National NewsPolitics

കേന്ദ്രത്തില്‍ എന്‍.ഡി.എ., എന്‍.സി.പി. അജിത്‌പവാര്‍ വിഭാഗം കേരളത്തില്‍ എല്‍.ഡി.എഫിനൊപ്പം

Keralanewz.com

കൊച്ചി : ദേശീയതലത്തില്‍ ബി.ജെ.പി. നയിക്കുന്ന എന്‍.ഡി.എയുമായി ചേര്‍ന്ന്‌ മുന്നോട്ടുപോകുകയാണെങ്കിലും കേരളത്തില്‍ ഇടതുമുന്നണിയുടെ ഭാഗമായിരിക്കുമെന്ന്‌ എന്‍.സി.പി.

അജിത്‌ പവാര്‍ വിഭാഗം. കേരളത്തില്‍ എന്‍.ഡി.എയുടെ ഭാഗമാകില്ല.
പാര്‍ട്ടിയുടെ ഔദ്യോഗിക കൊടിയും ചിഹ്‌്നവും തങ്ങള്‍ക്കു തന്നെ ലഭിക്കുമെന്ന ഉറച്ച പ്രതീക്ഷയിലാണ്‌ അജിത്‌ പവാര്‍ വിഭാഗം. തെരഞ്ഞെടുപ്പു കമ്മിഷന്റെ ഉത്തരവ്‌ ഉടനടിയുണ്ടാകുമെന്നും കൊടിയും ചിഹ്‌്നവും തങ്ങള്‍ക്കു തന്നെ ലഭിക്കുമെന്നും എന്‍.സി.പി. അജിത്‌ പവാര്‍ വിഭാഗത്തിന്റെ സംസ്‌ഥാനാധ്യക്ഷനും ദേശീയ സെക്രട്ടറിയുമായ എന്‍.എ. മുഹമ്മദ്‌ കുട്ടി വ്യക്‌തമാക്കി. ദേശീയ തലത്തില്‍ മുന്‍കാലങ്ങളിലും ശരദ്‌പവാര്‍ വിഭാഗം ഗോവ, നാഗാലാന്‍ഡ്‌, മഹാരാഷ്‌ട്ര എന്നീ സംസ്‌ഥാനങ്ങളില്‍ എന്‍.ഡി.എയുമായി സഖ്യത്തിലായിരുന്നപ്പോഴും കേരളത്തില്‍ ഇടതുമുന്നണിയുടെ ഭാഗമായി തുടരുകയായിരുന്നു. അതുകൊണ്ടുതന്നെ അജിത്‌പവാര്‍ വിഭാഗം ദേശീയതലത്തില്‍ എന്‍.ഡി.എയുമായി സഹകരിച്ചാലും കേരളത്തില്‍ ഇടതുമുന്നണിക്കൊപ്പം തുടരുന്നതില്‍ അസ്വാഭാവികതയൊന്നുമില്ലെന്ന്‌ പാര്‍ട്ടി ചൂണ്ടിക്കാട്ടുന്നു.
സംസ്‌ഥാനത്ത്‌ മാണി സി. കാപ്പന്‍ വിഭാഗം, ജനാധിപത്യ കേരള കോണ്‍ഗ്രസ്‌ എന്നിവരുമായി ലയന ചര്‍ച്ചകള്‍ സജീവമാണ്‌. 14 ജില്ലാക്കമ്മിറ്റികളും രൂപീകരിച്ചുകഴിഞ്ഞു. ശരദ്‌പവാറിനോട്‌ കൂറുപുലര്‍ത്തുന്ന പി.സി. ചാക്കോയ്‌ക്കെതിരായ നീക്കവും അജിത്‌പവാര്‍ വിഭാഗം ശക്‌തമാക്കുകയാണ്‌. ചാക്കോ ഒഴികെയുള്ള ആരുവന്നാലും സ്വാഗതം ചെയ്യാനാണ്‌ അജിത്‌പവാര്‍ വിഭാഗത്തിന്റെ നിലപാട്‌. ചാക്കോയുടെ നേതൃത്വത്തില്‍ ഒരു വിഭാഗം അഴിമതി നടത്തുകയാണെന്നും അവര്‍ക്കെതിരേ വിജിലന്‍സ്‌ കോടതിയില്‍ കേസുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ്‌ അജിത്‌പവാര്‍ വിഭാഗം കരുനീക്കുന്നത്‌.

ബൈജു ഭാസി

Facebook Comments Box