National NewsPolitics

കര്‍ണാടകാ വിധാന്‍സഭയില്‍ പാകിസ്താന്‍ അനുകൂല മുദ്രാവാക്യമെന്ന് ബിജെപി ; ആരോപണം തെളിഞ്ഞാല്‍ കര്‍ശന നടപടി

Keralanewz.com

രാജ്യസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ പാകിസ്താന്‍ അനുകൂല മുദ്രാവാക്യം വിളിച്ചെന്ന് ആരോപിച്ച്‌ ബിജെപി പ്രതിഷേധിച്ച സംഭവത്തില്‍ പ്രതികരണവുമായി കര്‍ണാടകാ മുഖ്യമന്ത്രി സിദ്ധരാമയ്യ.

ബിജെപി ഉയര്‍ത്തുന്ന ആരോപണങ്ങള്‍ ശരിയാണെന്ന് തെളിഞ്ഞാല്‍ കര്‍ശന നടപടിയെടുക്കുമെന്നും പറഞ്ഞു. രാജ്യസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ പാകിസ്ഥാന്‍ സിന്ദാബാദ്’ മുദ്രാവാക്യം വിളിച്ചെന്ന് ആരോപിച്ച്‌ കര്‍ണാടക നിയമസഭയ്ക്ക് പുറത്ത് ബിജെപി പ്രതിഷേധ പ്രകടനം നടത്തിയിരുന്നു.

വിധാന സൗധ പോലീസ് സ്റ്റേഷനില്‍ ബി.ജെ.പി ഔപചാരികമായി പരാതി നല്‍കിയെങ്കിലും സംഭവത്തില്‍ ചൊവ്വാഴ്ച രാത്രി ബെംഗളൂരു സിറ്റി പോലീസ് സ്വമേധയാ കേസെടുത്ത് മണിക്കൂറുകള്‍ക്ക് ശേഷമാണ് സിദ്ധരാമയ്യയുടെ പ്രസ്താവന. ”സംഭവം സംപ്രേഷണം ചെയ്ത ടിവി ചാനലുകളില്‍ നിന്ന് പോലീസ് വീഡിയോ ദൃശ്യങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. കൂടുതല്‍ അന്വേഷണത്തിനായി ഇത് ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയിലേക്ക് (എഫ്‌എസ്‌എല്‍) അയച്ചതായി അദ്ദേഹം പറഞ്ഞു.

രാജ്യസഭാ തെരഞ്ഞെടുപ്പില്‍ തങ്ങളുടെ സ്ഥാനാര്‍ത്ഥി സയ്യിദ് നസീര്‍ ഹുസൈന്‍ വിജയിച്ചതിന് പിന്നാലെ ചൊവ്വാഴ്ച കോണ്‍ഗ്രസ് അനുഭാവികള്‍ പാകിസ്താന്‍ സി്ന്ദാബാദ് വിളിച്ചതെന്നാണ് ആരോപണം. ഇത്തരമൊരു മുദ്രാവാക്യം ഉയര്‍ത്തിയതായി എഫ്‌എസ്‌എല്‍ റിപ്പോര്‍ട്ടില്‍ തെളിഞ്ഞാല്‍ നടപടിയെടുക്കുമെന്നും പാക് അനുകൂല മുദ്രാവാക്യം വിളിച്ചവരെ സംരക്ഷിക്കുന്ന പ്രശ്നമില്ലെന്നും ബുധനാഴ്ച വിധാന സൗധയില്‍ സിദ്ധരാമയ്യ പറഞ്ഞു. രാജ്യത്തിനെതിരെ മുദ്രാവാക്യം വിളിച്ചവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം ആരോപണം അടിസ്ഥാനരഹിതമാണെന്നാണ് ഹുസൈന്‍ പറയുന്നത്. തന്റെ അനുയായികളില്‍ ചിലര്‍ ‘നസീര്‍ സാബ് സിന്ദാബാദ്’ മുദ്രാവാക്യം വിളിച്ചതായി പറഞ്ഞു. ”ഞാന്‍ ആ ആളുകളുടെ നടുവിലായിരുന്നു, അത്തരം മുദ്രാവാക്യങ്ങളൊന്നും കേട്ടിട്ടില്ല. പോലീസ് ഇക്കാര്യം അന്വേഷിക്കട്ടെ, ”അദ്ദേഹം പറഞ്ഞു.

Facebook Comments Box