Sun. Apr 28th, 2024

കേരളാ കോൺഗ്രസ് യുഡിഎഫിനെ ചതിച്ചോ?കോൺഗ്രസ് നേതാക്കൾ പറയുന്ന വാദങ്ങളിൽ കഴമ്പുണ്ടോ?

Keralanewz.com

കോട്ടയം :

ലോക്സഭ ഇലക്ഷൻ അടുത്തപ്പോൾ തുടങ്ങിയതാണ് കോൺഗ്രസ് കാരുടെ വിലാപം, നേതാവെന്നോ അണിയെന്നോ വ്യത്യാസമില്ല.ആരാരെയാണ് ചതിച്ചത് ?39 വർഷക്കാലം യുഡിഎഫിന്റെ ഭാഗമായി നിന്ന് യുഡിഎഫിന്റെ വളർച്ചയ്ക്ക് സഹായിച്ച കെഎം മാണി സാറിനെ ബാർകോഴയിൽ കുടുക്കിയത് ആരാണ് ?കോൺഗ്രസ് നേതാവ് അടൂർ പ്രകാശിന്റെ ബന്ധുവായ ബിജു രമേശും ഉമ്മൻ ചാണ്ടിയുടെ വാലായ മനോരമയും കൂടി പൊറോട്ടു നാടകം നടത്തി ആരോപണമുണ്ടാക്കി കെഎം മാണിയെ കോഴ മാണിയാക്കി അപമാനിച്ചു മന്ത്രിസഭയിൽ നിന്ന് പുറത്താക്കി.ആര് കൊടുത്തെന്നോ ആർക്കു കൊടുത്തെന്നോ എത്ര കൊടുത്തെന്നോ വ്യക്തമല്ലാത്ത, പിതാവില്ലാത്ത ആരോപണം ഉയർത്തിയ ബിജു രമേശിന്റെ ചാനൽ ചർച്ചയിലെ പ്രസ്താവനയുടെ അടിസ്ഥാനത്തിൽ എഫ്ഐ ആറും ക്വിക്ക് വേരിഫിക്കേഷനും നടത്തിയ രമേശ് ചെന്നിത്തല, താൻ കെ ബാബുവിനും ,രമേശ് ചെന്നിത്തലയുടെ ഓഫീസിലും പണം എത്തിച്ചു എന്നുപറഞ്ഞിട്ട് ഒരു അന്വേഷണവും നടത്താൻ ചെന്നിത്തല തയ്യാറായില്ല.പ്രതിപക്ഷ കക്ഷികൾ പോലും മാണിക്കെതിരെ ആരോപണം ഉന്നയിക്കാതിരുന്നപ്പോൾ , കോൺഗ്രസ് നേതാക്കന്മാരും യൂത്ത് കോൺഗ്രസുമാണ് മാണി മാണിക്കെതിരെ ആദ്യം യുദ്ധം പ്രഖ്യാപിച്ചത്.കിട്ടിയ അവസരം മുതലാക്കുക എന്നത് പ്രതിപക്ഷ ധർമ്മം ആണെന്ന് കോൺഗ്രസുകാരെ പ്രത്യേകം പറഞ്ഞു ബോധ്യപ്പെടുത്തേണ്ടതുണ്ടോ ?പ്രതിപക്ഷ നേതാവായ വിഎസ് അച്യുതാനന്ദൻ സഭയിൽ ആരോപണം ഉന്നയിച്ചപ്പോൾ തന്നെ രണ്ടാമത് ഒന്ന് ആലോചിക്കാതെ മാണിക്കെതിരെ ചെന്നിത്തല അന്വേഷണം പ്രഖ്യാപിച്ചത് ഉമ്മൻചാണ്ടിയുടെ മനസ്സറിവോടെ തന്നെയാണെന്ന് അരിയാഹാരം കഴിക്കുന്നവർക്ക് മനസ്സിലാക്കാൻ വലിയ ബുദ്ധിമുട്ടൊന്നുമില്ല.
അഞ്ചുവർഷം കൂടുമ്പോൾ മുന്നണിയെ മാറി അധികാരത്തിലേറ്റുന്ന കീഴ് വഴക്കമുള്ള കേരളത്തിൽ കേരള കോൺഗ്രസിനെ ഒഴിവാക്കി ഭരണം പിടിക്കാം എന്നുള്ള അതിമോഹവുമായി കോട്ടയം ജില്ലയിലുള്ള അധികാരമോഹികളായ മുഴുവൻ കോൺഗ്രസ് നേതാക്കളും ഒരുമിച്ചു കൂടിയപ്പോൾ എങ്ങനെയെങ്കിലും മാണിയുടെ കാലശേഷം പാർട്ടി പിടിച്ചടക്കണമെന്ന് വ്യാമോഹവുമായി നടന്ന ജോസഫും കൂട്ടരും മാണിക്കെതിരെ കോൺഗ്രസിനൊപ്പം അണിചേർന്നു.അതിന്റെ ഭാഗമായാണ് കോട്ടയം പാർലമെൻറ് മണ്ഡലത്തിൽ ആയിരം പ്രവർത്തകർ തികച്ചില്ലാത്ത ജോസഫ് ഗ്രൂപ്പ് ലോക്സഭാ സീറ്റിനായിഅവകാശവാദം ഉന്നയിച്ചത്.ഗുരുതരമായ രോഗം ബാധിച്ച് ഹോസ്പിറ്റലിലായിരുന്ന മാണി സാറിന്റെ അഭാവത്തിൽ ജോസ് കെ മാണിയെ സമ്മർദ്ദത്തിൽ ആക്കി കോട്ടയം സീറ്റ് നേടിയെടുക്കുക എന്നതായിരുന്നു ജോസഫിന്റെയും കോൺഗ്രസിന്റെയും തന്ത്രം .എന്നാൽ അവസരത്തിനൊത്തുയർന്ന കേരള കോൺഗ്രസ് പ്രവർത്തകർ വളരെ ശക്തമായി ജോസഫിനെതിരെ രംഗത്തു വരികയും തോമസ് ചാഴികാടനെ കോട്ടയത്ത് സ്ഥാനാർത്ഥിയാക്കുകയും ആയിരുന്നു.
തക്കംപാർത്തിരുന്ന ജോസഫും സംഘവും മാണിയുടെ മരണശേഷം വീണ്ടും പാർട്ടി പിടിക്കാനുള്ള കരുക്കൾ നീക്കി. പാലാ ബൈ ഇലക്ഷനിൽ കെ എം.മാണിയുടെ കുടുംബത്തിൽ നിന്നും ആരും മത്സരിക്കരുത് എന്ന വാശിയുമായി ജോസഫും കൂട്ടരുംരംഗത്തെത്തുകയും കോൺഗ്രസ് അതിന് പൂർണ്ണ പിന്തുണ നൽകുകയും ചെയ്തു.ഇന്ത്യയിൽ നടന്നിട്ടുള്ള എല്ലാ ഉപതിരഞ്ഞെടുപ്പുകളിലും മരിച്ച സ്ഥാനാർത്ഥിയുടെ കുടുംബത്തിൽ നിന്നും അടുത്ത സ്ഥാനാർത്ഥിയെ മത്സരിപ്പിച്ചപ്പോൾ പാലായിൽ മാത്രം കോൺഗ്രസ് ശക്തമായി എതിരു നിന്നു .പിന്നീട് നിന്ന സ്ഥാനാർത്ഥിയായ ജോസ് ടോമിന് പാർട്ടി ചിഹ്നം അനുവദിക്കാൻ പോലും വർക്കിംഗ് ചെയർമാനായ പി ജെ ജോസഫ് തയ്യാറായില്ല.ചിഹ്നം വാങ്ങി നൽകുന്നതിന് കോൺഗ്രസും ശ്രമിച്ചില്ല.പിന്നീട് ഇലക്ഷന്റെ നിയന്ത്രണം ഏറ്റെടുത്ത കോൺഗ്രസ് വളരെ വിദഗ്ധമായി കരുക്കൾ നീക്കുകയും ജോസ് ടോമിനെ കാലുവാരി തോൽപ്പിക്കുകയും ചെയ്തു.ഇതുകൊണ്ടൊന്നും തൃപ്തിയാകാത്ത ജോസഫും കോൺഗ്രസും പിന്നീട് കണ്ണു വെച്ചത് കോട്ടയം ജില്ലാ പഞ്ചായത്തിൽ ആണ് .ഭരണസമിതി രൂപീകരിച്ചപ്പോൾ ഉള്ള എഗ്രിമെൻറ് പ്രകാരം പ്രസിഡണ്ട് സ്ഥാനം കൊടുക്കേണ്ടത് സെബാസ്റ്റ്യൻ കൊളുത്തുങ്കലിന് ആയിരുന്നു ,എന്നാൽ ജോസഫിന്റെ കുതന്ത്രങ്ങൾക്ക് ജോസഫ് കുളത്തിങ്കൽ കൂട്ടുനിൽക്കില്ല എന്ന് വ്യക്തമായപ്പോൾ അജിത്ത് മുതിര മലയെയും മേരി സെബാസ്റ്റ്യനെയും സ്വാധീനിച്ച് കോൺഗ്രസിന്റെ സഹായത്തോടെ ജില്ലാ പ്രസിഡണ്ട് സ്ഥാനം പിടിച്ചെടുക്കാൻ ശ്രമിച്ചു.എന്നാൽ സെബാസ്റ്റ്യൻ കൊളത്തങ്കലിനു കൊടുത്ത വാക്ക് തെറ്റിക്കാൻ തയ്യാറാകാത്ത കേരള കോൺഗ്രസ് നേതൃത്വം യുഡിഎഫിന്റെ സമ്മർദ്ദ തന്ത്രങ്ങൾക്ക് വഴങ്ങാതിരിക്കുകയും സെബാസ്റ്റ്യൻ കുളത്തിങ്കലിനെ തന്നെ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടായി പ്രഖ്യാപിക്കുകയും ചെയ്തു.
യുഡിഎഫിന്റെ സമ്മർദ്ദ തന്ത്രങ്ങൾക്ക് വഴങ്ങാതിരുന്ന കേരള കോൺഗ്രസിനെ ബെന്നി ബഹനാനും രമേശ് ചെന്നിത്തലയും കൂടി യുഡിഎഫിൽ നിന്നും പുറത്താക്കുകയായിരുന്നു.
മറ്റൊരു നിവൃത്തിയുമില്ലാതെ കേരള കോൺഗ്രസ് ,യുഡിഎഫിന് വഴങ്ങും എന്ന് കരുതിയ കോൺഗ്രസിന്റെ എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ച് കേരള കോൺഗ്രസ് എൽഡിഎഫിൽ ചേർന്നത് കോൺഗ്രസ് നേതൃത്വത്തെഅക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു കളഞ്ഞു.പിന്നീട് നടന്ന ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിലും അസംബ്ലി ഇലക്ഷനിലും യുഡിഎഫിനെ ബഹുകാതം പിന്തള്ളിക്കൊണ്ട് എൽഡിഎഫ് അധികാരത്തിലേറി .
സ്വന്തം തെറ്റ് തിരിച്ചറിയാൻ ശ്രമിക്കാത്ത കോൺഗ്രസ് ഇന്നും കേരള കോൺഗ്രസ് യുഡിഎഫിനെ ചതിച്ച് ചാടിപ്പോയി എന്ന് വിലപിക്കുന്നു.കോൺഗ്രസിന്റെ മാത്രം വോട്ട് കൊണ്ടാണ് ചാഴികാടൻ ജയിച്ചത് എന്ന് പറയുന്നു.ഒരു കോട്ടയത്ത് കോൺഗ്രസുകാർ കേരള കോൺഗ്രസിന് വോട്ട് ചെയ്തെങ്കിൽ,ബാക്കി 19 മണ്ഡലങ്ങളിലും കേരള കോൺഗ്രസ് തിരിച്ച് കോൺഗ്രസിനും വോട്ട് ചെയ്തിട്ടുണ്ട്.കോട്ടയത്ത് ഒറ്റക്ക് ജയിക്കാൻ മാത്രം വോട്ടുള്ള കോൺഗ്രസ് എന്തുകൊണ്ട് സ്വന്തമായി 1000 വോട്ട് പോലുമില്ലാത്ത ജോസഫ് ഗ്രൂപ്പിന് സീറ്റ് കൊടുത്തു എന്നും പൊതുജനം തിരിച്ചറിയേണ്ടതുണ്ട്.കേരള കോൺഗ്രസിനോടുളള അന്ധമായ രാഷ്ട്രീയ വിരോധം സ്വന്തം നിലനിൽപ്പിനെയാണ് ബാധിച്ചിരിക്കുന്നത് എന്ന് ഇനിയെങ്കിലും കോൺഗ്രസ് നേതൃത്വം തിരിച്ചറിയണം.ഇന്ത്യയിൽ ഒറ്റയ്ക്ക് ഭരിച്ചിരുന്ന കോൺഗ്രസ് ഇന്ന് ഈ രീതിയിൽ തകർന്നടിഞ്ഞതിനുള്ള കാരണം എന്താണെന്നും ഒരു ആത്മ പരിശോധന നടത്തേണ്ടതാണ്.

Facebook Comments Box

By admin

Related Post