Kerala NewsLocal NewsReligion

ശബരിമല: കുട്ടികള്‍ക്ക് സുരക്ഷയൊരുക്കാൻ ക്യൂ ആര്‍ ബാന്‍ഡ് സംവിധാനവുമായി പോലീസ്

Keralanewz.com

പത്തനംതിട്ട: തീര്‍ത്ഥാടനകാലത്ത്, ശബരിമലയിലെത്തുന്ന കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാനായി ടെലികോം സേവനദാതാക്കളായ വി യുടെ സഹകരണത്തോടെ ക്യൂ ആര്‍ കോഡ് റിസ്റ്റ് ബാന്‍ഡ് സംവിധാനമൊരുക്കി ജില്ലാ പോലീസ്.

തിരക്കിനിടയില്‍ കുട്ടികളെ കാണാതാകുന്ന സാഹചര്യങ്ങളില്‍, എത്രയും വേഗം കണ്ടെത്താൻ ഉപകരിക്കുംവിധം ക്യൂ ആര്‍ കോഡുള്ള റിസ്റ്റ് ബാൻഡ് വൊഡാഫോണ്‍ ഐഡിയ കമ്ബനി ജില്ലാ പോലീസ് ഓഫീസില്‍ നടന്ന ചടങ്ങില്‍ ഒദ്യോഗികമായി പുറത്തിറക്കി. ഇന്ന് രാവിലെ വോഡഫോണ്‍ ഐഡിയ ലിമിറ്റഡിന്‍റെ കേരള സര്‍ക്കിള്‍ ഓപ്പറേഷന്‍സ് മേധാവിയും വൈസ് പ്രസിഡന്‍റുമായ ബിനു ജോസിന്‍റെ സാന്നിധ്യത്തിലാണ് ജില്ലാ പോലീസ് മേധാവി ഇവ പുറത്തിറക്കിയത്.

തീര്‍ത്ഥാടനകാലത്ത് കുട്ടികള്‍ കാണാതാവുന്ന സങ്കീര്‍ണമായ സന്ദര്‍ഭങ്ങളില്‍ അവരെ അതിവേഗം കണ്ടെത്തി ഉറ്റവരുടെ അടുത്തെത്തിക്കാന്‍ പോലീസ് ഉണര്‍ന്നുപ്രവര്‍ത്തിക്കാറുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഈ സാഹചര്യം മനസ്സിലാക്കി, തീര്‍ത്ഥാടകരെ സുരക്ഷിതരാക്കാന്‍ ക്യുആര്‍ കോഡ് സാങ്കേതികവിദ്യയുടെ പിന്‍ബലത്തോടെ ബാന്‍ഡുകള്‍ തയ്യാറാക്കിയത് ഏറെ ഉപകാരപ്രദമാണ്. ശബരിമലയില്‍ എത്തുന്ന കുട്ടികളുടെ എണ്ണം വര്‍ദ്ധിക്കുകയാണ്. കഴിഞ്ഞവര്‍ഷം 50 ലക്ഷത്തിലധികം തീര്‍ത്ഥാടകാരാണ് എത്തിയത്, ഇതില്‍ 4 ലക്ഷത്തോളം കുട്ടികളുണ്ടായിരുന്നു. ഈ സീസണില്‍ ഇതുവരെ 1,60,000 ആണ് കുട്ടികളുടെ എണ്ണം.

കമ്ബനിയുടെ സ്റ്റാളുകളില്‍ നിന്നും രക്ഷാകര്‍ത്താവിന്റെയോ കുടുംബാംഗങ്ങളുടേയോ മൊബൈല്‍ നമ്ബര്‍ നല്‍കി ക്യൂആര്‍ കോഡ് സംവിധാനമുള്ള ബാന്‍ഡിനായി രജിസ്റ്റര്‍ ചെയ്യാം. കുട്ടികളുടെ കയ്യില്‍ ഇത് കെട്ടി ഈ സേവനം പ്രയോജനപ്പെടുത്താവുന്നതാണ്. കൂട്ടം തെറ്റിപോകുന്ന കുട്ടികളെ കണ്ടെത്തുമ്ബോള്‍, ക്യുആര്‍ കോഡ് സ്കാന്‍ ചെയ്തശേഷം രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്ബറില്‍ വിളിച്ച്‌ രക്ഷിതാക്കളെയോ കുടുംബാംഗങ്ങളെയോ അറിയിച്ച്‌ കുട്ടിയെ കൈമാറാൻ സാധിക്കും. തിരക്കില്‍ ഒറ്റപ്പെട്ടുപോകുന്ന കുട്ടികളെ കണ്ടെത്താൻ റിസ്റ്റ് ബാൻഡ് മാര്‍ഗം ഇപ്പോള്‍ പോലീസ് ഉപയോഗിക്കുന്നുണ്ട്. ഈ സംവിധാനം കുറച്ചുകൂടി ഡിജിറ്റലൈസ് ചെയ്യുകയാണ് ഇതുവഴി. ഇതിനായി കമ്ബനി നടത്തുന്ന ശ്രമം സ്വാഗതാര്‍ഹമാണെന്നും ജില്ലാ പോലീസ് മേധാവി അഭിപ്രായപ്പെട്ടു.

വി സുരക്ഷ ക്യുആര്‍ കോഡ് ബാന്‍ഡ്, കൂട്ടം തെറ്റിപോകുന്ന തീര്‍ഥാടകരായ കുട്ടികളെ എളുപ്പത്തില്‍ കണ്ടെത്തി രക്ഷിതാക്കള്‍ക്ക് കൈമാറാൻ പോലീസിനെ വളരെയധികം സഹായിക്കുമെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു. പോലീസ് ഡിസ്ട്രിക്‌ട് ഹെഡ്ക്വാര്‍ട്ടേഴ്സ് അസിസ്റ്റന്‍റ് കമാന്‍ഡന്‍റ് എം സി ചന്ദ്രശേഖരന്‍, പമ്ബ പോലീസ് ഇൻസ്‌പെക്ടര്‍ എസ് മഹേഷ്കുമാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Facebook Comments Box