Sat. May 18th, 2024

വന്ദേഭാരതിന്റെ വരവിന് ശേഷം കേരളത്തില്‍ ഏറ്റവും ദുരിതം അനുഭവിക്കുന്ന വിഭാഗം ഏതെന്ന് അറിയുമോ?

By admin May 4, 2024
Keralanewz.com

കോഴിക്കോട്: വരുമാനത്തില്‍ കുതിക്കുമ്ബോഴും ജനങ്ങളുടെ ട്രെയിൻ യാത്രാ ദുരിതത്തിന് ഇനിയും പരിഹാരമില്ല. പാസഞ്ചർ ട്രെയിനുകളുടെ എണ്ണം വെട്ടിക്കുറച്ചതും വന്ദേഭാരത് ട്രെയിനുകള്‍ക്കായി മറ്റ് ട്രെയിനുകള്‍ പിടിച്ചിടുന്നതും കോച്ചുകള്‍ വെട്ടിക്കുറച്ചതും രണ്ട് ട്രെയിനുകള്‍ തമ്മിലുള്ള ഇടവേളയും യാത്രക്കാർക്ക് കിട്ടുന്നത് ഇരട്ടി പ്രഹരം.

മണിക്കൂറുകളോളമാണ് യാത്രക്കാർക്ക് ഇടുങ്ങിയ മുറിയില്‍ കടുത്ത ചൂടില്‍ വിയർത്ത് കുളിച്ച്‌ നില്‍ക്കേണ്ടി വരുന്നത്. തിക്കിതിരക്കിയുള്ള ഇടിച്ചു കയറലില്‍ അപകടങ്ങളും പതിവ്. മണിക്കൂറുകളോളം കോച്ചുകളില്‍ ശ്വാസം കിട്ടാതെ നില്‍ക്കുന്നത് യാത്രക്കാർ കുഴഞ്ഞ് വീഴുന്നതിനും കാരണമാകുകയാണ്. വന്ദേഭാരതിന് കടന്നുപോകാൻ മറ്റ് ട്രെയിനുകള്‍ അറിയിപ്പില്ലാതെ മണിക്കൂറുകളോളം പിടിച്ചിടാൻ തുടങ്ങിയതോടെ പാസഞ്ചർ, ലോക്കല്‍ ട്രെയിനുകളിലെ യാത്രാ ദുരിതം പതിൻമടങ്ങാണ് കൂടിയത്. കോഴിക്കോട് നിന്ന് കണ്ണൂർ, കാസർകോട് ഭാഗത്തേക്കുള്ള യാത്രക്കാരാണ് കൂടുതലും ദുരിതമനുഭവിക്കുന്നത്.

കേന്ദ്ര സർക്കാർ കേരളത്തിന് രണ്ട് വന്ദേഭാരത് അനുവദിച്ചെങ്കിലും യാത്രാ ദുരിതത്തിന് കുറവൊന്നും വന്നിട്ടില്ല. എല്ലാ ദിവസവും മംഗളൂരു-നാഗർകോവില്‍ പരശുരാം എക്‌സ്‌പ്രസിലുള്ള യാത്ര സ്ഥിരം യാത്രക്കാർക്ക് അഗ്നിപരീക്ഷയാണ്. കാലു കുത്താൻ ഇടമുണ്ടാകില്ല.

പരശുറാമിലെ തിക്കിലും തിരക്കിലും പെട്ട് യാത്രക്കാർ കുഴഞ്ഞു വീഴുന്നതും പതിവാണ്. വൈകീട്ട് 6.15-നുള്ള കോയമ്ബത്തൂർ- കണ്ണൂർ എക്സ്‌പ്രസ് പോയാല്‍ പിന്നെ കണ്ണൂർ ഭാഗത്തേക്ക് വണ്ടിയുള്ളത് രാത്രി 9.32 നുള്ള എക്‌സിക്യുട്ടീവ് എക്സ്‌പ്രസാണ്. വന്ദേഭാരത് വന്നതോടെ ഈ വണ്ടി പിടിച്ചിടുന്നത് പതിവായതോടെ എക്‌സിക്യുട്ടീവ് എക്സ്‌പ്രസ് കോഴിക്കോട്ടെത്തുക ഒന്നും രണ്ടും മണിക്കൂർ വൈകിയാണ്. 6.10ന് കോഴിക്കോടെത്തുന്ന നേത്രാവതി എക്‌സ്പ്രസിന് ആകെ രണ്ട് ജനറല്‍ കമ്ബാർട്ട്‌മെന്റുള്ളതും നിത്യേന യാത്ര ചെയ്യുന്ന വിദ്യാർത്ഥികളുള്‍പ്പെടെയുള്ളവരെ ബുദ്ധിമുട്ടിലാക്കുകയാണ്. ട്രെയിനുകളിലെ യാത്രാപ്രശ്നം ചർച്ചയായപ്പോള്‍ രാഷ്ട്രീയ പാർട്ടികളും ജനപ്രതിനിധികളുമെല്ലാം വിഷയത്തില്‍ ഇടപെടുകയും കോച്ചുകള്‍ കൂട്ടുമെന്നും ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഇതുവരെ നടപടികളൊന്നുമായിട്ടില്ല.

@ യാത്രക്കാർക്ക് ആവശ്യം

1. യാത്രക്കാരുടെ എണ്ണത്തിനനുസരിച്ച്‌ പുതിയ വണ്ടികള്‍

2. കൂടുതല്‍ മെമു സർവീസ്

3. നിലവിലെ വണ്ടികളില്‍ കൂടുതല്‍ ബോഗികള്‍

4. സുരക്ഷാ സംവിധാനം മെച്ചപ്പെടുത്തുക

5. കേരളത്തിലെ രണ്ടാമത്തെ വന്ദേഭാരതിലെ കോച്ചുകള്‍ 16 ആക്കുക,

Facebook Comments Box

By admin

Related Post