Sun. May 19th, 2024

ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌ക്കാരത്തില്‍ വന്‍ പ്രതിഷേധം ; കോഴിക്കോട് ഗണേശ്കുമാറിന്റെ കോലം കത്തിച്ചു

By admin Mar 7, 2024
Keralanewz.com

കോഴിക്കോട് : സംസ്ഥാനത്ത് ഇന്ന് മുതല്‍ നടക്കുന്ന ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌ക്കാരത്തില്‍ പലയിടത്തും വന്‍ പ്രതിഷേധം.

കോഴിക്കോട് ഗതാഗതമന്ത്രി ഗണേശ്കുമാറിന്റെ കോലം കത്തിച്ചപ്പോള്‍ മലപ്പുറത്ത് ഉദ്യോഗസ്ഥരെ തടയാന്‍ ശ്രമിച്ചതിന് നാലുപേരെ കസ്റ്റഡിയില്‍ എടുത്തു. വലിയ പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തില്‍ നിലപാടില്‍ ഗതാഗതമന്ത്രി അയവ് വരുത്താന്‍ നിര്‍ദേശിച്ചു്.

ടെസ്റ്റ് 50 പേര്‍ക്കായി ചുരുക്കിയുള്ള പുതിയ പരിഷ്‌ക്കാരമാണ് വിവാദമായി മാറിയത്. ഇന്നലെ ചേര്‍ന്ന യോഗത്തിന്റെ തീരുമാനം ഉദ്യോഗസ്ഥ തലത്തിലേക്ക് എത്താന്‍ വൈകിയതാണ് പ്രശ്‌നമായി മാറിയിട്ടുള്ളത്. പലയിടത്തും ഡ്രൈവിംഗ് സ്‌കൂള്‍ നടത്തിപ്പുകാരും ടെസ്റ്റിനുവന്നവരും മോട്ടോര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥരുമായി തര്‍ക്കത്തില്‍ ഏര്‍പ്പെട്ടു. ഇതോടെ ഇന്ന് സ്‌ളോട്ട് ബുക്ക് ചെയ്തവര്‍ക്ക് മുഴുവന്‍ ആള്‍ക്കാരുടെയും ടെസ്റ്റുകള്‍ നടത്തുമെന്നാണ് ഗതാഗതമന്ത്രി പ്രതികരിച്ചിരിക്കുന്നത്.

മലപ്പുറത്ത് ടെസ്റ്റിന് വന്നവര്‍ ഉദ്യോഗസ്ഥരുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുകയും നടത്താന്‍ പറ്റില്ലാത്തവര്‍ തിരികെ പോകാന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞതിനെ തുടര്‍ന്ന് സംഘര്‍ഷം ഉണ്ടാകുകയും ചെയ്തു. ഇതിനിടയില്‍ ഇവിടേയ്ക്ക് എത്തിയ പോലീസ് ഗതാഗതവകുപ്പ് ഉദ്യോഗസ്ഥരെ തടയാന്‍ ശ്രമിച്ചു എന്നാരോപിച്ച്‌ നാലുപേരെ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു. തിരുവനന്തപുരം, കൊല്ലം ജില്ലകളിലും ടെസ്റ്റിന് എത്തിയവര്‍ പ്രതിഷേധവുമായി എത്തുകയും ചെയ്തിരുന്നു. സ്‌ളോട്ട് കിട്ടിയവരില്‍ പലര്‍ക്കും മടങ്ങിപോകേണ്ടി വന്നു.

വിദേശത്തേക്ക് പോകാന്‍ ടിക്കറ്റെടുത്തവര്‍ വരെ ഇവിടെ ഉണ്ടായിരുന്നു. ക്യൂവില്‍ എത്തി ആദ്യം നില്‍ക്കുന്ന 50 പേര്‍ക്ക് ടെസ്റ്റ് നടത്തുക എന്ന പുതിയ പരിഷ്‌ക്കാരത്തിലായിരുന്നു ടെസ്റ്റിനായി എത്തിയവരുടെ പ്രതിഷേധം ഉണ്ടായത്. ഇന്നലെ ചേര്‍ന്ന ആര്‍.ടി.ഒമാരുടെ യോഗത്തില്‍ മന്ത്രി കെ.ബി ഗണേഷ് കുമാറാണ് നിര്‍ദേശം നല്‍കിയത്. നിലവില്‍ 150 പേര്‍ക്ക് ഒരു ദിവസം ടെസ്റ്റ് നടത്താറുണ്ട്. അപേക്ഷകരെ എങ്ങനെ തെരഞ്ഞെടുക്കുമെന്ന് മോട്ടോര്‍ വാഹന വകുപ്പിന് വ്യക്തതയില്ല. ഗതാഗത സെക്രട്ടറിയും ഗതാഗത കമ്മിഷണറും യോഗത്തില്‍ പങ്കെടുത്തില്ല.

ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ ഇറക്കിയ സര്‍ക്കുലറുകള്‍ തിരുത്താന്‍ മന്ത്രി ഗണേഷ് കുമാര്‍ നിര്‍ദേശം നല്‍കി. ഇനി മന്ത്രി കണ്ട് അംഗീകാരം നല്‍കുന്ന സര്‍ക്കുലര്‍ മാത്രമേ ഗതാഗത കമ്മിഷണര്‍ ഇറക്കാവൂവെന്നും അദ്ദേഹം നിര്‍ദേശിച്ചു.

Facebook Comments Box

By admin

Related Post