Fri. May 3rd, 2024

ബി.ജെ.പിയുടേത് രാഷ്ട്രീയ രാമൻ, യഥാര്‍ഥ രാമൻ ‘ഹേ റാം’ എന്ന് പറഞ്ഞ് ഗാന്ധി മരിച്ചു വീണ ബിര്‍ള മന്ദിരത്തില്‍ – വി.ഡി. സതീശൻ

By admin Jan 11, 2024 #bjp #congress #VD satheeshan
Keralanewz.com

തിരുവനന്തപുരം: ബി.ജെ.പിയുടെ രാമൻ യഥാർത്ഥ രാമൻ അല്ലെന്നും രാഷ്ട്ര യ ലാഭത്തിനു വേണ്ടി സൃഷ്ടിക്കപ്പെട്ടതാണെന്നും യഥാര്‍ഥരാമൻ നില്‍ക്കുന്നത് ഹേ റാം എന്നുപറഞ്ഞ് ചുണ്ടനക്കത്തോടെ ഗാന്ധി മരിച്ചുവീണ ബിര്‍ള മന്ദിരത്തിന്റെ ഇടവഴിയിലാണെന്നും പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ

ഞങ്ങളുടെ രാമൻ അവിടെയാണുള്ളതെന്നും കെ.പി.സി.സി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സതീശൻ വ്യക്തമാക്കി.

‘അയോധ്യയില്‍ നടക്കുന്നത് രാഷ്ട്രീയ പരിപാടിയാണ്. തെരഞ്ഞെടുപ്പിന് മുമ്പ് മതത്തെ രാഷ്ട്രീയവത്കരിക്കാനും ആരാധനാലയത്തെ രാഷ്ട്രീയ പ്രവര്‍ത്തന കേന്ദ്രമാക്കാനുമാണ് ബിപി ശ്രമിക്കുന്നത്. രാമൻ ബി.ജെ.പിയുടെ കൂടെയല്ല. ഹേ റാം എന്നു വിളിച്ച് ഗാന്ധിജി മരിച്ചുവീണ ബിര്‍ള മന്ദിരത്തിന്റെ ഇടവഴിയിലാണ് രാമൻ നില്‍ക്കുന്നത്. ഞങ്ങളുടെ രാമൻ അവിടെയാണ്. ബി.ജെ.പിയുടെ രാമൻ രാഷ്ട്രീയ ലാഭത്തിന് വേണ്ടി സൃഷ്ടിക്കപ്പെട്ടതാണെന്നും സതീശൻ പറഞ്ഞു.

അയോധ്യയില്‍ ബാബരി മസ്ജിദ് പൊളിച്ച ഭൂമിയില്‍ നിര്‍മിച്ച രാമക്ഷേത്രത്തില്‍ മോദിയുടെ നേതൃത്വത്തില്‍ 22ന് നടത്തുന്ന വിഗ്രഹപ്രതിഷ്ഠ ചടങ്ങില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുക്കില്ലെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കിയിരുന്നു. ഇത് ദൈവനിന്ദയാണെന്ന് പറഞ്ഞ് എൻ.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരൻ നായര്‍ രംഗത്തുവന്നിരുന്നു. എന്നാല്‍, എൻ.എസ്.എസിന് അവരുടെ നിലപാട് പറയാമെന്നും ഞങ്ങളുടെ അഭിപ്രായം ആരെയും അടിച്ചേല്‍പിക്കില്ലെന്നും വി.ഡി. സതീശൻ വ്യക്തമാക്കി.

പാര്‍ലമെന്‍ററി പാര്‍ട്ടി നേതാവ് സോണിയ ഗാന്ധി, രാജ്യസഭയിലെ പ്രതിപക്ഷ നേതാവുകൂടിയായ കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാര്‍ജുൻ ഖാര്‍ഗെ, കോണ്‍ഗ്രസിന്‍റെ ലോക്സഭ നേതാവ് അധിര്‍ രഞ്ജൻ ചൗധരി എന്നിവരാണ് രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങിലെ ക്ഷണം നിരസിച്ചത്. വോട്ടു നേട്ടത്തിന് ബി.ജെ.പിയും ആര്‍.എസ്.എസും സംഘടിപ്പിക്കുന്ന രാഷ്ട്രീയ പദ്ധതിയാണിതെന്നും പൂര്‍ത്തിയാകാത്ത ക്ഷേത്രത്തിന്‍റെ ഉദ്ഘാടനമാണ് നടക്കുന്നതെന്നും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയ്റാം രമേശ് പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.

‘നമ്മുടെ രാജ്യത്ത് ദശലക്ഷങ്ങള്‍ ഭഗവാൻ ശ്രീരാമനെ ആരാധിക്കുന്നു. മതം വ്യക്തിപരമായ വിഷയമാണ്. എന്നാല്‍ അയോധ്യയിലെ ക്ഷേത്രം ആര്‍.എസ്.എസും ബി.ജെ.പിയും രാഷ്ട്രീയ പദ്ധതിയാക്കി മാറ്റിയിരിക്കുകയാണ് . അപൂര്‍ണമായ ക്ഷേത്രത്തിന്‍റെ ഉദ്ഘാടനം നടത്തുന്നത് നേതാക്കള്‍ മുന്നോട്ടുവെക്കുന്നത് തെരഞ്ഞെടുപ്പ് നേട്ടത്തിനാണെന്നുംപ്രസ്താവനയില്‍ പറഞ്ഞു.

‘2019ലെ സുപ്രീംകോടതി വിധി അംഗീകരിക്കുകയും ഭഗവാൻ രാമനെ ആരാധിക്കുന്ന ദശലക്ഷങ്ങളുടെ വികാരം മാനിക്കുകയും ചെയ്യുമ്പോള്‍തന്നെ, വ്യക്തമായ ആര്‍.എസ്.എസ്-ബി.ജെ.പി പരിപാടിയിലേക്കുള്ള ക്ഷണം മല്ലികാര്‍ജുൻ ഖാര്‍ഗെ, സോണിയ ഗാന്ധി, അധിര്‍ രഞ്ജൻ ചൗധരി എന്നിവര്‍ ആദരപൂര്‍വം നിരസിക്കുകയാണ്’ -പ്രസ്താവനയില്‍ വിശദീകരിച്ചു. രാമക്ഷേത്ര തീര്‍ഥ ട്രസ്റ്റിന്‍റെ ക്ഷണം സ്വീകരിക്കുന്ന കാര്യത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതേത്തുടര്‍ന്ന് തീരുമാനം ദിവസങ്ങള്‍ നീട്ടിക്കൊണ്ടുപോയതിനൊടുവിലാണ് നേതൃത്വം അന്തിമ നിലപാട് പ്രഖ്യാപിച്ചത്.
കേരളത്തിലെ നേതൃത്വത്തിന് ആശ്വാസമായെങ്കിലും, ദേശീയരാഷ്ട്രീയത്തിൽ കോൺഗ്രസ് നേരിടേണ്ടിവരിക സമാനതകളില്ലാത്ത വെല്ലുവിളികളായിരിക്കും.

Facebook Comments Box

By admin

Related Post