Mon. Apr 29th, 2024

പലരും വിയര്‍ക്കും, ഇതുവരെ ചെയ്ത ‘പണി’ ഇനി നടക്കില്ല; സപ്ലൈകോയില്‍ വരാൻ പോകുന്നത് വമ്ബൻ മാറ്റങ്ങള്‍

By admin Jan 13, 2024
Keralanewz.com

കൊല്ലം: കാര്‍ഡ് ഉടമകളല്ലാത്തവര്‍ സബ്‌സിഡി സാധനങ്ങള്‍ കൂട്ടത്തോടെ വാങ്ങിയെടുക്കുന്നത് തടയാൻ സപ്ലൈകോയിലും ആധാര്‍ അധിഷ്ഠിത ബയോമെട്രിംഗ് പഞ്ചിംഗ് ഏര്‍പ്പെടുത്തുന്നു.

ഇതിനായി പൊതുവിതരണ വകുപ്പിന്റെ പക്കലുള്ള റേഷൻ കാര്‍ഡ് മാനേജ്മെന്റ് സിസ്റ്റം ഡേറ്റ സപ്ലൈകോയ്ക്ക് കൈമാറാൻ സര്‍ക്കാര്‍ ഉത്തരവായി.

എന്റര്‍പ്രൈസ് റിസോഴ്സ് പ്ലാനിംഗ് എന്ന സോഫ്റ്റ്‌വെയര്‍ വഴിയാണ് സപ്ലൈകോ സബ്സിഡി ഇനങ്ങള്‍ വില്‍ക്കുന്നത്. ഈ സാധനങ്ങള്‍ വാങ്ങുന്ന റേഷൻ കാര്‍ഡ് നമ്ബര്‍ സോഫ്റ്റ്‌വെയറില്‍ രേഖപ്പെടുത്തും. ഇതിനാല്‍ മറ്റ് ഔട്ട്ലെറ്റുകളില്‍ നിന്ന് ഇതേ മാസത്തെ സബ്സിഡി ഇനങ്ങള്‍ വാങ്ങാൻ കഴിയില്ല. എന്നാല്‍ മറ്റുള്ളവരുടെ റേഷൻകാര്‍ഡ് നമ്ബര്‍ ഉപയോഗിച്ച്‌ ആര്‍ക്കു വേണമെങ്കിലും സബ്സിഡി ഇനങ്ങള്‍ വാങ്ങാം. ഇങ്ങനെ അനേകം റേഷൻകാര്‍ഡുകള്‍ ഉപയോഗിച്ച്‌ സബ്സിഡി ഇനങ്ങള്‍ വാങ്ങി മറിച്ച്‌ വില്‍ക്കുന്നതായി പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് ബയോമെട്രിക് പഞ്ചിംഗ് ഏര്‍പ്പെടുത്തുന്നത്. ചില ജീവനക്കാര്‍ മാസാവസാനം മറ്റുള്ളവരുടെ റേഷൻ കാര്‍ഡ് നമ്ബര്‍ ഉപയോഗിച്ച്‌ സബ്സിഡി സാധനങ്ങള്‍ വാങ്ങുന്നതായും പരാതി ഉയര്‍ന്നിരുന്നു.

കാര്‍ഡ് ഉടമ, അല്ലെങ്കില്‍ അംഗങ്ങള്‍

പുതിയ സംവിധാനം വരുന്നതോടെ റേഷൻ കാര്‍ഡ് ഉടമയ്‌ക്കോ, കാര്‍ഡ് അംഗങ്ങള്‍ക്കോ മാത്രമേ സപ്ലൈകോ ഔട്ട്ലെറ്റുകള്‍, മാവേലി സ്റ്റോറുകള്‍ എന്നിവിടങ്ങളില്‍ നിന്നു സബ്സിഡി സാധനങ്ങള്‍ വാങ്ങാനാവൂ. നിലവിലെ ആര്‍.സി.എം.എസ് ഡേറ്റയ്ക്ക് പുറമേ ഓരോ മാസവും പുതിയ കാര്‍ഡുകളുടെ വിവരങ്ങളും കാര്‍ഡുകളില്‍ ഉണ്ടാകുന്ന കൂട്ടിച്ചേര്‍ക്കലുകളും തിരുത്തലുകളും അടക്കമുള്ളവയും കൈമാറും. ഇ- പോസ് യന്ത്രങ്ങള്‍ വാങ്ങി വൈകാതെ പുതിയ സംവിധാനം പ്രാവര്‍ത്തികമാക്കാനാണ് സപ്ലൈകോയുടെ ആലോചന. സബ്സിഡി ഇനങ്ങളുടെ വില്പന ചെറിയ അളവിലെങ്കിലും കുറഞ്ഞാല്‍ സാമ്ബത്തിക ബാദ്ധ്യതയില്‍ നേരിയ കുറവെങ്കിലും ഉണ്ടാകുമെന്നാണ് സപ്ളൈകോയുടെ പ്രതീക്ഷ.

Facebook Comments Box

By admin

Related Post