AgricultureBUSINESSKerala NewsNational News

ടയര്‍ കമ്പനികള്‍ക്കുവേണ്ടി കേന്ദ്രം റബര്‍വില ഇടിച്ചു താഴ്ത്തുന്നു: മുഖ്യമന്ത്രി .

Keralanewz.com

പത്തനംതിട്ട: ടയര്‍ കമ്പനികള്‍ക്കുവേണ്ടി റബറിന്‍റെ വില ഇടിച്ചു താഴ്ത്താൻ കേന്ദ്ര സര്‍ക്കാരും കൂട്ടുനില്‍ക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആരോപിച്ചു.

ഇറക്കുമതിച്ചുങ്കം വര്‍ധിപ്പിച്ചാല്‍ സ്വാഭാവിക റബറിന്‍റെ ഇറക്കുമതി നിയന്ത്രിക്കാൻ സാധിക്കും. ആഗോള കരാറുകളുടെ ഭാഗമായതിനാല്‍ അതു സാധ്യമല്ല എന്നാണു കേന്ദ്രം പറയുന്നത്.

വ്യാവസായിക അസംസ്‌കൃത വസ്തുവായി പരിഗണിക്കുന്നതു മാറ്റി റബറിനെ കാര്‍ഷികോത്പന്നമായി കണക്കാക്കാനും കേന്ദ്ര സര്‍ക്കാര്‍ തയാറാകുന്നില്ല. സ്വാഭാവിക പരുത്തിക്ക് ആണ്ടുതോറും ന്യായവില ഉയര്‍ത്തിക്കൊടുക്കുന്നവര്‍ക്ക്, റബറിന്‍റെ ഇറക്കുമതി മാത്രം നിയന്ത്രിക്കാന്‍ കഴിയുന്നില്ലെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

റബര്‍ കര്‍ഷകര്‍ സാമ്പത്തിക പ്രതിസന്ധിയിലാവുകുമ്പോള്‍ ടയര്‍ കമ്പനികള്‍ കൊള്ളലാഭം കൊയ്യുകയാണ്. കര്‍ഷകര്‍ ഉത്പാദിപ്പിക്കുന്ന റബറിന് വില ഇടിയുമ്പോഴും ടയറുകളുടെ വില കുതിച്ചുയരുകയാണ്. പ്രമുഖ ടയര്‍ കമ്പനികളും അവരുടെ കോര്‍പറേറ്റ് ലോബിയിംഗ് കമ്പനിയായ ഓട്ടോമോട്ടീവ് ടയര്‍ മാനുഫാക്ചറേഴ്‌സ് അസോസിയേഷനും കോമ്പറ്റീഷന്‍ നിയമം ലംഘിച്ചുകൊണ്ട് കാര്‍ട്ടല്‍ രൂപീകരിക്കുകയും വിവരങ്ങള്‍ പങ്കിടുകയും ടയര്‍ വിലകള്‍ നിശ്ചയിക്കുകയും ചെയ്തുവെന്ന് കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ കണ്ടെത്തിയിരുന്നു.

ടയറുകള്‍ നിര്‍മിക്കുന്നതിനുള്ള മുഖ്യ അസംസ്‌കൃത വസ്തുവായ സ്വാഭാവിക റബറിന്‍റെയടക്കം എല്ലാ അസംസ്‌കൃത വസ്തുക്കളുടെയും ആകെ വില ഇടിഞ്ഞപ്പോഴും, ടയര്‍ വില ഉയർത്തി നിര്‍ത്തുന്നതിനായി ടയര്‍ കമ്പനികള്‍ ഒത്തുകളിച്ചതായും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

Facebook Comments Box