മുഖ്യമന്ത്രിക്കെതിരെയുള്ള കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ ആക്ഷേപ പരാമര്‍ശങ്ങള്‍ക്ക് മാപ്പ് പറയണം; വി ശിവന്‍കുട്ടി
കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെയുള്ള ആക്ഷേപ പരാമര്‍ശങ്ങള്‍ക്ക് മാപ്പ് പറയണമെന്ന് മന്ത്രി വി ശിവന്‍കുട്ടി.
അന്നേ തീര്‍ത്തേനെ എന്ന മട്ടിലുള്ള ഭീഷണി ഒന്നും വിലപ്പോവില്ല.
അന്ന് തീര്‍ക്കാന്‍ കഴിയാത്തതുകൊണ്ടാണ് അദ്ദേഹം ഇന്നും തലയുയര്‍ത്തി നില്‍ക്കുന്നത്. കേരളത്തിന് പിണറായി വിജയന്‍ ആരാണെന്നും കെ സുധാകരന്‍ ആരാണെന്നും അറിയാമെന്ന് ശിവന്‍കുട്ടി പറഞ്ഞു.
‘തിളക്കമാര്‍ന്ന രാഷ്ട്രീയത്തിനുടമയാണ് പിണറായി വിജയന്‍. പിണറായി വിജയന്റെ രാഷ്ട്രീയം കണ്ണൂരിന്റെയും കേരളത്തിന്റെയും മണ്ണില്‍ കുഴിച്ചു മൂടാന്‍ ഒരിക്കലും ആകില്ല. താങ്കളുടെ ഔദാര്യം ആര്‍ക്കും വേണ്ട. അന്നത്തെ കണ്ണൂരില്‍ പറ്റാത്ത കാര്യമാണോ ഇന്ന് പറ്റുമെന്ന് താങ്കള്‍ അവകാശപ്പെടുന്നത്. സമരവും കേസും രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ഭാഗമാണ്. അടുത്ത സമരത്തിന് കാണാം എന്നൊക്കെ പറയുന്നത് വീരവാദമാണ്.’ കലാപത്തിനൊക്കെ ആഹ്വാനം ചെയ്യുന്നത് സംബന്ധിച്ചുളള കാര്യങ്ങള്‍ നോക്കാന്‍ സംസ്ഥാനത്ത് നിയമ സംവിധാനം ഉണ്ടെന്നും ശിവന്‍കുട്ടി പറഞ്ഞു.