Thu. May 2nd, 2024

തന്നെയും തൻറെ മാതാവിനെയും അപമാനിച്ച രാഹുൽ മാങ്കൂട്ടത്തിനെതിരെ നിയമ നടപടികളുമായി പത്മജ വേണുഗോപാൽ . രാഹുലിനെ തള്ളി ചെന്നിത്തലയും.

Keralanewz.com

തൃശൂർ : സ്ത്രീത്വത്തെ അപമാനിക്കുന്ന പ്രസ്താവന നടത്തിയതിന്റെ പേരില്‍ രാഹുല്‍ മാങ്കൂട്ടത്തിനെതിരെ കേസ് കൊടുക്കാനൊരുങ്ങി പത്മജ വേണുഗോപാല്‍; ശക്തമായ തെളിവുണ്ടായതിനാല്‍ ജാമ്യമില്ലാ വകുപ്പ് വരും; രാഹുലിന്റെ പ്രസ്താവനയോട് യോജിക്കാതെ രമേശ് ചെന്നിത്തലയും.

എന്തും വിളിച്ചു പറയുന്ന അവസ്ഥയിലേക്ക് കോണ്‍ഗ്രസ് നേതാക്കള്‍ പോകുമ്പോള്‍ ശക്തമായ നിയമ നടപടികൾക്കൊരുങ്ങി പത്മജ വേണുഗോപാല്‍. തന്റെ അമ്മയെ അപമാനിച്ച രാഹുല്‍ മാങ്കൂട്ടത്തിനെതിരെ കേസ് കൊടുക്കുമെന്ന് പത്മജ വേണുഗോപാല്‍ പറഞ്ഞു. ഞാന്‍ കരുണാകരന്റെ മകളല്ലെന്നാണു രാഹുല്‍ പറഞ്ഞത്. എന്റെ അമ്മയുടെ മാനത്തിനാണ് രാഹുൽ വില പറഞ്ഞത്.

രാഹുല്‍ മാങ്കൂട്ടത്തില്‍ ടിവിയിലിരുന്നു നേതാവായ ആളാണ്. അദ്ദേഹം എങ്ങനെയാണു ജയിലില്‍ 10 ദിവസം കിടന്നതെന്നും അതിന്റെ പിന്നിലെ കഥകള്‍ എന്താണെന്നും എനിക്കറിയാം. അത് എന്നെക്കൊണ്ടു പറയിപ്പിക്കരുത്. എന്നെ വഴിയില്‍ തടയുമെന്നു പറഞ്ഞു. അങ്ങനെ പേടിക്കുന്ന ആളല്ല ഞാന്‍. അച്ഛന്‍ ജയിലില്‍ പോകുന്നതു ഞാന്‍ കണ്ടിട്ടുണ്ട്. രാജന്‍ കേസിന്റെ സമയത്ത് ഒളിവില്‍ പോയി അച്ഛനെ കണ്ടയാളാണ് ഞാന്‍, പേടിക്കില്ലെന്നും പത്മജ പറഞ്ഞു.

എന്തായാലും പത്മജ കേസ് കൊടുത്താല്‍ രാഹുല്‍ മാങ്കൂട്ടത്തിനെതിരെ ജാമ്യമില്ലാ കേസ് വരും. അറസ്റ്റിനും സാധ്യതയുണ്ട്. തെരഞ്ഞെടുപ്പ് സമയത്ത് അതേറെ ചര്‍ച്ചകൾക്ക് വഴി വെക്കും.

അതേസമയം കെ. മുരളീധരന്റെ വര്‍ക്ക് അറ്റ് ഹോം പരാമര്‍ശത്തിനേതിരെയും പത്മജ പ്രതികരിച്ചു.. അനിയനായിരുന്നെങ്കില്‍ അടി കൊടുക്കാമായിരുന്നുവെന്നും ചേട്ടനായിപ്പോയി. ആരോഗ്യ പ്രശ്നമടക്കം ചേട്ടന് അറിയാമായിരുന്നു. അദ്ദേഹം പറയുന്നത് വോട്ടിനുവേണ്ടിയാണ്. മൂന്നു നാല് പാര്‍ട്ടി മാറി വന്ന ആളായതുകൊണ്ട് എന്തും പറയാം. കൂടുതല്‍ ഒന്നും പറയുന്നില്ലെന്നും പത്മജ പറഞ്ഞു.

സ്വതന്ത്ര്യമായി പ്രവര്‍ത്തിക്കുകയും നേതൃപാടവമുള്ള നേതാവിന് കീഴിൽ പ്രവര്‍ത്തിക്കുകയാണ് ഏതൊരു പ്രവര്‍ത്തകന്റെയും ആഗ്രഹം അതിനുള്ള അവസരം എന്തുകൊണ്ടും ലഭിക്കുന്നത് ബിജെപിയിലാണ്. എല്ലാ ജാതി മതക്കാരും ബിജെപിയെ ഒരേ പോലെയാണ് കാണുന്നത്. എല്ലാ മതത്തില്‍ പെട്ടവരും പാര്‍ട്ടിയുടെ ഭാഗമാണ് ഇന്ന്. അനില്‍ ആന്റണി, അബ്ദുള്‍ സാലം, അബ്ദുള്ളക്കുട്ടിയൊക്കെ ഉദാഹരണം.

ഏത് പാര്‍ട്ടിക്കും ശക്തനായൊരു നേതാവ് വേണം. കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ഇല്ലാത്തതും അതുതന്നെയാണ്. നേതാക്കള്‍ക്ക് സമയമില്ലെന്നാണ് പറയുന്നത്. സോണിയ ആരെയും കാണുന്നില്ല. രാഹുലിനും സമയമില്ല. പിന്നെ നേതാക്കള്‍ ഇല്ല. ഓരോ ദിവസവും അപമാനിക്കപ്പെടുകയായിരുന്നു.

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഒരു കമ്മിറ്റിയിലും അംഗമാക്കിയിരുന്നില്ല. തൃശൂരില്‍ നിന്ന് ഓടിക്കുകയാണ് നാലഞ്ച് പേരുടെ ലക്ഷ്യം. എവിടെയും തനിക്കെതിരെ പ്രശ്നങ്ങള്‍ മാത്രമാണ്. നേതൃത്വത്തോട് പറയുമ്പോള്‍ നിസാരവത്കരിക്കുകയാണ്. ഇതെല്ലാം കാലങ്ങളായി എന്റെ മനസിനെ വേദനിപ്പിക്കുന്നു. ഇത്രയേറെ ആളുകള്‍ പാര്‍ട്ടി വിട്ടുപോയിട്ടും ഇതുവരെ കോണ്‍ഗ്രസുകാര്‍ക്ക് കൊണ്ടിട്ടില്ലാന്നാണ് തോന്നുന്നത്.

എന്റെ പിതാവ് പോയപ്പോള്‍ പോലും അദ്ദേഹത്തെ ഇത്തരത്തില്‍ ചീത്ത പറഞ്ഞിട്ടുണ്ട്. അന്ന് ഞാനും കോണ്‍ഗ്രസില്‍ ഉറച്ച്‌ നിന്നയാളാണ്. ഞാന്‍ ജനിച്ചത് മുതല്‍ ഇന്നലെ വരെ കോണ്‍ഗ്രസുകാരിയായി ജീവിച്ചയാളാണ്. പക്ഷേ കഴിഞ്ഞ മൂന്ന് വര്‍ഷമായി പാര്‍ട്ടിയുമായി അകല്‍ച്ചയിലാണ്. രണ്ട് തവണയും തിരഞ്ഞെടുപ്പില്‍ എന്നെ തോല്‍പ്പിച്ചത് ആരാണെന്ന് വ്യക്തമായി അറിയാം. പല തവണ പരാതി നല്‍കിയിട്ടുണ്ട്. കെപിസിസി പരാതി അവഗണിച്ചുവെന്ന് മാത്രമല്ല, എന്റെ മണ്ഡലത്തില്‍ പോലും പ്രവര്‍ത്തിക്കാന്‍ കഴിയാത്ത സാഹചര്യമാണ് കോണ്‍ഗ്രസ് ഉണ്ടാക്കിയത്.

അതേസമയം പത്മജക്കെതിരായ പരാമര്‍ശത്തില്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ തള്ളി മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. രാഹുല്‍ മാങ്കൂട്ടത്തില്‍ നടത്തിയ പ്രസ്താവനയോട് യോജിപ്പില്ലെന്ന് രമേശ് ചെന്നിത്തല പ്രതികരിച്ചു.
പത്മജയുടെ ബി ജെ പി പ്രവേശനവും, രാഹുൽ മാങ്കൂട്ടവും മുരളീധരനും നടത്തിയ പരാമർശങ്ങളും കോൺഗ്രസിന്റെ തൃശൂരിലെയും വടകരയിലെയും വിജയ പ്രതീക്ഷക്ക് മങ്ങലേൽപ്പിച്ചതിന്റെ ആഘാതത്തിലാണ് യുഡിഎഫ് നേതൃത്വം.


.

Facebook Comments Box

By admin

Related Post