കൊച്ചി രാജ്യാന്തര വിമാനത്താവളം; വേനല്‍ക്കാല സര്‍വീസ് പ്രഖ്യാപിച്ചു
കൊച്ചി: നെടുമ്ബാശ്ശേരി രാജ്യാന്തര വിമാനത്താവളത്തില്‍നിന്നുള്ള വേനല്‍ക്കാല വിമാന സർവീസ് (മാർച്ച് 31 മുതല്‍ ഒക്‌ടോബർ 26 വരെ) സമയവിവര പട്ടിക പ്രഖ്യാപിച്ചു.
പുതിയ വേനല്‍ക്കാല പട്ടികയില്‍ 1628 പ്രതിവാര സർവീസുകള്‍ ഉണ്ടാകും. രാജ്യാന്തര സെക്ടറില്‍ 26ഉം ആഭ്യന്തര സെക്ടറില്‍ എട്ടും എയർലൈനുകളാണ് സിയാലില്‍ സർവീസ് നടത്തുന്നത്.അബുദാബിയിലേക്കാണ് ഏറ്റവുമധികം സർവീസുകള്‍.
ദോഹയിലേക്ക് 46 സർവീസുകളും ദുബായിലേക്ക് 45 സർവീസുകളും കൊച്ചിയില്‍നിന്നുണ്ട്. തായ് എയർവേസ് ബാങ്കോക്ക് സുവർണഭൂമി വിമാനത്താവളത്തിലേക്ക് മൂന്നു പ്രത്രിവാര പ്രീമിയം സർവീസുകളും തായ് ലയണ്‍ എയർ ബാങ്കോക്ക് ഡോണ്‍ മ്യൂംഗ് വിമാനത്താവളത്തിലേക്ക് പ്രതിദിന സർവീസുകളും ആരംഭിക്കും.
നിലവിലുള്ള തായ് എയർ ഏഷ്യ പ്രതിദിന സർവീസുകള്‍ക്കു പുറമെയാണിത്. അബുദാബി, റിയാദ്, ജിദ്ദ എന്നിവിടങ്ങളിലേക്ക് പ്രതിദിന വിമാന സർവീസുകളുമായി ആകാശ എയർ അന്താരാഷ്‌ട്ര സെക്ടറില്‍ പ്രവർത്തനം തുടങ്ങും. ഇത്തിഹാദ് അബുദാബിയിലേക്ക് ആഴ്ചയില്‍ ഏഴ് അധിക വിമാനങ്ങളും എയർ ഏഷ്യ ബെർഹാദ് ക്വാലാലംപുരിലേക്ക് ആഴ്ചയില്‍ അഞ്ചു സർവീസുകളും നടത്തും.
ഇൻഡിഗോ ദോഹയിലേക്കും സ്‌പൈസ് ജെറ്റ് മാലിയിലേക്കും അധിക പ്രതിദിന സർവീസുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ലണ്ടനിലെ ഗാറ്റ്‌വിക്കിലേക്ക് ഇപ്പോഴുള്ള ചൊവ്വ, വ്യാഴം, ശനി സർവീസുകള്‍ക്കു പുറമേ എയർ ഇന്ത്യ ആഴ്ചയില്‍ ഒരു അധിക സർവീസ് കൂടി തുടങ്ങും.
ജസീറ എയർവേസും സൗദിയയും യഥാക്രമം കുവൈറ്റിലേക്കും ജിദ്ദയിലേക്കും രണ്ട് അധിക പ്രതിവാര വിമാന സർവീസുകള്‍ ആരംഭിക്കും.ലക്ഷദ്വീപില്‍ സമീപകാലത്തുണ്ടായ വിനോദ സഞ്ചാര വികസനം കണക്കിലെടുത്ത് കൊച്ചിയില്‍നിന്ന് അഗത്തിയിലേക്ക് കൂടുതല്‍ സർവീസുകള്‍ നടത്തും. പുതിയ ആഭ്യന്തര സെക്ടറായ കോഴിക്കോട്ടേക്ക് ഇൻഡിഗോ പ്രതിദിന സർവീസുകള്‍ ആരംഭിക്കും. ഈ വിമാനം കോഴിക്കോടുനിന്ന് രാവിലെ 8.30ന് പുറപ്പെട്ട് 9.30ന് കൊച്ചിയിലെത്തും.
മടക്കവിമാനം ഉച്ചയ്ക്ക് 1.35ന് പുറപ്പെട്ട് 2.35ന് കോഴിക്കോട് എത്തും. ആഭ്യന്തര പ്രതിവാര വിമാനസർവീസുകളില്‍ ബംഗളൂരുവിലേക്ക് 122, ഡല്‍ഹിയിലേക്ക് 71, മുംബൈയിലേക്ക് 68, ഹൈദരാബാദിലേക്ക് 61, ചെന്നൈയിലേക്ക് 49, അഗത്തിയിലേക്ക് 16, അഹമ്മദാബാദ്, ഗോവ, കണ്ണൂർ, കോല്‍ക്കത്ത, പൂന, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് ഏഴു സർവീസുകള്‍ വീതവും സേലത്തേക്ക് അഞ്ചു പ്രതിവാര സർവീസുകളും ഉണ്ടായിരിക്കും.
അന്താരാഷ്‌ട്ര ട്രാഫിക്കിന്‍റെ കാര്യത്തില്‍ രാജ്യത്തെ നാലാമത്തെ വലിയ വിമാനത്താവളമാണു സിയാല്‍. കലണ്ടർ വർഷം ഒരു കോടി യാത്രക്കാരെ കൈകാര്യം ചെയ്യുന്ന കേരളത്തിലെ ഏക വിമാനത്താവളം കൂടിയാണു സിയാല്‍.