Sat. Apr 27th, 2024

മകരവിളക്ക്‌: 800 ബസുകള്‍ സര്‍വീസ്‌ നടത്തുമെന്ന്‌ മന്ത്രി ഗണേഷ്‌

By admin Jan 5, 2024
Keralanewz.com

പമ്ബ: മകരവിളക്ക്‌ മഹോത്സവത്തോടനുബന്ധിച്ച്‌ 800 ബസുകള്‍ സംസ്‌ഥാനത്തുടനീളം സര്‍വീസ്‌ നടത്തുമെന്നു ഗതാഗത മന്ത്രി കെ.ബി.

ഗണേഷ്‌ കുമാര്‍. പമ്ബയില്‍ ഗതാഗതവകുപ്പ്‌ ഉദ്യോഗസ്‌ഥരുടെ യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു മന്ത്രി.
നിലയ്‌ക്കല്‍ ബസ്‌ സ്‌റ്റാന്‍ഡില്‍ ഭക്‌തര്‍ക്കു തിക്കും തിരക്കുമില്ലാതെ യാത്ര ചെയ്യുന്നതിനായി, നിര്‍ത്തിയിട്ടിരിക്കുന്ന ബസിന്റെ വാതിലിലൂടെ ഉള്ളിലേക്കു കയറുന്നതിനു നാലു ബാരിക്കേഡുകള്‍ സ്‌ഥാപിക്കും. പമ്ബയിലും ഇതേ മാതൃകയില്‍ ബാരിക്കേഡുകള്‍ സ്‌ഥാപിക്കും. പമ്ബയില്‍നിന്ന്‌ ആരംഭിക്കുന്ന ദീര്‍ഘദൂര ബസുകളില്‍ ആളുകള്‍ നിറഞ്ഞുകഴിഞ്ഞാല്‍ അവ നിലയ്‌ക്കല്‍ ബസ്‌ സ്‌റ്റാന്‍ഡില്‍ കയറേണ്ടതില്ല. ആള്‍ നിറഞ്ഞിട്ടില്ലെങ്കില്‍ ബസുകള്‍ നിര്‍ബന്ധമായും നിലയ്‌ക്കലില്‍ കയറണം. നിലയ്‌ക്കലിലേക്കു പോകുന്ന ഭക്‌തര്‍ പരമാവധി ചെയിന്‍ സര്‍വീസുകള്‍ ഉപയോഗപ്പെടുത്തണം. വിവിധ ഭാഷകളില്‍ ബോര്‍ഡുകള്‍ സ്‌ഥാപിക്കും. അനൗണ്‍സ്‌മെന്റ്‌ സൗകര്യവും ഒരുക്കും.
ദേവസ്വം ബോര്‍ഡ്‌ നിലയ്‌ക്കലിലെ റോഡുകളിലെ കുഴികള്‍ അടിയന്തരമായി അടയ്‌ക്കണം. എരുമേലി, പത്തനംതിട്ട എന്നിവിടങ്ങളില്‍നിന്നെത്തുന്ന കെ.എസ്‌.ആര്‍.ടി.സി. ബസുകള്‍ തിരക്കുകളില്‍ പിടിച്ചിടരുത്‌. ബസ്‌ വന്നെങ്കില്‍മാത്രമേ തിരക്കു നിയന്ത്രിക്കാനാവൂ. അത്തരം സാഹചര്യമുണ്ടായാല്‍ പോലീസ്‌ മോട്ടോര്‍ വാഹന വകുപ്പിന്റെ സഹായത്തോടെ വാഹനം പോകുന്നതിനു അവസരമൊരുക്കണം. കെ.എസ്‌.ആര്‍.ടി.സി. ഡ്രൈവര്‍മാര്‍ക്കും ദീര്‍ഘദൂര ബസുകളിലെ ഡൈവര്‍മാര്‍ക്കും വിശ്രമിക്കുന്നതിനു സൗകര്യമൊരുക്കുമെന്നും മന്ത്രി പറഞ്ഞു.
എം.എല്‍.എമാരായ അഡ്വ.പ്രമോദ്‌ നാരായണ്‍, അഡ്വ. കെ.യു. ജനീഷ്‌ കുമാര്‍, ഗതാഗത കമ്മിഷണര്‍ എസ്‌. ശ്രീജിത്ത്‌, ഡി.ഐ.ജി. തോംസണ്‍ ജോസ്‌, അസിസ്‌റ്റന്റ്‌ ട്രാന്‍സ്‌പോര്‍ട്ട്‌ കമ്മിഷണര്‍ പ്രമേജ്‌ ശങ്കര്‍, ജില്ലാ കലക്‌ടര്‍ എ. ഷിബു, ജില്ലാ പോലീസ്‌ മേധാവി വി. അജിത്ത്‌, ശബരിമല എ.ഡി.എം. എന്നിവര്‍ പങ്കെടുത്തു.
ഇലവുങ്കല്‍ സേഫ്‌ സോണ്‍, നിലയ്‌ക്കല്‍, പമ്ബ കെ.എസ്‌.ആര്‍.ടി.സി. ബസ്‌ സ്‌റ്റാന്‍ഡ്‌ എന്നിവിടങ്ങളില്‍ മന്ത്രി സന്ദര്‍ശനം നടത്തി.

Facebook Comments Box

By admin

Related Post