Kerala NewsLocal NewsPolitics

പത്തനംതിട്ട സിപിഎമ്മില്‍ പ്രശ്‌നങ്ങളില്ല; ഐസക്ക് ബഹുദൂരം മുന്നിലെന്ന് മന്ത്രി വാസവന്‍

Keralanewz.com

സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി ഓഫീസില്‍ വാക്കുതര്‍ക്കവും കയ്യാങ്കളിയുമുണ്ടായി എന്ന റിപ്പോര്‍ട്ടില്‍ വിശദീകരണവുമായി മന്ത്രി വി.എന്‍ വാസവന്‍.

ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എവിടെയൊക്കെ മന്ത്രിയുടെ യോഗം സംഘടിപ്പിക്കണം എന്നതില്‍ ചര്‍ച്ച നടന്നിരുന്നു. ചിലര്‍ അല്പം ശബ്ദമുയര്‍ത്തി സംസാരിച്ചുവെന്ന് മാത്രമേയുള്ളു. അതൊക്കെ സ്വഭാവികമാണ്. അല്ലാതെ തര്‍ക്കമുണ്ടായിട്ടില്ല. അത്തരം വാര്‍ത്തകള്‍ വസ്തുതാ വിരുദ്ധമാണെന്നും സ്ഥാനാര്‍ത്ഥി തോമസ് ഐസക്ക് ബഹുദൂരം മുന്നിലാണെന്നും വാസവന്‍ പറഞ്ഞു.

ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തില്‍ കയ്യാങ്കളി ഉണ്ടായി എന്ന വാര്‍ത്ത ജില്ലാ സെക്രട്ടറി കെ.പി ഉദയഭാനുവും നിഷേധിച്ചു. ഇത്തരം വാര്‍ത്തകള്‍ വ്യാജമാണ്. ഇടതുപക്ഷത്തിനും തോമസ് ഐസക്കിനുമെതിരായ പ്രചാരണമാണ് നടക്കുന്നത്. ഇത്തരം വാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞൂ.

മന്ത്രി വാസവന്‍ പങ്കെടുത്ത യോഗത്തില്‍ ജില്ലാ നേതാക്കളായ പി.ബി ഹര്‍ഷകുമാറും നന്ദകുമാറും തമ്മില്‍ രൂക്ഷമായ വാക്കുതര്‍ക്കമുണ്ടായെന്നും കയ്യാങ്കളി വരെ എത്തിയെന്നുമായിരുന്നു വാര്‍ത്തകള്‍. സംഘര്‍ഷമുണ്ടായെന്ന വാര്‍ത്ത നന്ദകുമാറും നിഷേധിച്ചു. ഈ വിവരം നല്‍കിയവരോട് തന്നെ തിരക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

Facebook Comments Box