National NewsPolitics

കോണ്‍ഗ്രസിന് ആശ്വാസം; മരവിപ്പിച്ച ബാങ്ക് അക്കൗണ്ടുകള്‍ പുനഃസ്ഥാപിച്ചു

Keralanewz.com

ന്യുഡല്‍ഹി: ആദായ നികുതി വകുപ്പ് മരവിപ്പിച്ച കോണ്‍ഗ്രസിന്റെയും യൂത്ത് കോണ്‍ഗ്രസിന്റെയും ബാങ്ക് അക്കൗണ്ടുകള്‍ പുനഃസ്ഥാപിച്ചു.

പൊതുതിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ വന്നു നില്‍ക്കുമ്ബോള്‍ മുഖ്യപ്രതിപക്ഷമായ കോണ്‍ഗ്രസിന്റെ നാല് ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ച നടപടി പാര്‍ട്ടിക്ക് വലിയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. എന്നാല്‍ ആദായ നികുതി വകുപ്പിന്റെ അപ്പല്ലേറ്റ് ട്രിബ്യുണല്‍ അക്കൗണ്ടുകള്‍ പുനഃസ്ഥാപിക്കുകയായിരുന്നു.

അക്കൗണ്ട് മരവിപ്പിച്ച നടപടിയില്‍ ശക്തമായ പ്രതിഷേധവുമായി കോണ്‍ഗ്രസ് ട്രഷറര്‍ അജയ് മാക്കന്‍ രംഗത്തെത്തിയതിനു പിന്നാലെയാണ് അക്കൗണ്ടുകള്‍ തുറന്നുകൊടുത്തത്. 2018-19 വര്‍ഷത്തെ ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതില്‍ വന്ന കാലതാമസം ചൂണ്ടിക്കാട്ടിയായിരുന്നു അക്കൗണ്ടുകള്‍ മരവിപ്പിച്ചത്. 210 കോടി റിട്ടേണ്‍ അടയ്ക്കാന്‍ കോണ്‍ഗ്രസിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

എന്നാല്‍ അക്കൗണ്ടുകള്‍ മരവിപ്പിക്കുന്നത് മുന്‍കൂട്ടി അറിയിച്ചിരുന്നില്ലെന്നും ഇന്നലെ ചെക്കുകള്‍ മാറാന്‍ ശ്രമിച്ചപ്പോഴാണ് അറിഞ്ഞതെന്നും അജയ് മാക്കന്‍ പ്രതികരിച്ചു. ജനാധിപത്യത്തിലെ കറുത്ത ദിനമാണിതെന്നും പാര്‍ട്ടി തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ നടത്തുന്നതിനിടെ ഉണ്ടായ ഈ നീക്കം രാഷ്ട്രീയ ലക്ഷ്യം വച്ചുള്ളതാണെന്നും അജയ് മാക്കന്‍ ആരോപിച്ചു. ഇത്തരത്തില്‍ ഏകകക്ഷി ഭരണമാണ് നടക്കുന്നതെങ്കില്‍ ജനാധിപത്യം നിലനില്‍ക്കില്ല. പ്രതിപക്ഷ പാര്‍ട്ടിയെ അടിമപ്പെടുത്താനാണ് ശ്രമം. നീതിപീഠത്തില്‍ നിന്നും മാധ്യമങ്ങളില്‍ നിന്നും ജനങ്ങളില്‍ നിന്നും നീതി തേടുകയാണ് തങ്ങളെന്നും അദ്ദേഹം പറഞ്ഞു.

Facebook Comments Box