Kerala NewsLocal NewsNational NewsPolitics

തിരുവനന്തപുരത്ത്‌ നിര്‍മല സീതാരാമന്‍ മത്സരിച്ചേക്കും

Keralanewz.com

തിരുവനന്തപുരം: ബി.ജെ.പി. ഏറെ പ്രതീക്ഷ വയ്‌ക്കുന്ന തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തില്‍ കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമനെ സ്‌ഥാനാര്‍ഥിയാക്കാന്‍ ആലോചന.

ഇക്കാര്യത്തില്‍ ദേശീയ നേതാക്കളില്‍ ധാരണയായിട്ടുണ്ട്‌.
ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള വിജ്‌ഞാപനം അടുത്ത മാസം 20നു പുറത്തിറങ്ങിയേക്കും. ഈ സാഹചര്യത്തില്‍ കേരളത്തില്‍ അടക്കം ബി.ജെ.പി. കേന്ദ്ര നേതൃത്വം സ്‌ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ച സജീവമാക്കി. ദേശീയതലത്തിലാണ്‌ ചര്‍ച്ച. തൃശൂരില്‍ നടന്‍ സുരേഷ്‌ ഗോപിതന്നെ മത്സരിക്കും.
തിരുവനന്തപുരത്തു കേരളത്തിന്റെ ചുമതലയുള്ള പ്രഭാരി പ്രകാശ്‌ ജാവ്‌ദേക്കറിന്റെ നേതൃത്തിലാകും തെരഞ്ഞെടുപ്പ്‌ പ്രവര്‍ത്തനങ്ങള്‍. നിര്‍മലാ സീതാരാമനുവേണ്ടിയുള്ള പ്രാഥമിക വിവരശേഖരണങ്ങള്‍ ബി.ജെ.പി. ദേശീയ നേതൃത്വം നടത്തിയിട്ടുണ്ട്‌. നിര്‍മ്മലയ്‌ക്കുള്ള മികച്ച പ്രതിച്‌ഛായ തിരുവനന്തപുരം തീരത്തു തരംഗമുണ്ടാക്കുമെന്നാണ്‌ പ്രതീക്ഷ.
നിലവില്‍ കേരളത്തിലെ ബി.ജെ.പി. നേതാക്കള്‍ക്കു തിരുവനന്തപുരത്തെ സ്‌ഥാനാര്‍ഥിയുടെ കാര്യത്തില്‍ വ്യക്‌തതയില്ല. അടുത്ത മാസം 12ന്‌ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്‌ ഷാ തിരുവനന്തപുരത്തെത്തും. കേരളത്തിലെ നേതാക്കള്‍ക്ക്‌ അമിത്‌ ഷാ സ്‌ഥാനാര്‍ഥിക്കാര്യത്തില്‍ വ്യക്‌തത വരുത്തുന്ന സൂചനകള്‍ നല്‍കും. മത്സരിക്കണമെന്ന സന്ദേശം നിര്‍മലയ്‌ക്കും കിട്ടിയിട്ടുണ്ട്‌. തമിഴ്‌നാട്ടിലെ മധുരയില്‍ മത്സരിക്കാനും നിര്‍മലയ്‌ക്കു മേല്‍ സമ്മര്‍ദ്ദമുണ്ട്‌. എന്നാല്‍, ഓഖി ദുരന്തകാലത്ത്‌ തിരുവനന്തപുരം തീരത്തിന്റെ മനസില്‍ കയറിയ നിര്‍മലയാണ്‌ തിരുവനന്തപുരത്തെ മികച്ച സ്‌ഥാനാര്‍ഥിയെന്ന നിഗമനത്തിലാണ്‌ കേന്ദ്ര നേതാക്കള്‍. പാര്‍ട്ടിയുടെ ആദ്യ സ്‌ഥാനാര്‍ഥിപ്പട്ടികയില്‍തന്നെ സുരേഷ്‌ ഗോപിയും നിര്‍മ്മലയും ഇടംപടിക്കുമെന്നാണ്‌ വിവരം.

Facebook Comments Box