പൂപ്പാറയില്‍ ഒഴിപ്പിച്ചവരെ പുനരധിവസിപ്പിക്കുന്ന കാര്യം പരിശോധിക്കണം: ഹൈക്കോടതി
കൊച്ചി: ഇടുക്കി പൂപ്പാറയില്‍ കൈയറ്റ ഭൂമിയില്‍നിന്ന് ഒഴിപ്പിച്ച ആളുകളെ പുനരധിവസിപ്പിക്കുന്ന കാര്യം പരിശോധിക്കണമെന്ന് ഇടുക്കി ജില്ലാ കലക്‌ടര്‍ക്കു ഹൈക്കോടതിയുടെ നിര്‍ദേശം.
ശാന്തന്‍പാറ പഞ്ചായത്തുമായി കൂടിയാലോചിച്ചു തീരുമാനമെടുക്കാനാണു നിര്‍ദേശം. പൂപ്പാറയില്‍നിന്ന് ഒഴിപ്പിച്ചവരെ പുനരധിവസിപ്പിക്കുന്ന കാര്യത്തില്‍ രണ്ടാഴ്‌ചയ്‌ക്കുള്ളില്‍ റിപ്പോര്‍ട്ട് നല്‍കണമെന്നു ഹൈക്കോടതി ജില്ലാ കലക്‌ടര്‍ക്കു നിര്‍ദേശം നല്‍കി.
“ശാന്തന്‍പാറ പഞ്ചായത്ത് കണ്ടെത്തിയ 75 സെന്റ് സ്‌ഥലം വാസയോഗ്യമാണോയെന്നു പരിശോധിക്കണം. ഇതിനായി ശാന്തന്‍പാറ പഞ്ചായത്ത് സെക്രട്ടറിയുമായി യോഗം ചേര്‍ന്നു റിപ്പോര്‍ട്ട് നല്‍കണം. പന്നിയാര്‍ പുഴയുടെ ഒഴുക്കു തടസപ്പെടുത്തിയുള്ള നിര്‍മാണങ്ങള്‍ ഉടന്‍ പൊളിച്ചുനീക്കണം. കൈയേറ്റ ഭൂമിയിലെ കെട്ടിടങ്ങള്‍ പൊളിച്ചുനീക്കുന്നതിനു മുമ്ബു കോടതിയെ അറിയിക്കണം. ഇപ്പോഴുള്ള കെട്ടിടത്തില്‍നിന്നു വ്യാപാരികളുടെ സാധനങ്ങള്‍ നീക്കം ചെയ്യാന്‍ അനുമതി നല്‍കണം”-ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു. ശാന്തന്‍പാറ പഞ്ചായത്ത് സെക്രട്ടറിയെ സ്വമേധയാ കക്ഷിചേര്‍ത്ത ഹൈക്കോടതി ഹര്‍ജി പിന്നീടു പരിഗണിക്കാന്‍ മാറ്റി. കോടതിവിധി നിരുത്സാഹപ്പെടുത്തുന്നതാണെന്നു വ്യാപാരികള്‍ പ്രതികരിച്ചു.
റവന്യു വകുപ്പ് കണ്ടെത്തിയ വ്യാപാര സ്‌ഥാപനങ്ങളും വീടുകളും ഉള്‍പ്പെടെ പൂപ്പാറയിലെ 56 കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാനാണ് ഹൈക്കോടതി ഉത്തരവിട്ടിരുന്നത്. അമിക്കസ്‌ക്യൂറി മുഖേന ജില്ലാ കലക്‌ടര്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ പശ്‌ചാത്തലത്തിലായിരുന്നു കോടതി ഉത്തരവ്.