International NewsKerala NewsNational NewsTravel

കോഴിക്കോട് വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യ കൈവിട്ട റൂട്ടുകളില്‍ പിടിമുറുക്കി വിദേശ വിമാനക്കമ്ബനികള്‍; സലാം എയറും എയര്‍ അറേബ്യയും സര്‍വീസുകളുടെ എണ്ണം കൂട്ടുന്നു

Keralanewz.com

കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തില്‍നിന്ന് എയർ ഇന്ത്യ വെട്ടിക്കുറച്ച റൂട്ടുകളിലേക്ക് വിദേശ വിമാനക്കമ്ബനികള്‍ എത്തുന്നു.

ദമാം, റാസല്‍ഖൈമ സർവീസുകളിലാണ് വിദേശ വിമാനക്കമ്ബനികള്‍ പിടിമുറുക്കുന്നത്. ദമാം സർവീസ് സലാം എയറും അബുദാബി-റാസല്‍ ഖൈമ-കോഴിക്കോട് മേഖലയില്‍ എയർ അറേബ്യയും സർവീസുകളുടെ എണ്ണം കൂട്ടുകയാണ്.

ഈ മാസം 31 മുതല്‍ എയർ അറേബ്യ സർവീസുകള്‍ ആഴ്ചയില്‍ അഞ്ചായി ഉയർത്തി. നിലവില്‍ മൂന്നു സർവീസ് വീതം നടത്തിയിരുന്ന റാസല്‍ ഖൈമ -കോഴിക്കോട് സർവീസാണ് അഞ്ചാക്കിയത്. തിങ്കള്‍, ബുധൻ, വ്യാഴം, വെള്ളി, ഞായർ ദിവസങ്ങളില്‍ സർവീസ് നടത്തും. ഈ മേഖലയില്‍ നടത്തിയിരുന്ന മൂന്നു സർവീസുകള്‍ എയർ ഇന്ത്യ കണ്ണൂരിലേക്ക് മാറ്റിയിരുന്നു. ഇതേത്തുടർന്നുള്ള അവസരം മുതലാക്കാനാണ് എയർ അറേബ്യയുടെ ശ്രമം. ഏപ്രില്‍ 19 മുതല്‍ അബുദാബി -കോഴിക്കോട് റൂട്ടില്‍ ആഴ്ചയില്‍ 16 സർവീസ് എന്നുള്ളത് 17 വീതം സർവീസ് ആക്കി വർധിപ്പിച്ചു. തിങ്കള്‍, ബുധൻ, വെള്ളി ദിവസങ്ങളില്‍ മൂന്നുവീതം സർവീസുകള്‍ ഉണ്ടാകും.

സലാം എയർ സർവീസുകളുടെ എണ്ണവും സമയക്രമവും വരാനിരിക്കുന്നതേയുള്ളൂ. ഏപ്രില്‍ 15-ഓടെ കൂടുതല്‍ സർവീസുകള്‍ ആരംഭിക്കാനാണ് ഇവർ തീരുമാനിച്ചിരിക്കുന്നത്. മസ്‌കറ്റിലേക്ക് കോഴിക്കോടുനിന്ന് ആഴ്ചയില്‍ ആറു സർവീസുകള്‍ ഉണ്ടായിരുന്നത് എയർ ഇന്ത്യ എക്സ്പ്രസ്സ് അഞ്ചാക്കി ചുരുക്കി. ഒരു സർവീസ് കണ്ണൂരിലേക്കു മാറ്റിയിരുന്നു. ഇതേത്തുടർന്നാണ് സലാം എയർ കോഴിക്കോട് സർവീസ് വർധിപ്പിക്കുന്നത്.

Facebook Comments Box