CRIMEKerala NewsPolitics

‘ഉപ്പു തിന്നവര്‍ വെള്ളം കുടിക്കട്ടെ’; രാഹുല്‍ മാങ്കൂട്ടത്തിലിനിനെതിരെ കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡണ്ട് .

Keralanewz.com

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പുറത്തുവന്ന ആരോപണത്തിന് പിന്നാലെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് കെഎസ്‌യു സംസ്ഥാന ഉപാദ്ധ്യക്ഷന്‍ അരുണ്‍ രാജേന്ദ്രന്‍.

‘ഉപ്പു തിന്നവര്‍ വെള്ളം കുടിക്കട്ടെ.. തെറ്റു ചെയ്തില്ലെങ്കില്‍ അഗ്നിശുദ്ധി നടത്തി തിരിച്ചുവരട്ടെ’ എന്നാണ് അരുണിന്‍റെ പ്രതികരണം. ഈ സംഘടന ഒരാളുടെ മാത്രമല്ല, ഈ സംഘടനയ്ക്ക് വേണ്ടി ജീവനും ജീവിതവും നല്‍കിയ ഒരായിരം പേരുടെ സംഘടനയാണിത്, അരുണ്‍ വ്യക്തമാക്കി. ഒരാളുടെ പേരില്‍ സംഘടനയെ പിച്ചി കീറുന്നത് കണ്ടുനില്‍ക്കാനാവില്ലെന്നും അരുണ്‍ കൂട്ടിച്ചേര്‍ത്തു.

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരായ ഗുരുതര ശബ്ദ സംഭാഷണം പുറത്ത് വന്നതിന് പിന്നാലെ നിരവധി ആളുകളാണ് രാഹുലിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. രാഹുല്‍ മാങ്കൂട്ടത്തില്‍ യുവതിയെ ഗർഭച്ഛിദ്രത്തിന് സമ്മര്‍ദ്ദം ചെലുത്തുന്ന ശബ്ദ സംഭാഷണത്തിന്റെ പ്രസക്തഭാഗമാണ് റിപ്പോര്‍ട്ടര്‍ പുറത്തുവിട്ടത്. സ്വകാര്യത മാനിച്ച്‌ ഫോണ്‍ സംഭാഷണത്തില്‍ യുവതിയുടെ ശബ്ദം എഡിറ്റ് ചെയ്താണ് റിപ്പോര്‍ട്ടര്‍ പുറത്തുവിടുന്നത്.

യുവ രാഷ്ട്രീയ നേതാവില്‍ നിന്നും മോശം അനുഭവം ഉണ്ടായെന്നാണ് മാധ്യമ പ്രവര്‍ത്തകയും അഭിനേതാവുമായ റിനി ആന്‍ ജോര്‍ജ് കഴിഞ്ഞദിവസം വെളിപ്പെടുത്തിയിരുന്നു. അശ്ലീല സന്ദേശങ്ങള്‍ അയച്ചെന്നും മോശം സമീപനം ഉണ്ടായെന്നുമായിരുന്നു വെളിപ്പെടുത്തല്‍. ഇതിന് പിന്നാലെ ഹണി ഭാസ്കകറും യുവ നേതാവിനെതിരെ രംഗത്തെത്തിയിരുന്നു. പേരുപറയാതെയായിരുന്നു വിമര്‍ശനം. അതിനിടെയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ ഒരു യുവതിയെ ഗർഭച്ഛിദ്രത്തിന് നിർബന്ധിക്കുന്ന ഫോണ്‍ സംഭാഷണം പുറത്തുവരുന്നത്. രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സോഷ്യല്‍ മീഡിയയിലൂടെ നടത്തിയ അശ്ലീല ചാറ്റും പുറത്ത് വന്നിട്ടുണ്ട്.

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ആരോപണങ്ങള്‍ പുറത്തുവന്ന സാഹചര്യത്തില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് രാജിവെക്കാന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എഐസിസി നിര്‍ദേശം നല്‍കിയിട്ടുണ്ട്. പാര്‍ട്ടി സംസ്ഥാന നേതൃത്വത്തോട് ഹൈക്കമാന്‍ഡ് വിശദാംശങ്ങള്‍ തേടിയിരുന്നു.

നിലവിലെ ആരോപണങ്ങള്‍ പുറത്തുവരും മുന്‍പ് തന്നെ രാഹുലിനെതിരെ പരാതി ലഭിച്ചിരുന്നു. അന്വേഷിക്കാന്‍ സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍സെക്രട്ടറി ദീപദാസ് മുന്‍ഷി കെപിസിസി നേതൃത്വത്തിന് നിര്‍ദേശം നല്‍കിയിരുന്നു. ശേഷം ലഭിച്ച വിവരങ്ങളില്‍ രാഹുലിനെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ കഴമ്ബുണ്ടെന്ന് കണ്ടെത്തിയിരുന്നു. അതിന് ശേഷമാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് രാജിവെക്കാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. കൂടാതെ, എംഎല്‍എ സ്ഥാനത്ത് നിന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ ഉടൻ രാജിവെക്കുമെന്നാണ് സൂചന.

Facebook Comments Box