ള ലൈസൻസ് റദ്ദാക്കണമെന്ന് ചൂണ്ടിക്കാട്ടി നല്‍കിയ ഹര്‍ജിയിലാണ് ഡല്‍ഹി ഹൈക്കോടതിയുടെ നിര്‍ദേശം. നാടൻ നായ്‌ക്കളെ വളര്‍ത്തുന്നത് പ്രോത്സാഹിപ്പിക്കണമെന്നും കോടതി ചൂണ്ടിക്കാട്ടി.
അതേസമയം അപകടകാരികളായ നായ്‌ക്കളെ വളര്‍ത്തുന്നതിനുള്ള ലൈസൻസ് റദ്ദാക്കണമെന്ന കാര്യത്തില്‍ അടുത്ത മൂന്ന് മാസത്തിനുള്ളില്‍ നിര്‍ണായക തീരുമാനമുണ്ടാകുമെന്ന് കേന്ദ്രം കോടതിയെ അറിയിച്ചു. നേരത്തേ ഇതുമായി ബന്ധപ്പെട്ട ഹര്‍ജി വേഗത്തില്‍ തീര്‍പ്പാക്കാൻ ബന്ധപ്പെട്ട വകുപ്പിന് കൈമാറിയിരുന്നു. എന്നാല്‍, അധികൃതര്‍ വേണ്ട നടപടികള്‍ സ്വീകരിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വീണ്ടും ഹര്‍ജി നല്‍കിയത്.
അപകടസാദ്ധ്യത കണക്കിലെടുത്ത് ഈ ഇനങ്ങളെ വളര്‍ത്തുന്നത് പല രാജ്യങ്ങളും ഇതിനോടകം നിരോധിച്ചിട്ടുണ്ടെന്ന് ഹര്‍ജിയില്‍ പറയുന്നു. രാജ്യത്തുടനീളം നായ്‌ക്കളുടെ കടിയേറ്റ് മരണപ്പെടുന്ന സംഭവങ്ങള്‍ വര്‍ദ്ധിച്ച് വരുന്നതായും അപകട സാദ്ധ്യതകള്‍ ലഘൂകരിക്കാൻ വേഗത്തില്‍ നടപടി സ്വീകരിക്കണമെന്നും ഹര്‍ജിക്കാരൻ ആവശ്യപ്പെട്ടു.