National NewsPolitics

അപ്രതീക്ഷിത നീക്കവുമായി കേന്ദ്രം; ക്രിമിനല്‍ നിയമങ്ങള്‍ക്കായി കൊണ്ടുവന്ന 3 ബില്ലുകളും പിന്‍വലിച്ചു; പൊളിച്ചെഴുത്തിന് പുതിയ ബില്ലുകള്‍

Keralanewz.com

ഡല്‍ഹി: ക്രിമിനല്‍ നിയമങ്ങള്‍ നവീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന മൂന്ന് പുതിയ ബില്ലുകളും പിന്‍വലിച്ചു.

ഭാരതീയ ന്യായ സംഹിതാ ബില്‍, ഭാരതീയ നാഗരിക് സുരക്ഷാ സംഹിതാ ബില്‍, ഭാരതീയ സാക്ഷ്യ ബില്‍ എന്നിവയാണ് പിന്‍വലിക്കുന്നത്. ഇന്ത്യന്‍ ശിക്ഷാനിയമം, ക്രിമിനല്‍ നടപടിച്ചട്ടം, ഇന്ത്യന്‍ തെളിവ് നിയമം എന്നിവയ്ക്ക് പകരമായി ഓഗസ്റ്റില്‍ ലോക്സഭയില്‍ അവതരിപ്പിച്ചതാണിത്.

പാര്‍ലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റിയുടെ ശുപാര്‍ശകളുടെ അടിസ്ഥാനത്തില്‍ ഭേദഗതികളോടെ പുതിയ ബില്ലുകള്‍ തയ്യാറാക്കും. ആഭ്യന്തരമന്ത്രി അമിത് ഷാ തന്നെ ഈ ആഴ്ച പുതിയ ബില്‍ അവതരിപ്പിച്ചേക്കും.

ബ്രിട്ടീഷ് കാലഘട്ടത്തിലെ മൂന്ന് നിയമങ്ങള്‍ക്ക് പകരമായാണ് മണ്‍സൂണ്‍ സമ്മേളനത്തില്‍ ബില്ലുകള്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. മൂന്ന് ബില്ലുകളും വിലയിരുത്തലിനായി പാര്‍ലമെന്റിന്റെ സ്റ്റാൻഡിങ് കമ്മിറ്റിക്ക് കൈമാറുകയും മൂന്ന് മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാൻ കമ്മിറ്റിയോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ശിക്ഷയ്ക്കല്ല നീതി ലഭ്യമാക്കാനാണ് ഈ ബില്ലുകള്‍ ഊന്നുന്നതെന്ന് ലോക്‌സഭയില്‍ ബില്ലുകള്‍ അവതരിപ്പിച്ചുകൊണ്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞിരുന്നു.

വിവാഹേതര ലൈംഗിക ബന്ധവും സ്വവര്‍ഗലൈംഗികതയും ക്രിമിനല്‍ കുറ്റമാക്കണമെന്ന നിര്‍ദേശം ഭാരതീയ ന്യായ സംഹിതാ ബില്ലില്‍ പാര്‍ലമെന്ററി സമിതി നല്‍കിയിരുന്നു. എന്നാല്‍ പ്രധാനമന്ത്രിഇതില്‍ വിയോജിപ്പ് രേഖപ്പെടുത്തിയെന്ന വിവരം നേരത്തെ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ബില്ലുകള്‍ പിന്‍വലിക്കുന്നതായി കേന്ദ്രം അറിയിക്കുന്നത്.

കേരളം ചര്‍ച്ച ചെയ്യാനിരിക്കുന്ന വലിയ വാര്‍ത്തകള്‍ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്‌ആപ്പ് ഗ്രൂപ്പില്‍ ജോയിൻ ചെയ്യാം

Facebook Comments Box