Sun. May 5th, 2024

മമ്മൂട്ടിയെപോലെയുള്ള അര്‍ഹര്‍ എന്തുകൊണ്ട് തഴയപ്പെട്ടു, പുരസ്‌കാരത്തിന്റെ മാനദണ്ഡം എന്താണ്: പത്മ പുരസ്‌കാരത്തെ വിമര്‍ശിച്ച്‌ വി. ഡി സതീശന്‍

By admin Jan 29, 2024
VD Satheesan. File photo: Manorama
Keralanewz.com

തിരുവനന്തപുരം :പത്മ പുരസ്‌കാരത്തെ വിമര്‍ശിച്ച്‌ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ രംഗത്ത്. പുരസ്‌കാരത്തിന് അര്‍ഹരായ ആളുകളെ തഴഞ്ഞുവെന്നും മമ്മൂട്ടിക്കും, ശ്രീകുമാരന്‍ തമ്ബിക്കും പത്മ പുരസ്‌കാരം ഇല്ലാതെ പോയത് എന്ത് കൊണ്ടെന്നും വി.ഡി.സതീശന്‍ സമൂഹമാധ്യമത്തില്‍ കുറിച്ചു.

പുരസ്‌കാരം നല്‍കുന്നതിന് മാനദണ്ഡം എന്താണ്. 1998ല്‍ പദ്മശ്രീ കിട്ടിയ മമ്മൂട്ടി കാല്‍നൂറ്റാണ്ടിന് അപ്പുറവും അവിടെ തന്നെ. പുരസ്‌കാരം നല്‍കുന്നതിന് മാനദണ്ഡം എന്തെന്ന് സതീശന്‍ ചോദിക്കുന്നു. ഇന്നും നിരവധി പ്രതിഭാശാലികളില്‍ നിന്ന് പത്മപുരസ്‌കാരങ്ങള്‍ അകന്നിരിക്കുകയാണെന്നും സതീശന്‍ പ്രസ്താവിച്ചു.

പ്രതിപക്ഷ നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഏറ്റവും അര്‍ഹതപ്പെട്ട കരങ്ങളില്‍ എത്തുമ്ബോഴാണ് പുരസ്‌കാരത്തിന് വജ്ര ശോഭ കൈവരുന്നത്. ടി.പത്മനാഭന്‍, സാനു മാഷ്, സി.രാധാകൃഷ്ണന്‍, സാറാ ജോസഫ്, സജിതാ ശങ്കര്‍, സുജാതാ മോഹന്‍,എം.എന്‍ കാരിശ്ശേരി, നെടുമുടി വേണു, ഡോ. എം.വി. പിള്ള, ദീപന്‍ ശിവരാമന്‍, ഡോ. വി.എസ്. വിജയന്‍ തുടങ്ങി എത്രയെത്രയോ പ്രതിഭാശാലികളില്‍ നിന്ന് ഇപ്പോഴും അകന്ന് നില്‍ക്കുകയാണ് പത്മ പുരസ്‌കാരങ്ങള്‍. പ്രവര്‍ത്തന മേഖലകളില്‍ അസാമാന്യ മികവും സ്വാതന്ത്ര്യ ബോധവും നല്ല ചിന്തകളും ജനാധിപത്യ മൂല്യങ്ങളും ഉയര്‍ത്തിപ്പിടിച്ചവരുടെ പട്ടിക ഇനിയും നീളും.

ചിരഞ്ജീവിക്ക് പത്മവിഭൂഷണ്‍, മിഥുന്‍ ചക്രവര്‍ത്തിക്ക് പത്മഭൂഷണ്‍ എന്ന വാര്‍ത്ത കഴിഞ്ഞ ദിവസം പത്രങ്ങളില്‍ വായിച്ചപ്പോള്‍ ഞാന്‍ ആദ്യം ഓര്‍ത്തത് മമ്മൂട്ടിയെ കുറിച്ചാണ്. 1998 ല്‍ പത്മശ്രീ കിട്ടിയതാണ് മമ്മൂട്ടിക്ക്. കാല്‍ നൂറ്റാണ്ടിനിപ്പുറവും അവിടെ തന്നെ നില്‍ക്കുകയാണ് മമ്മൂട്ടി. അദ്ദേഹത്തിന്റെ സിനിമാ ജീവിതത്തെയോ അഭിനയത്തികവിനെയോ ഞാന്‍ വിസ്തരിക്കേണ്ടതില്ല. ഒരു ഇന്ത്യന്‍ ചലച്ചിത്ര താരത്തെ പത്മഭൂഷണ്‍, പത്മവിഭൂഷണ്‍ ബഹുമതിക്ക് പരിഗണിക്കുന്നു എങ്കില്‍ ആദ്യത്തെ പേരുകാരന്‍ മമ്മൂട്ടിയാണെന്നതില്‍ തര്‍ക്കമില്ല. പി.ഭാസ്‌കരന്‍ മാഷിന്റെയും ഒ.എന്‍.വിയുടേയും സമകാലികനാണ് ശ്രീകുമാരന്‍ തമ്ബി. പത്മ പുരസ്‌ക്കാരത്തിന് എന്നേ അര്‍ഹന്‍. എന്താണ് പുരസ്‌കാര പട്ടികയില്‍ ആ പേരില്ലാത്തത്? രാജ്യം നല്‍കുന്ന ആദരമാണ് പത്മ പുരസ്‌കാരങ്ങള്‍. ഇന്ത്യയെന്ന മനോഹരവും ഗംഭീരവുമായ സങ്കല്‍പ്പത്തെ കൂടുതല്‍ ഉജ്വലമാക്കുന്നതാവണം രാജ്യം നല്‍കുന്ന ആദരം.എല്ലാ പുരസ്‌കാര ജേതാക്കള്‍ക്കും അഭിനന്ദനങ്ങള്‍.

Facebook Comments Box

By admin

Related Post