മലൈക്കോട്ടയ് വാലിബൻ.. ദൃശ്യ സമ്പന്നമായ ഒരു ശരാശരി അനുഭവം..
ഏറെ പ്രേക്ഷക പ്രതീക്ഷയോടെ മോഹൻലാൽ – ലിജോ ജോസ് പെല്ലിശ്ശേരി കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ “മലൈക്കോട്ടെയ് വാലിബൻ” ഒരു ആവറേജ് സിനിമാനുഭവം മാത്രം സമ്മാനിക്കുന്നു. എന്നാൽ മോഹൻലാലിൻറെ മുൻകാല ദുരന്തങ്ങൾ പോലെ ഒന്നായി മാറേണ്ട ചിത്രവുമല്ല വാലിബൻ. ഒരു മുത്തശ്ശികഥ പോലെ, അല്ലെങ്കിൽ അമർ ചിത്രകഥ പോലെ കഥ പറഞ്ഞു പോകുന്ന സിനിമ മികച്ച ദൃശ്യങ്ങളാൽ സമ്പന്നമാണ്. തീർത്തും സാങ്കല്പികങ്ങളായ പ്രദേശങ്ങളും, നമ്മുക്ക് തീരെ പരിചിതരല്ലാത്ത കഥാപാത്രങ്ങളും കൊണ്ട് ഒരു പരീക്ഷണത്തിന് സംവിധായകൻ ലിജോ മുതിർന്നെങ്കിലും, ഇടയ്ക്കിടെ അനുഭവപ്പെടുന്ന ഇഴച്ചിൽ സിനിമയുടെ രസചരട് മുറിക്കുന്നു. അതേ സമയം മധു നീലകണ്ഠന്റെ ഛായാഗ്രഹനം പ്രത്യേകം അഭിനന്ദനം അർഹിക്കുന്നുണ്ടെങ്കിലും, ആവശ്യത്തിനും അനാവശ്യത്തിനും ഉള്ള സ്ലോമോഷനും, റിപീറ്റ് ആയി വരുന്ന ബാക്ക്ഗ്രൗണ്ട് സ്കോറിങ്ങും സിനിമയിൽ രസം കൊല്ലി ആവുന്നു. മലയാളത്തിന്റെ സ്വന്തം മോഹൻലാൽ വാലിബൻ ആയി നിറഞ്ഞാടി. അദ്ദേഹത്തിന്റെ അർപ്പണ ബോധം ഈ സിനിമയിൽ കാണാൻ ഉണ്ടെങ്കിലും, സിനിമയുടെ നിലവാരം ആ രീതിയിൽ വരാത്തതും അദ്ദേഹത്തിന്റെ കടുത്ത ആരാധകരെ നിരാശരാക്കുന്നു. എന്തൊക്കെ ആയാലും ഒരു മോശം സിനിമാനുഭവം അല്ല വാലിബൻ… വ്യത്യസ്തമായ കഥ പറച്ചിൽ രീതിയും, ഫിക്ഷൻ സിനിമകൾ താൽപര്യമുള്ളവർക്കും ഇഷ്ടപ്പെടാവുന്ന, സാധാരണ പ്രേക്ഷകന് ഒരു തവണ കണ്ടു മറക്കാവുന്ന ചിത്രമാണ് മലൈക്കോട്ടെ വാലിബൻ.