മുഖ്യമന്ത്രിക്കെതിരേ രൂക്ഷവിമര്‍ശനവുമായി ഓര്‍ത്തഡോക്‌സ് സഭ , ‘രാഷ്‌ട്രീയ താല്‍പര്യത്തിന് സഭാതര്‍ക്കം ഉപയോഗിക്കുന്നത് ലജ്‌ജാകരം’
കോട്ടയം : യാക്കോബായ വിഭാഗം നടത്തിയ സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ പ്രസംഗത്തിനെതിരേ രൂക്ഷ വിമര്‍ശനവുമായി മലങ്കര ഓര്‍ത്തഡോകസ് സഭ.
യാക്കോബായ സഭയുടെ സമ്മേളനത്തില്‍ പങ്കെടുത്ത് നിയമപരമല്ലാത്ത ആനുകൂല്യങ്ങള്‍ വാഗ്‌ദാനം നല്‍കി കൈയടി വാങ്ങാന്‍ മുഖ്യമന്ത്രി ശ്രമിക്കുകയായിരുന്നെന്ന് സഭാ മാധ്യമ വിഭാഗം പ്രസിഡന്റും കോട്ടയം ഭദ്രാസന മെത്രാപ്പോലീത്തയുമായ യുഹാനോന്‍ മാര്‍ ദിയസ്‌കോറസ്, അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍, സഭാവക്‌താവ് ഫാ. ജോണ്‍സ് എബ്രഹാം കോനാട്ട്, പി.ആര്‍.ഒ: ഫാ. മോഹന്‍ ജോസഫ് എന്നിവര്‍ ആരോപിച്ചു. രാഷ്‌ട്രീയ താല്‍പര്യത്തിനുവേണ്ടി സഭാതര്‍ക്കം ഉപയോഗിക്കുന്നതു ലജ്‌ജാകരമാണെന്നും സഭാനേതൃത്വം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
തര്‍ക്കവിഷയങ്ങളില്‍ നിഷ്‌പക്ഷത പാലിക്കുന്നതിനു പകരം ഒരു വിഭാഗത്തിന്റെ മാത്രം വക്‌താവായി മുഖ്യമന്ത്രി മാറിയത് വേദനാജനകമാണ്. അദ്ദേഹം നടത്തിയത് ഭരണഘടനാ ലംഘനമാണ്. സഭയുടെ സമീപനത്തോടു തികഞ്ഞ അവഗണനയും നിഷേധാത്മക സമീപനവും മുഖ്യമന്ത്രി സ്വീകരിച്ചു. ആട്ടിന്‍തോലിട്ട ചെന്നായ എന്ന പ്രയോഗം ആരെക്കുറിച്ചാണെന്നു മുഖ്യമന്ത്രി വ്യക്‌തമാക്കണമെന്നും യുഹാനോന്‍ മാര്‍ ദിയസ്‌കോറസ് പറഞ്ഞു. രണ്ടു സഭകളായി മാറണമെന്നു പറയാന്‍ മുഖ്യമന്ത്രിക്ക് അവകാശമില്ല. അള മുട്ടിയാല്‍ ചേരയും കടിക്കുമെന്ന് സര്‍ക്കാര്‍ ഓര്‍ക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പൊലീസിനെ ഉപയോഗിച്ചു സര്‍ക്കാര്‍ നടത്തുന്ന അട്ടിമറികളെ സഭ ആശങ്കയോടെയാണു കാണുന്നതെന്നും നിമയത്തിനും സത്യത്തിനും വിരുദ്ധമായി മലങ്കരസഭയെ തര്‍ക്കാന്‍ ആരു ശ്രമിച്ചാലും സഭ ഒറ്റക്കെട്ടായി ചെറുത്തുതോല്‍പ്പിക്കുമെന്നും ഓര്‍ത്തഡോക്‌സ് സഭാ സെക്രട്ടി അഡ്വ. ബിജു ഉമ്മന്‍ പറഞ്ഞു.
സുപ്രീംകോടതി വിധിയിലൂടെ പരിഹരിക്കപ്പെട്ട സഭാവിഷയത്തില്‍ പുതിയ നിയമപ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കാനുള്ള ബോധപൂര്‍വമായ ശ്രമമാണ് കഴിഞ്ഞദിവസം പുത്തന്‍കുരിശില്‍ മുഖ്യമന്ത്രി നടത്തിയ പ്രസംഗത്തില്‍ പ്രകടമാകുന്നത്. നൂറ്റാണ്ടുകള്‍ നീണ്ട നിയമപോരാട്ടത്തിന് അവസാനം കുറിച്ചുകൊണ്ട് സുപ്രീംകോടതി പുറപ്പെടുവിച്ച ഉത്തരവ് നടപ്പാക്കി സമാധാനം സ്‌ഥാപിക്കുന്നതിനു പകരം ഇത്തരം പ്രസ്‌താവനകള്‍ നടത്തുന്നത് പുതിയ തര്‍ക്കങ്ങള്‍ രൂപപ്പെടാനും ക്രമസമാധാനപ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കാനും വീണ്ടും സഭയുടെ ഭാവി നിയമപോരാട്ടങ്ങളിലേക്കു വഴുതി വീഴാനും ഇടയാക്കും. നിയമപരമായി നിലനില്‍പ്പില്ലാത്തവര്‍ക്ക് പുതിയ അസ്‌തിത്വം വാഗ്‌ദാനം ചെയ്‌ത് വഴിവിട്ട സഹായം നല്‍കാന്‍ സര്‍ക്കാര്‍ സന്നദ്ധമാണെന്ന് അറിയിക്കുന്നതിലൂടെ മുഖ്യമന്ത്രി ഭരണഘടനാലംഘനം നടത്തിയിരിക്കുകയാണ്. മുഖ്യമന്ത്രി വിളിച്ചുകൂട്ടിയ യോഗങ്ങളിലെല്ലാം സമാധാനം സ്‌ഥാപിക്കാന്‍ സന്നദ്ധമായിട്ടുള്ള ഓര്‍ത്തഡോക്‌സ് സഭയുടെ സമീപനത്തോട് തികഞ്ഞ അവഗണനയും നിഷേധാത്മക സമീപനവുമാണ് മുഖ്യമന്ത്രി സ്വീകരിച്ചതെന്നും സഭാനേതൃത്വം പറഞ്ഞു.
മലങ്കര മെത്രാപ്പോലീത്ത സ്‌ഥാനം അന്ത്യോഖ്യ പാത്രിയര്‍ക്കിസ് പ്രഖ്യാപിച്ചു എന്നതു വിചിത്രമാണ്. മലങ്കര മക്കള്‍ തെരഞ്ഞെടുത്ത് രാജകീയ വിളംബരത്തിലൂടെ അംഗീകരിക്കപ്പെട്ടിരുന്ന ഈ സ്‌ഥാനം ഇന്നു കൈയാളുന്നതാരാണെന്ന് സുപ്രീം കോടതി ആസന്നിഗ്‌ധമായി പ്രഖ്യാപിച്ചിട്ടുള്ളതാണ്. സന്ദര്‍ശകവിസയില്‍ ഇന്ത്യയിലെത്തിയ ഒരാള്‍ ഈ രാജ്യത്തിന്റെ നിയമവ്യവസ്‌ഥയെ വെല്ലുവിളിക്കുന്ന ആഹ്വാനം പരസ്യമായി നടത്തുന്നത് നിയമലംഘനമാണ്. ഇന്ത്യന്‍ സന്ദര്‍ശനത്തിനിടയില്‍ അദ്ദേഹം നടത്തിയ പ്രസ്‌താവനകളെല്ലാം പ്രകോപനപരവും ഇന്ത്യന്‍ നിയമവ്യവസ്‌ഥിതിയെ അവഹേളിക്കുന്നതുമാണെന്ന് സഭാനേതൃത്വം അഭിപ്രായപ്പെട്ടു