Thu. May 9th, 2024

മൂന്ന് ബില്ലുകള്‍ രാഷ്ട്രപതി തടഞ്ഞുവച്ചിരിക്കുന്നുവെന്ന് രാജ്ഭവന്‍

By admin Feb 29, 2024
Keralanewz.com

തിരുവനന്തപുരം: ഗവര്‍ണര്‍ രാഷ്ട്രപതിക്ക് അയച്ച ബില്ലുകള്‍ രാഷ്ട്രപതി അംഗീകരിച്ചുവെന്ന റിപ്പോര്‍ട്ട് നിഷേധിച്ച്‌ രാജ്ഭവന്‍.

രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയച്ച നാല് ബില്ലുകളില്‍ ഒരെണ്ണം മാത്രമാണ് രാഷ്ട്രപതി അംഗീകരിച്ചിരിക്കുന്നത്. മൂന്നെണ്ണം ‘വിത്ത്‌ഹെല്‍ഡ്’ (പിടിച്ചുവച്ചിരിക്കുക) ചെയ്തിരിക്കുകയാണെന്നും രാജ്ഭവന്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.

ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്തുനിന്ന് നീക്കുന്നതിന് കൊണ്ടുവന്ന കേരള സര്‍വകലാശാല ലോ ബില്‍ 2022, സര്‍വകലാശാല നിയമ ഭേദഗതി ബില്‍ 2022 (സേര്‍ച് കമ്മിറ്റി ഘടന മാറ്റുന്നതിനുള്ളത്), സര്‍വകലാശാലാ നിയമ ഭേദഗതി ബില്‍ 2021 (സാങ്കേതിക സര്‍വകലാശാലയുമായി ബന്ധപ്പെട്ടത്) എന്നിവ തടഞ്ഞുവച്ചിരിക്കുകയാണെന്ന് രാജ്ഭവന്‍ വ്യക്തമാക്കി. ലോകയുക്ത ഭേദഗതി ബില്ലിന് മാത്രമാണ് നിലവില്‍ അംഗീകാരം നല്‍കിയിരിക്കുന്നത്.

ലോകായുക്ത ബില്ലിന് രാഷ്ട്രപതി അംഗീകാരം നല്‍കിയതോടെ ഗവര്‍ണര്‍-സര്‍ക്കാര്‍ പോരില്‍ സര്‍ക്കാരിന് വിജയമെന്ന നിലയില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഈ ഘട്ടത്തിലാണ് രാജ്ഭവന്റെ വിശദീകരണക്കുറിപ്പ് വരുന്നത്. സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ ഏറ്റവും രൂക്ഷമായ ഏറ്റുമുട്ടല്‍ നടന്ന സര്‍വകലാശാലയുമായി ബന്ധപ്പെട്ട വിഷയങ്ങളിലാണ്.

Facebook Comments Box

By admin

Related Post