ഡി പി ഇ പി മുതൽ ഫുൾ എ പ്ലസിന്റെ കാലം വരെ. എഴുതാനും വായിക്കാനും അറിയാൻ പാടില്ലാത്ത കുട്ടികളെ സൃഷ്ടിച്ചുകൊണ്ട് കേരളത്തിലെ വിദ്യാഭ്യാസം തകർത്തതാര്?
കേരളന്യൂസ് എഡിറ്റോറിയൽ പരിശോധിക്കുന്നു
തിരുവനന്തപുരം: അക്ഷരം കൂട്ടി വായിക്കാൻ അറിയാത്ത കുട്ടികൾക്ക് പോലും എ പ്ലസ് ലഭിക്കുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ ഷാനവാസ് അടുത്തകാലത്ത് വിമർശിച്ചിരുന്നു. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞവുമായി ഹൈടെക് ക്ലാസ് മുറികളും ഉന്നത നിലവാരത്തിലുള്ള പഠനോപകരണങ്ങളും കേരളത്തിൽ ലഭ്യമാക്കി പൊതു വിദ്യാഭ്യാസ രംഗത്ത് നല്ല രീതിയിൽ സർക്കാർ ഇടപെടുന്ന സമയത്താണ് ഷാനവാസിന്റെ ഈ വിമർശനം. ഷാനവാസിന്റെ വിമർശനം വന്നതോടുകൂടി അതിനെ അനുകൂലിച്ചും പ്രതികൂലിച്ചും പൊതുസമൂഹത്തിൽ വലിയ ചർച്ചയാണ് ഉണ്ടായത്. ഷാനവാസിന്റെ വിമർശനത്തിൽ കാമ്പുണ്ട് എന്നാണ് പല വിദ്യാഭ്യാസ പ്രമുഖരുടെയും വിലയിരുത്തൽ. എന്നാൽ തങ്ങൾക്ക് കിട്ടുന്ന നിർദ്ദേശം അനുസരിച്ച് മാത്രമാണ് കുട്ടികൾക്ക് മാർക്ക് നൽകുന്നതെന്ന് അധ്യാപകരും പറയുന്നു.ഹൈടെക് ക്ലാസ് മുറികളും ഉന്നത നിലവാരത്തിലുള്ള പഠന സാമഗ്രികളും നൽകിയിട്ടും വിദ്യാഭ്യാസ നിലവാരം മാത്രം താഴോട്ട് പോകുന്നത് എന്തുകൊണ്ടാണ് എന്നാണ് ഇപ്പോഴത്തെ ചർച്ച. കതിരിൽ കൊണ്ട് വളം വച്ചിട്ട് കാര്യമില്ല എന്ന പഴഞ്ചൊല്ല് ഇവിടെയാണ് അന്വര്‍ത്ഥമാകുന്നത്.
1996 – ൽ പി ജെ ജോസഫ് വിദ്യാഭ്യാസ മന്ത്രി ആയിരുന്നപ്പോൾ മുതലാണ് ഈ തകർച്ചയുടെ തുടക്കം. അതുവരെ പുലർത്തി പോന്നിരുന്ന വളരെ നല്ല ഒരു വിദ്യാഭ്യാസ സമ്പ്രദായത്തെയാണ് അന്ന് തച്ചുടച്ചത്. ഡിപിഇപി എന്ന വിദ്യാഭ്യാസ സമ്പ്രദായം കേരളത്തിൽ കൊണ്ടുവരുകയും, അന്നുമുതൽ വിദ്യാഭ്യാസം ഇല്ലാതെ, എന്തൊക്കെയോ കാട്ടിക്കൂട്ടി മാർക്ക് മേടിക്കുന്ന അവസ്ഥയിലേക്ക് വിദ്യാർത്ഥികളെ എത്തിക്കുകയും ചെയ്തു. കേരളത്തിലെ വിദ്യാഭ്യാസത്തിന്റെ തകർച്ച തുടങ്ങിയത് അവിടെയാണ്. അതുവരെ അഖിലേന്ത്യാതലത്തിൽ മുന്നിട്ടുനിന്ന കേരളത്തിലെ വിദ്യാർത്ഥികൾ പതിയെ പതിയെ പിറകോട്ട് പോകുന്ന അവസ്ഥ കാണുവാൻ കഴിഞ്ഞു. യുപിഎസ്സി, സിവിൽ സർവീസ് തുടങ്ങി അഖിലേന്ത്യ തലത്തിലുള്ള മത്സര പരീക്ഷകളിൽ കേരളത്തിലെ വിദ്യാർത്ഥികൾ പിറകോട്ട് പോയി തുടങ്ങി. പഠിക്കാതെ തന്നെ മാർക്ക് നേടാൻ കഴിയുമെങ്കിൽപ്പിന്നെ പഠിക്കുന്നത് എന്തിനാണ് കുട്ടികളിൽ തന്നെ ചിന്ത ഉണ്ടാക്കുവാൻ ഈ സമ്പ്രദായം കാരണമായി. അപ്പോഴും റിസൾട്ട് കൊണ്ടുവരുവാൻ വേണ്ടി കുട്ടികൾക്ക് വാരിക്കോരി മാർക്കുകൾ വീണ്ടും കൊടുത്തു. “മാങ്ങ” എന്ന് ഉത്തരമെഴുതേണ്ടതിനു പകരം “തേങ്ങ” എന്ന് ഉത്തരം എഴുതിയാൽ അതിലെ “ങ്ങ” ക്ക് മാർക്ക് നൽകണമെന്നാണ് പി ജെ ജോസഫിന്റെ വിദ്യാഭ്യാസ മന്ത്രിക്കാലം മുതൽ പറഞ്ഞു വരുന്നത്.
പിന്നീട് വന്ന നാലകത്ത് സൂപ്പിയും, അബ്ദുൾ റബ്ബും, എം എ ബേബിയും മാർക്ക് വിതരണ രീതിയിൽ കൈ അയച്ച് കുട്ടികളെ സഹായിച്ചു സഹായിച്ചു. തൽഫലമായി കുട്ടികൾ വീണ്ടും വീണ്ടും മടിയന്മാരായി മാറുകയും ചെയ്തു.1996 ന് ശേഷം പിന്നീട് സർക്കാരുകൾ ഈ നയം പിന്തുടരുക വഴി കേരളത്തിലെ വിദ്യാഭ്യാസം ആകെ പിറകോട്ട് പോവുകയും അഖിലേന്ത്യാതലത്തിലും ആഗോളതലത്തിലും ഒരു മാതൃകയായിരുന്ന കേരള വിദ്യാഭ്യാസ സമ്പ്രദായം തന്നെ ഇല്ലാതാവുകയും പുതിയ രീതിയിലുള്ള പഠിക്കാതെ മാർക്ക് കിട്ടുന്ന സമ്പ്രദായം നിലവിൽ വരികയും ചെയ്തു. കോളേജുകളിൽ നിന്നും പീഡിഗ്രി മാറ്റി പ്ലസ് ടു കൊണ്ടുവന്ന് ഉന്നത വിദ്യാഭ്യാസ മേഖലയിലേക്കുള്ള ചവിട്ടുപടിയിലും കലമുടിച്ചതും പിജെ ജോസഫിന്റെ കാലഘട്ടത്തിൽ തന്നെയാണ്. ഇങ്ങനെ നോക്കിയാൽ കേരളത്തിലെ പൊതു വിദ്യാഭ്യാസ മേഖലയിലും ഉന്നത വിദ്യാഭ്യാസം മേഖലയിലും തകർച്ചയുടെ തുടക്കം കുറിച്ചത് പി ജെ ജോസഫ് വിദ്യാഭ്യാസ മന്ത്രി ആയിരുന്നപ്പോഴാണ് എന്ന് വ്യക്തമാണ്.