വിശാഖപട്ടണം: ഏകദേശം 14 പേരുടെ മരണത്തിന് ഇടയാക്കി കഴിഞ്ഞവര്‍ഷം ഒക്‌ടോബറില്‍ ആന്ധ്രാപ്രദേശില്‍ നടന്ന ട്രെയിന്‍ ദുരന്തത്തിന് കാരണമായത് ലോക്കോപൈലറ്റുമാരുടെ ക്രിക്കറ്റ് കാഴ്ച.
അപകടത്തിലേക്ക് ട്രെയിന്‍ നീങ്ങുമ്ബോള്‍ രണ്ടു ഡ്രൈവര്‍മാരും തങ്ങളുടെ ഫോണില്‍ ക്രിക്കറ്റ്കളി കണ്ടുകൊണ്ടിരിക്കുകയായിരുന്നെന്ന് റെയില്‍വേമന്ത്രി അശ്വിനികുമാര്‍ വൈഷ്ണവാണ് വ്യക്തമാക്കിയിരിക്കുന്നത്. റെയില്‍വേയുടെ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയത്തില്‍ ന്യൂഡല്‍ഹിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
യാത്രക്കാരുടെ സുരക്ഷ റെയില്‍വേയ്ക്ക് പ്രതിജ്ഞാബദ്ധമാണെന്നും ഇത്തരം അപകടങ്ങളുടെ വേരുകള്‍ തേടിപ്പോകുന്നത് ഭാവിയില്‍ അത്തരത്തിലുള്ള അപകടങ്ങള്‍ കൂറയ്ക്കാന്‍ വേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു. കണ്ടപ്പള്ളിയ്ക്കും അലമാണ്ടയ്ക്കും ഇടയില്‍ വെച്ച് സിഗ്നല്‍ ശ്രദ്ധിക്കാതെ മുമ്ബോട്ട് പോയ വിശാഖപട്ടണം – റയാഗാഡ പാസഞ്ചര്‍ ട്രെയിന്‍ വേഗത കുറകയ്ക്കുകയായിരുന്ന വിശാഖപട്ടണം – പലാസാ പാസഞ്ചര്‍ ട്രെയിനുമായി കൂട്ടിയിടിക്കുകയായിരുന്നു. റായഗാഡ ട്രെയിന്റെ ഡ്രൈവര്‍, അദ്ദേഹത്തിന്റെ അസിസ്റ്റന്റ്, പലാസാ ട്രെയിന്റെ ഗാര്‍ഡ് എന്നിവരെല്ലാം കൊല്ലപ്പെട്ടു. 50 പേര്‍ക്ക് പരിക്കുമേറ്റിരുന്നു.
സംഭവത്തില്‍ അന്നുതന്നെ മനുഷ്യത്വപരമായ തെറ്റുകളാണ് ഉണ്ടായിരിക്കുന്നതെന്ന് റെയില്‍േവേ അധികൃതര്‍ സംശയിച്ചിരുന്നു. മറ്റു സാധ്യതകള്‍ തള്ളുകയും ചെയ്തിരുന്നു. രണ്ട് ഓട്ടോമാറ്റിക് സിഗ്നലുകള്‍ റായാഗാഡ ട്രെയിന്‍ ഡ്രൈവര്‍ അഗവണിച്ചെന്നും സുരക്ഷാ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ തെറ്റിക്കുകയും ചെയ്തതായി പ്രാഥമികാന്വേഷണത്തില്‍ തെളിഞ്ഞിരുന്നു. കൂട്ടിയിടിക്ക് തൊട്ടുമുമ്ബ് പെട്ടെന്ന ബ്രേക്ക് ഇട്ടതിനാല്‍ ആള്‍ക്കാര്‍ക്ക് വലിയ കുലുക്കമുണ്ടായതായും ആള്‍ക്കാര്‍ പറഞ്ഞു. 80 കിലോമീറ്റര്‍ സ്പീഡ് പരിധിയില്‍ ആയിരുന്നു റയാഗാഡ ട്രെയിന്‍ സഞ്ചരിച്ചത്.
അപകടത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഒരു സമിതിയെ നിയോഗിച്ചിട്ടുണ്ട്. അവര്‍ ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നാണ് കരുതുന്നത്. കഴിഞ്ഞ ജൂണ്‍ മുതല്‍ മൂന്നാമത്തെ വലിയ അപകടമായിരുന്നു ഇത്. ജൂണ്‍ 2 ന് ഒഡീഷയിലെ ബാലസോറില്‍ കൊറോമാണ്ഡല്‍ എക്‌സ്പ്രസ് തകര്‍ന്നതിനെ തുടര്‍ന്ന് 296 പേര്‍ക്ക് ജീവന്‍ നഷ്ടമാകുകയും 1,200 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഒക്‌ടോബര്‍ 11 ന് ഡല്‍ഹി കാംഖ്യാ നോര്‍ത്തീസ്റ്റ് എക്‌സ്പ്രസ് ബീഹാറിലെ ബക്‌സറില്‍ പാളം തെറ്റി അഞ്ചുപേര്‍ മരിക്കുകയും 30 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.