കഠിനമാകും മകരജ്യോതി ദര്‍ശനം
ശബരിമല: മകരവിളക്കു സമയത്തു തിരക്കു നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സ്‌പോട്ട് ബുക്കിങ് നിര്‍ത്തലാക്കുകയും വെര്‍ച്വല്‍ ക്യൂ കുറയ്‌ക്കുകയും ചെയ്‌തതു മകരജ്യോതി ദര്‍ശനം കാത്തിരിക്കുന്നവര്‍ക്കു ബുദ്ധിമുട്ടുണ്ടാക്കും.
12 മുതല്‍ എത്തുന്ന തീര്‍ഥാടകരില്‍ പലരും സന്നിധാനത്തും പാണ്ടിത്താവളത്തും തമ്ബടിക്കുകയാണ് പതിവ്. ഇവര്‍ മകരജ്യോതി ദര്‍ശനത്തിനുശേഷമേ മലയിറങ്ങുകയുള്ളൂ.
വ്രതമെടുത്തു മകരവിളക്കിനെത്താന്‍ കാത്തിരിക്കുന്നവര്‍ വനത്തിലൂടെയും മറ്റും സന്നിധാനത്തു വരാന്‍ സാധ്യതയുണ്ട്. കരിമല വഴിയുള്ള വനപാതയിലൂടെ ചെറിയാനവട്ടത്തുനിന്നു തിരുവാഭരണ പാത വഴി നീലിമലയിലൂടെ സന്നിധാനത്തെത്താന്‍ കഴിയും. ഇവരെ സന്നിധാനത്തിനടുത്തു തടഞ്ഞാല്‍ ആ ഭാഗത്ത് വലിയ തിരക്കിന് ഇടയാകും.
മുമ്ബു പുല്ലുമേട് ദുരന്തമുണ്ടായ സമയത്തു സന്നിധാനത്തേക്കു കൂടുതല്‍ തീര്‍ഥാടകര്‍ എത്തുന്നതിനു നിയന്ത്രണമേര്‍പ്പെടുത്തിയിരുന്നു. ഇതോടെ, മകരജ്യോതി ദര്‍ശനത്തിനായി പുല്ലുമേട്ടിലേക്കു തീര്‍ഥാടകരുടെ ഒഴുക്കായി. അന്നു പുല്ലുമേട്ടില്‍ ഇത്രയേറെ സൗകര്യങ്ങളും വെളിച്ചവും ഉണ്ടായിരുന്നില്ല.
സന്നിധാനത്തേക്കു നിയന്ത്രണം ഏര്‍പ്പെടുത്തിയാല്‍ മകരജ്യോതി ദൃശ്യമാകുന്ന മറ്റിടങ്ങളില്‍ ഭക്‌തര്‍ വലിയ തോതില്‍ തമ്ബടിക്കാന്‍ സാധ്യതയേറെയാണ്. മകരവിളക്ക് 15 നാണെങ്കിലും 12 മുതല്‍ പുല്ലുമേട് വഴിയും വലിയ ഭക്‌തജനത്തിരക്കുണ്ടാകും. പാണ്ടിത്താവളത്തു പര്‍ണശാലയൊരുക്കി മകരവിളക്കിനു കാത്തിരിക്കുന്നവരും നിരവധി.
പത്തു മുതലാണ് സ്‌പോട്ട് ബുക്കിങ് നിര്‍ത്തലാക്കിയിരിക്കുന്നത്. വെര്‍ച്വല്‍ ക്യൂ ബുക്കിങ് പരിധി 14ന് 50,000വും 15ന് 40,000 ആയി പരിമിതപ്പെടുത്തിയിട്ടുണ്ട്.