റബറിന് സമാശ്വാസ വില , കേരളാ കോണ്‍ഗ്രസി(എം)ന് ആശ്വാസം, തോമസ് ചാഴികാടനും
കോട്ടയം : റബറിനു വില സ്‌ഥിരതാ ഫണ്ട് പത്ത് രൂപയാണ് ഉയര്‍ത്തിയതെങ്കിലും കേരളാ കോണ്‍ഗ്രസ് (എം)ന് തല്‍ക്കാലിക ആശ്വാസം.
വില സ്‌ഥിരതാ ഫണ്ട് ഉയര്‍ത്തണമെന്ന് നവകേരള സദസില്‍ ആവശ്യപ്പെട്ടതിനു മുഖ്യമന്ത്രിയില്‍ നിന്നും ശകാരം ഏറ്റുവാങ്ങേണ്ടിവന്ന തോമസ് ചാഴികാടനും പിടിച്ചു നില്‍ക്കാം. പാലായില്‍ നടന്ന നവകേരള സദസില്‍ റബറിന്റെ വില സ്‌ഥിരതാ ഫണ്ട് ഉയര്‍ത്തുന്നതുള്‍പ്പടെ തോമസ് ചാഴികാടന്‍ എം.പി. ഉന്നയിച്ച ആവശ്യങ്ങളോടു വേദിയില്‍ പരുഷമായി മുഖ്യമന്ത്രി പ്രതികരിച്ചത് കേരള കോണ്‍ഗ്രസ് (എം)ന് കടുത്ത ആഘാതമാണു സൃഷ്‌ടിച്ചത്. പാര്‍ട്ടി ചെയര്‍മാനായ ജോസ് കെ. മാണിയും പാര്‍ട്ടിയുടെ മന്ത്രി റോഷി അഗസ്‌റ്റിനും വേദിയിലിരിക്കെയാണ് ചാഴികാടന്‍ സ്വാഗതപ്രസംത്തില്‍ നടത്തിയ ആവശ്യങ്ങളോടു ഇഷ്‌ടമില്ലാത്ത രീതിയില്‍ മുഖ്യമന്ത്രി പ്രതികരിച്ചത്. നവകേരള സദസ് എന്താണന്നു സ്വാഗത സംഘത്തിലുള്ളവര്‍ക്കുപോലും അറിയില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ പരാമര്‍ശം.
കേരള കോണ്‍ഗ്രസ് (എം)ന്റെ അതൃപ്‌തി മനസിലാക്കി പിന്നീട് മുഖ്യമന്ത്രി ജോസ് കെ. മാണിയുമായും തോമസ് ചാഴികാടനുമായി സംസാരിച്ചുപ്രശ്‌നം പരിഹരിച്ചെങ്കിലും റബര്‍ വില സ്‌ഥിരതാ ഫണ്ടില്‍ അല്‍പമെങ്കിലും വര്‍ധന വരുത്താതെ മുന്നോട്ട് പോകാന്‍ കഴിയില്ലെന്ന നിലപാടിലായിരുന്നു പാര്‍ട്ടി നേതൃത്വം.റബര്‍ വില വിഷയത്തില്‍ കേരളാ കോണ്‍ഗ്രസ് (എം) പാര്‍ലമെന്ററി പാര്‍ട്ടി മുഖ്യമന്ത്രിക്ക് നേരിട്ട് നിവേദനവും നല്‍കി. ഇതിനു പിന്നാലെയാണ് ബജറ്റില്‍ റബര്‍ വില സ്‌ഥിരതാ ഫണ്ടില്‍ ഉള്‍പ്പെടുത്തി താങ്ങുവില 170 രൂപയില്‍ നിന്നും 180 രൂപയായി ഉയര്‍ത്തിയത്.
മധ്യതിരുവിതാംകൂറിലെ വോട്ട് രാഷ്‌ട്രീയം റബറിന്റേത് കൂടിയാണ്.റബര്‍ വില സ്‌ഥിരതാ ഫണ്ട് കിലോയ്‌ക്ക് 250 രൂപയാക്കുമെന്ന് ഇടതുമുന്നണി പ്രകട പത്രികയില്‍ വാഗ്‌ദാനം ചെയ്‌തിരുന്നു.ഇത് നടപ്പാക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ്‌് പ്രക്ഷോഭം ആരംഭിച്ചിരുന്നു.പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ നില്‍ക്കേ റബര്‍ വില വിഷയം സജീവ ചര്‍ച്ചയായി മാറുകയും ചെയ്‌തു. ഇതില്‍ ഏറെ പ്രതിരോധത്തിലായത് കേരള കോണ്‍ഗ്രസ് (എം) ആണ്. തോമസ് ചാഴികാടന്‍ എം.പി. നവകേരള സദസില്‍ ഉന്നയിച്ച പാലാ സിന്തറ്റിക് ട്രാക്ക നവീകരണം, ചേര്‍പ്പുങ്കല്‍ സമാന്തര പാലത്തിന്റെ നിര്‍മാണം എന്നീ വിഷയങ്ങളിലും പരിഹാരമായി.