Kerala NewsLocal News

കരുവന്നൂര്‍ ബാങ്ക്‌ തട്ടിപ്പ്‌ : അന്വേഷണ പുരോഗതി റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കാന്‍ ക്രൈംബ്രാഞ്ചിനു നിര്‍ദേശം

Keralanewz.com

കൊച്ചി: കരുവന്നൂര്‍ കേസ്‌ അന്വേഷണത്തിന്റെ പുരോഗതി റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കാന്‍ ക്രൈംബ്രാഞ്ചിനു ഹൈക്കോടതി നിര്‍ദേശം.

20നു കേസ്‌ വീണ്ടും പരിഗണിക്കും. ഇ.ഡി. അന്വേഷണം കോളിളക്കമുണ്ടാക്കുമ്ബോള്‍ ആദ്യത്തെ അന്വേഷണ ഏജന്‍സിയായ ക്രൈംബ്രാഞ്ച്‌ ചിത്രത്തിലില്ലാത്ത നിലയിലാണ്‌. രണ്ടു വര്‍ഷത്തോളം അന്വേഷിച്ചെങ്കിലും കേസില്‍ കുറ്റപത്രം പോലും സമര്‍പ്പിക്കാനാകാതെ ക്രൈംബ്രാഞ്ച്‌ അന്വേഷണം നിലച്ചു. തങ്ങള്‍ പിടിച്ചെടുത്ത രേഖകളിലേറെയും ഇ.ഡിക്കു നല്‍കേണ്ടിവന്നതാണ്‌ അന്വേഷണം നിലയ്‌ക്കാനുള്ള കാരണമായി ക്രൈംബ്രാഞ്ച്‌ ഉദ്യോഗസ്‌ഥര്‍ ചൂണ്ടിക്കാട്ടുന്നത്‌. എന്നാല്‍, ഇത്രനാള്‍ അന്വേഷിച്ചിട്ടും കരുവന്നൂര്‍ ബാങ്കിനു പുറത്ത്‌ ഒരാളെപ്പോലും പിടികൂടാനോ പാര്‍ട്ടി നേതാക്കളിലേക്ക്‌ അന്വേഷണമെത്തിക്കാനോ ക്രൈംബ്രാഞ്ചിനായില്ല. തുടര്‍ന്നാണു ഹൈക്കോടതി റിപ്പോര്‍ട്ട്‌ ആരാഞ്ഞത്‌.
കരുവന്നൂര്‍ സഹകരണ ബാങ്കിനുള്ളില്‍ നടന്ന തട്ടിപ്പിനെക്കുറിച്ച്‌ ആദ്യം അന്വേഷിച്ചതും കേസെടുത്തതും ഇരിങ്ങാലക്കുട പോലീസാണ്‌. തട്ടിപ്പിന്റെ വ്യാപ്‌തി 300 കോടി കടക്കുമെന്നായപ്പോഴാണു 2021 ഓഗസ്‌റ്റില്‍ ക്രൈംബ്രാഞ്ചിനു കൈമാറുന്നത്‌. ബാങ്ക്‌ സെക്രട്ടറി അടക്കം ജീവനക്കാരെ മാത്രമാണ്‌ ആദ്യം പ്രതി ചേര്‍ത്തതും അറസ്‌റ്റു ചെയ്‌തതും. ഒച്ചപ്പാടുയര്‍ന്നപ്പോഴാണു ബാങ്ക്‌ ഭരണസമിതിയെ കൂടി പ്രതി ചേര്‍ത്തതും വൈകിയാണെങ്കിലും അറസ്‌റ്റു ചെയ്‌തതും.സി.പി.എം. മുന്‍ ജില്ലാ സെക്രട്ടേറിയറ്റംഗം, രണ്ട്‌ ഏരിയ സെക്രട്ടറിമാര്‍, ഒന്നിലേറെ ഏരിയ കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ക്കടക്കം തട്ടിപ്പില്‍ പങ്കുണ്ടെന്ന്‌ ഭരണസമിതി അംഗങ്ങള്‍ അന്നേ ക്രൈംബ്രാഞ്ചിനോടു വെളിപ്പെടുത്തിയതാണ്‌. എന്നാല്‍, ഈ വഴിക്കൊന്നും അന്വേഷണം നീങ്ങിയില്ല.
ഇ.ഡി. അന്വേഷണം തുടങ്ങിയപ്പോള്‍ മാത്രമാണു കരുവന്നൂര്‍ ബാങ്കിനു പുറത്തേക്ക്‌ അന്വേഷണം നീണ്ടത്‌. കോടികളുടെ കള്ളപ്പണം കരുവന്നൂര്‍ അടക്കമുള്ള ഏതാനും സഹകരണ ബാങ്കുകളിലെത്തിച്ചു വെളുപ്പിച്ചിരുന്നുവെന്നു പ്രാഥമിക അന്വേഷണത്തില്‍ തന്നെ ഇ.ഡി. കണ്ടെത്തി. കേസിലെ മുഖ്യപ്രതി സതീഷ്‌ കുമാര്‍ ക്രൈം ബ്രാഞ്ചിന്റെ അന്വേഷണത്തിന്റെ ഒരു ഘട്ടത്തിലും അറസ്‌റ്റിന്റെ വക്കിലെത്തിയില്ല. ജീവനക്കാരും ഭരണസമിതി അംഗങ്ങളും ഉള്‍പ്പെടെ 23 പേര്‍ മാത്രം പ്രതികള്‍ എന്നായിരുന്നു ക്രൈംബ്രാഞ്ച്‌ നിലപാട്‌.
കുറ്റപത്രം സമര്‍പ്പിക്കാനൊരുങ്ങുമ്ബോഴേക്കും ഇ.ഡി. എത്തി രേഖകള്‍ കൈപ്പറ്റിയെന്നാണ്‌ അന്വേഷണ സംഘത്തിന്റെ അനൗദ്യോഗിക വിശദീകരണം. ഈ രേഖകള്‍ തിരികെ കിട്ടണമെന്നാവശ്യപ്പെട്ടു ക്രൈംബ്രാഞ്ച്‌ സമര്‍പ്പിച്ച ഹര്‍ജിയിലാണു ഹൈക്കോടതി അന്വേഷണ പുരോഗതി അറിയിക്കാന്‍ നിര്‍ദേശിച്ചിരിക്കുന്നത്‌.

Facebook Comments Box