Kerala NewsLocal NewsPolitics

കേരളത്തിന്റെ പങ്ക്‌ ഓര്‍മിപ്പിച്ച്‌ മുഖ്യമന്ത്രി

Keralanewz.com

തിരുവനന്തപുരം: ബഹിരാകാശ രംഗത്ത്‌ രാജ്യം കൈവരിച്ച നേട്ടങ്ങള്‍ക്ക്‌ പിന്നിലെ കേരളത്തിന്റെ സംഭാവനകള്‍ പ്രധാനമന്ത്രിയുടെ സാന്നിധ്യത്തില്‍ എണ്ണിപ്പറഞ്ഞ്‌ മുഖ്യമന്ത്രി പിണറായി വിജയന്‍.

ബഹിരാകാശ ഗവേഷണത്തെ തുടക്കം മുതല്‍ക്കുതന്നെ സഹായിക്കാന്‍ കഴിഞ്ഞിട്ടുള്ള സംസ്‌ഥാനം എന്ന നിലയ്‌ക്ക്‌ കേരളത്തിനു ഇത്‌ അഭിമാനകരമായ നിമിഷമാണെന്ന്‌ അദ്ദേഹം പറഞ്ഞു.
ഇതുപോലെ ഒരു ചടങ്ങില്‍ നില്‍ക്കുമ്ബോള്‍ ആറു ദശാബ്‌ദം മുമ്ബ്‌ ഇന്ത്യന്‍ ബഹിരാകാശ ഗവേഷണം എന്ന ആശയവുമായി സംസ്‌ഥാന സര്‍ക്കാരിനെ സമീപിച്ച ഡോക്‌ടര്‍ വിക്രം സാരാഭായിയെ ഓര്‍ക്കാതിരിക്കാന്‍ കഴിയില്ലെന്ന്‌ പിണറായി ചൂണ്ടിക്കാട്ടി. അതേസമയം തന്നെ തുമ്ബ എന്ന ഈ ചെറിയ ഗ്രാമത്തില്‍ അതിനായി സ്‌ഥലം ലഭ്യമാക്കിയ ഇവിടുത്തെ ജനങ്ങളെയും അവര്‍ക്ക്‌ ധീരമായ നേതൃത്വം നല്‍കിയ ബിഷപ്‌ പെരേരയെ പോലുള്ള സഭാ നേതാക്കളെയും നന്ദിയോടെ സ്‌മരിക്കാതിരിക്കാനും ആവില്ല.
ഗഗന്‍യാന്‍ ബഹിരാകാശ പേടകത്തിന്റെ നിര്‍മ്മാണത്തിന്‌ വലിയ മുതല്‍ക്കൂട്ടാകും വി.എസ്‌.എസ്‌.സിയിലെ ട്രൈസോണിക്‌ വിന്‍ഡ്‌ ടണലും മഹേന്ദ്ര ഗിരിയിലെ സെമി ക്രയോജെനിക്‌ ഇന്റഗ്രേറ്റഡ്‌ എന്‍ജിന്‍ ആന്‍ഡ്‌ സ്‌റ്റേജ്‌ ടെസ്‌റ്റ്‌ ഫെസിലിറ്റിയും ശ്രീഹരിക്കോട്ടയിലെ പി.എസ്‌. ല്‍.വി. ഇന്റഗ്രേഷന്‍ ഫെസിലിറ്റിയും. ഈ മൂന്ന്‌ സംവിധാനങ്ങളും മൂന്ന്‌ സംസ്‌ഥാനങ്ങളിലായാണ്‌ നിലകൊള്ളുന്നത്‌. എന്നാല്‍ ഇവ രാജ്യത്തിന്റെ പൊതുവായ മുന്നേറ്റത്തിനാണു വഴിവയ്‌ക്കുക. ആ നിലയ്‌ക്ക്‌ രാഷ്‌ട്ര പുരോഗതിക്ക്‌ സംസ്‌ഥാനങ്ങള്‍ നല്‍കുന്ന വലിയ സംഭാവനയുടെ ദൃഷ്‌ടാന്തം കൂടിയാവുകയാണെന്നും അദ്ദേഹം പറഞ്ഞു.

Facebook Comments Box