Kerala NewsLocal NewsPolitics

പൗരത്വ ഭേദഗതി നിയമം മുസ്ലീം വോട്ട് കിട്ടാന്‍ പിണറായി ഉപയോഗിക്കുന്നു: പ്രതിപക്ഷ നേതാവ്

Keralanewz.com

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമം മുഖ്യമന്ത്രി പിണറായി വിജയന്‍ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍.

പിണറായിയുടെയും മോദിയുടെയും ലക്ഷ്യം ഒന്നാണ്. രാഷ്ട്രീയമായി ഉപയോഗിച്ച്‌ വോട്ട് നേടുക. മുസ്ലീം വോട്ട് കിട്ടാന്‍ വേണ്ടിയാണ് പിണറായി ശ്രമിക്കുന്നത്. പൗരത്വ നിയമ ഭേദഗതിക്കെതിരെ സമരം നടത്തിയവര്‍ക്കെതിരെ എടുത്ത 831 കേസുകളില്‍ 69 എണ്ണം മാത്രമാണ് പിന്‍വലിച്ചതെന്ന് വി.ഡി സതീശന്‍ കുറ്റപ്പെടുത്തി.

പൗരത്വ നിയമത്തിനെതിരെ കോണ്‍ഗ്രസ് ഒന്നും പറഞ്ഞില്ലെന്ന് മുഖ്യമന്ത്രി പറയുന്നു. കോണ്‍ഗ്രസ് എം.പിമാര്‍, പ്രത്യേകിച്ച യുഡിഎഫ് അംഗങ്ങള്‍ പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗത്തിന്റെ കോപ്പി താന്‍ മുഖ്യമന്ത്രിക്ക് അയച്ചു കൊടുത്തിട്ടുണ്ട്. ഭാരത് ജോഡോ യാത്രയില്‍ രഹുല്‍ ഗാന്ധി നിയമത്തിനെതിരെ ഒന്നും പറഞ്ഞില്ലെന്ന് പറയുന്നവര്‍ ആ യാത്രയില്‍ പങ്കെടുത്തിരുന്നോ എന്നും പ്രതിപക്ഷ നേതാവ് ചോദിക്കുന്നു.

രാഹുല്‍ ഗാന്ധിക്കെതിരെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ മത്സരിക്കുന്നതിനെ അദ്ദേഹം സ്വാഗതം ചെയ്തു. സുരേന്ദ്രന്‍ അവിടെ പോയി മത്സരിക്കട്ടെ. അദ്ദേഹത്തിന്റെ വിധിയാണത്. രാഹുല്‍ ഗാന്ധിക്കെതിരെ വീസയുടെ കാര്യമൊക്കെ അദ്ദേഹം പറയുന്നു. പെര്‍മനന്റ് വീസ ഉള്ള സുരേന്ദ്രന്‍ പലയിടത്തുപോയി മത്സരിച്ചിട്ടും ആളുകള്‍ അടുപ്പിച്ചിട്ടില്ലല്ലോ?

ഒരുകാലത്തും സംഭവിക്കാത്ത പോലെയാണ് േകാണ്‍ഗ്രസിന്റെ അക്കൗണ്ട് മരവിപ്പിച്ചിരിക്കുന്നത്. പ്രവര്‍ത്തകര്‍ക്ക് പ്രവര്‍ത്തനത്തിനുള്ള പണം പോലുമില്ല. ഒരുകാലത്തുമില്ലാത്ത സാമ്ബത്തിക പ്രതിസന്ധിയാണ്. ഇത് കണ്ടറിഞ്ഞ് ജനങ്ങള്‍ പണം നല്‍കുന്നുണ്ട്. തിരഞ്ഞെടുപ്പ് ചെലവിനായി ക്രൗഡ് ഫണ്ടിംഗ് നടത്തും. ഉത്തരവാദിത്തപ്പെട്ട ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക് അവരുടെ അക്കൗണ്ടിലുള്ള പണം ഉപയോഗിക്കാന്‍ കഴിയാത്ത അവസ്ഥയാണെന്നും വി.ഡി സതീശന്‍ വ്യക്തമാക്കി.

Facebook Comments Box