Kerala NewsLocal NewsPolitics

വാര്‍ത്താസമ്മേളനത്തില്‍ ഗവര്‍ണര്‍ക്കെതിരെ രൂക്ഷവിമര്‍ശനം; ഗണ്‍മാൻ വിഷയത്തില്‍ പ്രതികരിക്കാതെ മുഖ്യമന്ത്രി

Keralanewz.com

പത്തനംതിട്ട: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ.

ഗവര്‍ണര്‍ എന്തെക്കെയോ വിളിച്ചു പറയുന്നുവെന്ന് പ്രതികരിച്ച മുഖ്യമന്ത്രി ഗണ്‍മാൻ അനിലിനെ കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിച്ചില്ല. പത്തനംതിട്ടയിലാണ് നവകേരള സദസ്സിനിടയില്‍ മുഖ്യമന്ത്രി വാര്‍ത്താസമ്മേളനം നടത്തിയത്.

പ്രതിഷേധിക്കുന്നവര്‍ക്ക് എതിരെ രൂക്ഷമായ വാക്കുകളാണ് ഗവര്‍ണര്‍ ഉപയോഗിക്കുന്നത്. മുൻപ് പൊതുപ്രവര്‍ത്തകൻ ആയിരുന്ന ഒരാള്‍ എങ്ങനെയാണ് ബ്ലഡി ക്രിമിനല്‍സ് എന്ന് വിളിക്കുന്നത്. വിവേകം ഇല്ലാത്ത നടപടിയാണ് ഉണ്ടായത്, തീര്‍ത്തും തെറ്റായ രീതിയാണ് ഗവര്‍ണറുടേതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഉന്നത സ്ഥാനത്തു ഇരിക്കുന്ന ആള്‍ക്ക് പറയാൻ പറ്റുന്ന വാക്കുകള്‍ അല്ല. ഗവര്‍ണര്‍ പരമാവധി പ്രകോപനം സൃഷ്ടിക്കുകയാണ്. ഞാൻ ചെല്ലുമ്ബോള്‍ അവര്‍ ഓടി പോയി എന്ന് വീമ്ബ് പറയുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിന്റെ സമാധാനാന്തരീക്ഷം തകര്‍ക്കാനുള്ള നടപടിയാണ് ആരിഫ് മുഹമ്മദ് ഖാൻ സ്വീകരിക്കുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

യൂണിവേഴ്സിറ്റി നല്‍കാത്ത പേരുകള്‍ എവിടെ നിന്നാണ് ചാൻസിലര്‍ക്ക് ലഭിക്കുന്നത്, എന്റെ വിവേചനാധികാരം എന്നാണ് ഗവര്‍ണര്‍ പറയുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. സര്‍വ്വകലാശാല പാനലിലെ പേരില്‍ നിന്ന് വിവേചനാധികാരം ഉപയോഗിച്ച്‌ പേരുകള്‍ തിരഞ്ഞെടുക്കുന്നതിനെ സമ്മതിക്കാം, എന്നാല്‍ അങ്ങനെയല്ല ഉണ്ടായതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.ആര്‍എസ്‌എസില്‍ നിന്ന് കിട്ടിയ നിര്‍ദ്ദേശത്തിന്റെ ഭാഗമായാണ് ഈ നടപടി എടുത്തതെന്നും നോമിനേറ്റ് ചെയ്ത പേരുകളുടെ ഏറ്റവും വലിയ യോഗ്യത ആര്‍എസ്‌എസുകാര്‍ എന്നതാണെന്നും ഈ സാഹചര്യത്തിലാണ് വിദ്യാര്‍ഥികള്‍ പ്രതിഷേധിക്കുന്നതിലേക്ക് എത്തിയതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

എനിക്ക് നേരെ കരിങ്കോടി കാണിച്ചവരെ ഞാൻ ഗുണ്ടകള്‍ എന്ന് വിളിച്ചോ എന്നും മുഖ്യമന്ത്രി ചോദിച്ചു. അവര്‍ക്ക് നേരെയും ഞാൻ കൈ കാണിക്കുകയാണ് ഉണ്ടായത്,ഇതാണ് ജനാധിപത്യരീതി എന്നും മുഖ്യമന്ത്രി പറഞ്ഞു. മാധ്യമപ്രവര്‍ത്തകരുടെ ഗണ്‍മാനെ കുറിച്ചുള്ള ചോദ്യത്തിന് മുഖ്യമന്ത്രി പ്രതികരിച്ചില്ല. സമയം കഴിഞ്ഞുവെന്നും പിന്നെ കാണാമെന്നും പറഞ്ഞ് വാര്‍ത്താ സമ്മേളനം നിര്‍ത്തുകയായിരുന്നു മുഖ്യമന്ത്രി.

Facebook Comments Box