Sat. May 4th, 2024

വിവിധ കുറ്റങ്ങള്‍; ഡ്രൈവര്‍മാരെയും കണ്ടക്ടര്‍മാരെയും കെഎസ്‌ആര്‍ടിസി എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ സസ്പെന്‍ഡ് ചെയ്തു

By admin Dec 20, 2023
Keralanewz.com

ഗുരുതരമായ ചട്ടലംഘനവും കൃത്യവിലോപവും നടത്തിയ മൂന്ന് കണ്ടക്ടര്‍മാരെയും രണ്ട് ഡ്രൈവര്‍മാരെയും കെഎസ്‌ആര്‍ടിസി എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തു.

വെള്ളനാട് ഡിപ്പോയിലെ ഡ്രൈവറായ ജെ സുരേന്ദ്രന്‍, താമരശ്ശേരി ഡിപ്പോയിലെ കണ്ടക്ടറായ എ ടോണി, പയ്യന്നൂര്‍ ഡിപ്പോയിലെ ഡ്രൈവറായ എ യു ഉത്തമന്‍, തിരുവനന്തപുരം സിറ്റി ഡിപ്പോയിലെ കണ്ടക്ടറായ പി എസ് അഭിലാഷ്, പാലക്കാട് ഡിപ്പോയിലെ കണ്ടക്ടറായ പി എം മുഹമ്മദ് സാലിഹ് എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്.

അന്വേഷണത്തില്‍ ഇവര്‍ ശബരിമല ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടും ചുമതല നിര്‍വഹിക്കാതെ സ്വകാര്യ സ്‌കൂളിന്റെ ബസ് ഓടിക്കാന്‍ പോയതായി കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് പയ്യന്നൂര്‍ ഡിപ്പോയിലെ ഡ്രൈവറായ എയു ഉത്തമനെ സസ്പെന്‍ഡ് ചെയ്തത്. വെള്ളനാട് ഡിപ്പോയിലെ ഡ്രൈവറായ ജെ സുരേന്ദ്രനെ ഒരു ക്രിമിനല്‍ കേസുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയിലാകുകയും സ്ഥാപനത്തിന്റെ സല്‍പ്പേര് കളങ്കപ്പെടുത്തുകയും ചെയ്ത സംഭവത്തിലാണ് സസ്പെന്‍ഡ് ചെയ്തത്.

പാലക്കാട് യൂണിറ്റിലെ പി.എം മുഹമ്മദ് സാലിഹിനെ കോയമ്ബത്തൂര്‍ – കോതമംഗലം സര്‍വീസ് നടത്തവേ ബസ്സില്‍ 17 യാത്രക്കാര്‍ മാത്രമുണ്ടായിരിക്കെ ഒരു യാത്രക്കാരന് ടിക്കറ്റു നല്‍കാതിരിക്കുകയും സൗജന്യ യാത്ര അനുവദിക്കുകയും കെ എസ് ആര്‍ ടി സി ക്ക് വരുമാന നഷ്ടമുണ്ടാക്കിയതായി അന്വേഷണത്തില്‍ ബോധ്യപെട്ടതിനാലാണ് സസ്പെന്‍ഡ് ചെയ്തത്.

മാനുവല്‍ റാക്ക് ഉപയോഗിച്ച്‌ ബസ്സില്‍ സര്‍വീസ് നടത്തവേ ക്രമക്കേട് നടത്തി പണാപഹരണം നടത്തിയതിനാണ്
താമരശ്ശേരി ഡിപ്പോയിലെ കണ്ടക്ടറായ എ ടോണിയെ സസ്പെന്‍ഡ് ചെയ്തത്. കൊച്ചുവേളിയില്‍ നിന്നും കിഴക്കേകോട്ടയിലേക്ക് സര്‍വീസ് നടത്തവേ 4 പേരില്‍ നിന്നും യാത്രക്കൂലി ഈടാക്കിയതിനു ശേഷം 2 പേര്‍ക്ക് മാത്രം ടിക്കറ്റ് നല്‍കുകയും രണ്ട് പേര്‍ക്ക് ടിക്കറ്റ് നല്‍കാതെ യാത്ര ചെയ്യാന്‍ അനുവദിക്കുകയും ചെയ്ത കുറ്റത്തിനാണ് തിരുവനന്തപുരം സിറ്റി ഡിപ്പോയിലെ കണ്ടക്ടറായ പി എസ് അഭിലാഷ് സസ്പെന്‍ഡ് ചെയ്യപ്പെട്ടത്

Facebook Comments Box

By admin

Related Post