Kerala NewsLocal NewsPolitics

മൈക്രോഫിനാൻസ് കേസില്‍ ക്രമക്കേടില്ല; വെളളാപ്പള്ളിക്ക് ക്ലീൻ ചിറ്റ് നല്‍കി വിജിലൻസ് റിപ്പോര്‍ട്ട്

Keralanewz.com

തിരുവനന്തപുരം: എസ്.എൻ.ഡി.പി യൂണിയൻ ശാഖകള്‍ വഴി നടത്തിയ മൈക്രോഫിനാൻസ് തട്ടിപ്പ് കേസില്‍ വെള്ളാപ്പള്ളി നടേശന് ക്ലീൻ ചിറ്റ് നല്‍കി വിജിലൻസ്.

വി.എസ്. അച്യുതാനന്ദൻ നല്‍കിയ പരാതിയില്‍ വെള്ളാപ്പള്ളിയെ ഒന്നാം പ്രതിയാക്കി എടുത്ത കേസിലാണ് റിപ്പോർട്ട് നല്‍കിയത്. കേസ് അവസാനിപ്പിക്കുന്നതില്‍ ആക്ഷേപം ഉണ്ടെങ്കില്‍ അറിയിക്കണമെന്ന് കാണിച്ച്‌ തൃശൂർ വിജിലൻസ് കോടതി അച്യുതാനന്ദന് നോട്ടീസ് അയച്ചു.

15 കോടിയിലധികം കോടിയുടെ ക്രമക്കേട് നടന്നുവെന്നായിരുന്നു വിഎസിന്റെ പരാതി. പിന്നോക്ക ക്ഷേമ കോർപ്പറേഷനില്‍ നിന്നെടുത്ത വായ്പ വലിയ പലിശ നിരക്കില്‍ താഴേക്ക് നല്‍കി തട്ടിപ്പ് നടത്തിയെന്നും പരാതിയില്‍ ചൂണ്ടികാട്ടിയിരുന്നു. പ്രാഥമിക അന്വേഷണം നടത്തി ക്രമക്കേട് കണ്ടെത്തിയ വിജിലൻസ് വെള്ളാപ്പള്ളിയെ ഒന്നാം പ്രതിയാക്കി കേസെടുത്തു. സംസ്ഥാനത്തുടനീളം 124 കേസുകളാണ് വിജിലൻസ് അന്വേഷിച്ചത്.

ഹൈക്കോടതി നിർദ്ദേശ പ്രകാരം എറണാകുളം റെയ്ഞ്ച് എസ്പി ഹിമേന്ദ്രനാഥാണ് അന്വേഷണങ്ങള്‍ ഏകോപിച്ചത്. വിജിലൻസ് അന്വേഷിച്ചതില്‍ അഞ്ചുകേസുകളാണ് എഴുതി തളളാൻ തീരുമാനിച്ചത്. മൈക്രോ ഫിനാൻസ് വായ്പകളായി നല്‍കിയ പണം സർക്കാരിലേക്ക് തിരികെ അടച്ചുവെന്നും താഴേതട്ടിലേക്ക് പണം നല്‍കിയതില്‍ ക്രമക്കേട് കണ്ടെത്താനായിട്ടില്ലെന്നുമാണ് വിജിലൻസിൻെറ ഇപ്പോഴത്തെ കണ്ടെത്തല്‍. 54 കേസിലും അന്വേഷണം അന്തിമഘട്ടത്തിലാണ്. ഈ കേസുകളിലും വെള്ളാപ്പള്ളിക്ക് അനുകൂലമായാണ് റിപ്പോർട്ട് എന്നാണ് വിവരം. ഈ റിപ്പോർട്ടുകളും വൈകാതെ കോടതിയിലെത്തും.

അന്വേഷണം അവസാനിപ്പിച്ച നല്‍കിയ റിപ്പോർട്ടില്‍ പരാതിയുണ്ടെങ്കില്‍ അറിയിക്കാൻ ആവശ്യപ്പെട്ട് വി.എസിന് തൃശൂർ വിജിലൻസ് കോടതി നോട്ടീസ് നല്‍കി. മൈക്രോ ഫിൻൻസ് നടത്തിപ്പിൻെറ കോ-ഓഡിനേറ്ററായിരുന്നു മഹേശൻ അന്വേഷണത്തിനിടെ ആത്മഹത്യ ചെയ്തിരുന്നു. സാമ്ബത്തിക ക്രമക്കേടുമായി ബന്ധപ്പെടുത്തി ആത്മഹത്യക്ക് പിന്നില്‍ വെളളപ്പള്ളിക്കും തുഷാറിനുമെതിരെ ആക്ഷേപമുയർന്നിരുന്നു. ഈ ആത്മഹത്യ കേസ് ഇപ്പോള്‍ ക്രൈം ബ്രാഞ്ച് അന്വേഷിക്കുകയാണ്.

Facebook Comments Box