Thu. May 16th, 2024

 ‘പാളയത്തില്‍ പട’, ഫ്രാൻസിസ് ജോര്‍ജിനെ സ്വന്തം പാര്‍ട്ടിക്കാര്‍ കോട്ടയത്ത് അട്ടിമറിക്കുമോ?

By admin Apr 9, 2024
Keralanewz.com

മൂവാറ്റുപുഴ (KVARTHA) കോട്ടയം പാർലമെൻ്റ് മണ്ഡലം എന്നത് യുഡിഎഫിൻ്റെ ഉറച്ച കോട്ടയാണ്. ഇക്കുറി യുഡിഎഫ്, എല്‍ഡിഎഫ് സ്ഥാനാർത്ഥികളായി വരുന്നത് ഇരുമുന്നണിയിലെയും കേരളാ കോണ്‍ഗ്രസുകളുടെ നേതാക്കളാണ്.

യുഡിഎഫില്‍ കേരളാ കോണ്‍ഗ്രസ് പി.ജെ ജോസഫിൻ്റെ പാർട്ടിയില്‍ നിന്നും കെ ഫ്രാൻസിസ് ജോർജും എല്‍ഡിഎഫില്‍ കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗത്തില്‍ നിന്ന് നിലവിലെ എം.പി തോമസ് ചാഴികാടനും മത്സരിക്കുന്നു. നിലവില്‍ കോട്ടയത്ത് നടക്കുന്നത് രണ്ട് കേരളാ കോണ്‍ഗ്രസുകളുടെ അതിശക്തമായ മത്സരമാണെന്ന് പറയാം. കോട്ടയം പാർലമെൻ്റ് സീറ്റില്‍ മറ്റ് തർക്കമൊന്നും ഉണ്ടായില്ലെങ്കില്‍ ഈസിയായി യുഡിഎഫ് സ്ഥാനാർത്ഥിക്ക് ജയിക്കാൻ പറ്റുന്ന സ്ഥിതിയാണ് ഉള്ളതെന്നാണ് പറയുന്നത്. കോട്ടയം ലോക്സഭാ മണ്ഡലത്തിന് കീഴിലുള്ള പല നിയമസഭാ മണ്ഡലങ്ങളിലും യു.ഡി.എഫ് പ്രതിനിധികളാണ് കൂടുതലായി ഉള്ളത്.

കേരളാ കോണ്‍ഗ്രസിനും കോണ്‍ഗ്രസിനും മികച്ച വേരോട്ടമുള്ള മണ്ണുകൂടിയാണ് കോട്ടയം. മറ്റ് എല്ലാ പാർലമെൻ്റ് മണ്ഡലങ്ങളെയും അപേക്ഷിച്ച്‌ കോണ്‍ഗ്രസും കേരളാ കോണ്‍ഗ്രസും ബൂത്ത് തലമുതല്‍ സംഘടനാ ബലം കൊണ്ട് ശക്തമാണ്. കേരളാ കോണ്‍ഗ്രസില്‍ ജോസഫ് ഗ്രൂപ്പിനെക്കാള്‍ ശക്തി മാണി ഗ്രൂപ്പിനാണെന്നത് വിസ്മരിക്കാവുന്നതല്ല. ഇപ്പോള്‍ ശരിക്കും യു.ഡി.എഫ് സ്ഥാനാർത്ഥി ഫ്രാൻസിസ് ജോർജിന് ഇവിടെ വിജയിക്കാമെന്നിരിക്കെ അദ്ദേഹത്തിൻ്റെ സ്വന്തം പാർട്ടിയായ കേരളാ കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പില്‍ നിന്ന് തന്നെയാണ് അദ്ദേഹത്തിനെതിരെ ആദ്യ നീക്കം ഉണ്ടായിരിക്കുന്നത്. യു.ഡി.എഫ് ജില്ലാ ചെയർമാനും പാർട്ടി ജില്ലാ പ്രസിഡൻ്റുമായ സജി മഞ്ഞിക്കടമ്ബൻ പാർട്ടിയില്‍ നിന്ന് രാജിവെച്ച്‌ യു.ഡി.എഫ് സ്ഥാനാർത്ഥിക്കെതിരെ തിരിഞ്ഞത് യു.ഡി.എഫ് ക്യാമ്ബില്‍ അങ്കലാപ്പ് ഉണ്ടാക്കിയിരിക്കുകയാണ്.

സ്വന്തം പാർട്ടിയിലെ എം.എല്‍.എ ആയ കടുത്തുരുത്തി എം.എല്‍.എ മോൻസ് ജോസഫിനെതിരെ വലിയ ആക്ഷേപങ്ങള്‍ ചൊരിഞ്ഞുകൊണ്ടാണ് മഞ്ഞക്കടമ്ബൻ പാർട്ടി വിട്ടത്. മോൻസ് ജോസഫ് എം.എല്‍.എ നിലവില്‍ യു.ഡി.എഫ് സ്ഥാനാർത്ഥി ഫ്രാൻസിസ് ജോർജ് ജയിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും സജി മഞ്ഞക്കടമ്ബൻ വാർത്താസമ്മേളനത്തില്‍ ആരോപിച്ചിരുന്നു. ഇതില്‍ വാസ്തവം ഇല്ലേയെന്ന് ചിന്തിക്കുന്നവരും അനേകരുണ്ട്. കാരണം, കേരളാ കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പിൻ്റെ ചെയർമാൻ പി.ജെ ജോസഫിന് പ്രായമേറേ ആയി. ഇനി ഒരു അങ്കത്തിന് ബാല്യം ഉണ്ടോയെന്നും അറിയാൻ സാധിക്കില്ല. അനാരോഗ്യങ്ങളും അദ്ദേഹത്തെ വേട്ടയാടുന്നുണ്ട്. ഒരു പക്ഷേ, പി.ജെ ജോസഫ് നേതൃസ്ഥാനത്തു നിന്ന് മാറുന്ന സ്ഥിതി ഉണ്ടായാല്‍ പാർട്ടി നേതൃത്വം തൻ്റെ കൈപ്പിടിയില്‍ ഒതുക്കുക എന്ന് ചിന്തിക്കുന്നവരും കേരളാ കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പിലുണ്ടാകാം.

പി.ജെ. ജോസഫ് കഴിഞ്ഞാല്‍ പാർട്ടിയില്‍ രണ്ടാമനായി ഇരിക്കുന്നത് മോൻസ് ജോസഫ് ആണ്. ഫ്രാൻസിസ് ജോർജ് കോട്ടയത്തു നിന്ന് വിജയിച്ച്‌ എം.പി ആയാല്‍ കേരളാ കോണ്‍ഗ്രസ് പാർട്ടിയില്‍ അധികാര വടം വലി ഉണ്ടാകുമെന്ന് കരുതുന്നവരുമുണ്ട്. കേരളാ കോണ്‍ഗ്രസ് സ്ഥാപക നേതാവ് കെ.എം ജോർജിൻ്റെ മകനാണ് ഫ്രാൻസിസ് ജോർജ്. ഇടുക്കിയില്‍ നിന്ന് അദ്ദേഹം എല്‍.ഡി.എഫിൻ്റെ എം.പി ആയിരുന്നിട്ടുണ്ട്. ഫ്രാൻസിസ് ജോർജ് ഇനി കോട്ടയത്തു നിന്ന് എം.പി ആയാല്‍ പി.ജെ ജോസഫിൻ്റെ കാലത്തിനു ശേഷം കേരളാ കോണ്‍ഗ്രസില്‍ രണ്ട് അധികാര കേന്ദ്രങ്ങള്‍ ഉണ്ടാകുമെന്ന് ഭയക്കുന്നവരാണ് ഫ്രാൻസിസ് ജോർജ് കോട്ടയത്തു നിന്ന് വിജയിക്കരുതെന്ന് ആഗ്രഹിക്കുന്നത്. ഇതിൻ്റെ സൂചനകളാണ് കേരളാ കോണ്‍ഗ്രസ് കോട്ടയം ജില്ലാ പ്രസിഡൻ്റ് ആയിരുന്ന സജി മഞ്ഞക്കടമ്ബൻ നല്‍കിയത്.

ഫ്രാൻസിസ് ജോർജിനെ സംബന്ധിച്ച്‌ പറയുകയാണെങ്കില്‍ അധികാരത്തിന് വേണ്ടി ഇരുമുന്നണികളുടെയും പുറകെ നടന്ന സ്വഭാവം കൂടിയുണ്ട്. ഇടുക്കി നിയമസഭാ സീറ്റില്‍ എല്‍.ഡി.എഫ് – യു.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിച്ച്‌ നിലവിലെ ഇടുക്കി പ്രതിനിധി റോഷി അഗസ്റ്റിനോട് പരാജയം ഏറ്റുവാങ്ങിയിട്ടുമുണ്ട്. ഇങ്ങനെ നോക്കുമ്ബോള്‍ കോട്ടയത്ത് ഫ്രാൻസിസ് ജോർജ് ജയിക്കണമെങ്കില്‍ കോണ്‍ഗ്രസുകാർ കനിയണം എന്ന അവസ്ഥയില്‍ എത്തിയിരിക്കുന്നു. അത് എത്രമാത്രം സാധ്യമാകും എന്നാണ് അറിയേണ്ടത്. കോട്ടയം പാർലമെൻ്റ് സീറ്റ് കോണ്‍ഗ്രസുകാർക്ക് തന്നെ വേണമെന്നത് കോട്ടയത്തെ കോണ്‍ഗ്രസുകാരുടെ ആഗ്രഹം തന്നെ ആയിരുന്നു.

ഫ്രാൻസിസ് ജോർജ് കോട്ടയത്ത് തോറ്റാല്‍ ആ സീറ്റ് അടുത്ത പ്രാവശ്യം കോണ്‍ഗ്രസിന് ഏറ്റെടുക്കാമെന്ന് അവിടുത്തെ കോണ്‍ഗ്രസ് നേതാക്കള്‍ ചിന്തിച്ചാല്‍ അവരെ കുറ്റം പറഞ്ഞിട്ട് കാര്യമുണ്ടോ. കാരണം കോട്ടയത്ത് കേരളാ കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പിനെക്കാള്‍ ശക്തി കോണ്‍ഗ്രസിന് തന്നെ ആണ്. അതുകൊണ്ട് കോട്ടയത്ത് ഫ്രാൻസിസ് ജോർജ് ജയിക്കണമെങ്കില്‍ കോണ്‍ഗ്രസുകാർ കനിയുക തന്നെ വേണം. ഇല്ലെങ്കില്‍ ഇവിടെ അട്ടിമറി വിജയം നേടാൻ പോകുന്നത് എല്‍.ഡി.എഫിലെ തോമസ് ചാഴിക്കാടൻ തന്നെ ആയിരിക്കും. ഈ വക പ്രശ്നങ്ങളൊന്നും ചാഴികാടന് ഇല്ലെന്നതാണ് സത്യം. സ്ഥാനാർത്ഥിയെപ്പറ്റിയും പ്രത്യേകിച്ച്‌ ആക്ഷേപങ്ങള്‍ ഒന്നും ഇല്ല താനും. ആ നിലയ്ക്ക് എല്‍.ഡി.എഫ് കോട്ടയത്ത് ഒരു അട്ടിമറി സൃഷ്ടിക്കുമോ? അതാണ് കാത്തിരുന്ന് കാണേണ്ടത്.

Facebook Comments Box

By admin

Related Post