Sat. Apr 20th, 2024

സിപിഎം കേന്ദ്രക്കമ്മിറ്റി അംഗങ്ങളുടെ പ്രായപരിധി 75 ആക്കും ; പിണറായിക്ക് ഇളവ് വേണോയെന്ന് പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനിക്കുമെന്ന് യെച്ചൂരി

By admin Aug 9, 2021 #news
Keralanewz.com

ന്യൂഡല്‍ഹി : കേന്ദ്രക്കമ്മിറ്റി അംഗങ്ങളുടെ പ്രായപരിധി 75 വയസ്സാക്കി കുറക്കുമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. നിലവിൽ 80 വയസ്സായിരുന്നു സിസി അംഗങ്ങളുടെ പ്രായപരിധി. കേരള മുഖ്യമന്ത്രി പിണറായി വിജയന് പ്രായപരിധിയില്‍ ഇളവ് നല്‍കണോ എന്ന് പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനിക്കുമെന്നും യെച്ചൂരി പറഞ്ഞു. 

കേന്ദ്രക്കമ്മിറ്റി യോഗശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു യെച്ചൂരി. പിണറായി വിജയന്‍, എസ് രാമചന്ദ്രന്‍പിള്ള എന്നിവരാണ് കേന്ദ്രക്കമ്മിറ്റിയില്‍ പ്രായപരിധി കടന്ന കേരള നേതാക്കള്‍. സംസ്ഥാന കമ്മിറ്റിയിലെ നേതാക്കള്‍ 70 വയസ്സില്‍ താഴെയുള്ളവരാകണം എന്നും കേന്ദ്രക്കമ്മിറ്റിയില്‍  നിര്‍ദേശം ഉയർന്നു.  

കെ കെ ശൈലജയെ മന്ത്രിസഭയില്‍ നിന്നും ഒഴിവാക്കിയതില്‍ കേന്ദ്രക്കമ്മിറ്റി യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നു. കേരളത്തിന് പുറത്തുനിന്നുള്ള അംഗങ്ങളാണ് വിമര്‍ശിച്ചത്. തോമസ് ഐസക്കിനെ പോലെയുള്ള നേതാക്കളെ തെരഞ്ഞെടുപ്പില്‍ നിന്നും മാറ്റിനിര്‍ത്തിയത് ചൂണ്ടിക്കാട്ടിയാണ് കേരള നേതാക്കള്‍ ഇതിനെ പ്രതിരോധിച്ചത്. 

കേരളത്തില്‍ തുടര്‍ഭരണം നേടിയതിനെ കേന്ദ്രക്കമ്മിറ്റി അഭിനന്ദിച്ചു. പ്രളയവും മഹാമാരിയുമൊക്കെ കൈകാര്യം ചെയ്തതിലുള്ള മികവിന് കിട്ടിയ അംഗീകാരമാണ് തുടര്‍ഭരണമെന്ന് സിസി യോഗം വിലയിരുത്തി. കേരളത്തിന്റെ മതേതര ജനാധിപത്യ മൂല്യം സംരക്ഷിച്ചതിനുള്ള അംഗീകാരം ജനങ്ങള്‍ നല്‍കിയെന്ന് യെച്ചൂരി പറഞ്ഞു. 

ജനങ്ങള്‍ നല്‍കിയ ഉത്തരവാദിത്തം നിറവേറ്റാനായി രൂപരേഖ ഉണ്ടാക്കും. പാര്‍ട്ടി തന്നെ തയ്യാറാക്കുന്ന ഇതാകും സര്‍ക്കാര്‍ നടപ്പാക്കുകയെന്നും യെച്ചൂരി പറഞ്ഞു. സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് കണ്ണൂരില്‍ നടത്താന്‍ നേരത്തെ തീരുമാനിച്ചിരുന്നു. 

Facebook Comments Box

By admin

Related Post