‘ഷാഫിയുടെ മതം ചര്‍ച്ചയാക്കിയത് തോല്‍വി ഭയന്ന്, സിപിഎം അരുതാത്ത പലതും ചെയ്‌തു’; കെ മുരളീധരൻ
തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വടകര മണ്ഡലത്തില്‍ ഉയർന്നുവന്ന രാഷ്ട്രീയ വിവാദങ്ങളില്‍ പ്രതികരിച്ച് മുതിർന്ന കോണ്‍ഗ്രസ് നേതാവും വടകര എംപിയുമായിരുന്ന കെ മുരളീധരൻ.
തിരഞ്ഞെടുപ്പ് വേളയില്‍ മണ്ഡലത്തില്‍ ഉടനീളം ഷാഫി പറമ്ബിലിന്റെ മതം പറഞ്ഞുള്ള പ്രചരണം സിപിഎം ഉയർത്തിയെന്ന കോണ്‍ഗ്രസിന്റെ ആക്ഷേപം നിലനില്‍ക്കെയാണ് മുരളീധരനും ഈ വിഷയത്തില്‍ തന്റെ നിലപാട് അറിയിച്ചത്.
വടകരയില്‍ സിപിഎം അരുതാത്ത പല കാര്യങ്ങളും ചെയ്‌തെന്നും ഷാഫി ജയിച്ചാല്‍ വടകര എന്നന്നേക്കുമായി നഷ്‌ടമാവുമെന്ന ഭയമാണ് സിപിഎമ്മിനെന്നും മുരളീധരൻ ചൂണ്ടിക്കാട്ടി. വടകര ബാലികേറാമലയാകുമെന്ന ചിന്ത കൊണ്ടാണ് സിപിഎം വടകരയില്‍ അരുതാത്ത പലതും ചെയ്‌തത്, അതുകൊണ്ടാണ് മുൻപ് മുല്ലപ്പള്ളി രാമചന്ദ്രനും താനും മത്സരിച്ചപ്പോള്‍ ഒന്നും ഇല്ലാതിരുന്ന പ്രശ്‌നങ്ങള്‍ ഇപ്പോള്‍ ഉയർന്നു വന്നതെന്നും മുരളീധരൻ ഏഷ്യാനെറ്റ് ന്യൂസിന്റെ പോയിന്റ് ബ്ലാങ്ക് പരിപാടിയില്‍ പറഞ്ഞു.
തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ ഷാഫിയുടെ മതവും ഒരു ഘടകം ആയെന്നും മുരളീധരൻ ചൂണ്ടിക്കാട്ടി. 2019 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വടകര മണ്ഡലത്തിലേക്ക് മുല്ലപ്പള്ളി രാമചന്ദ്രന് പകരം കടന്നുവന്ന മുരളീധരൻ വൻ ഭൂരിപക്ഷത്തില്‍ വെന്നിക്കൊടി പാറിച്ചിരുന്നു. എന്നാല്‍ ഇക്കുറിയും ഇവിടെ രണ്ടാമൂഴം കിട്ടുമെന്ന് കരുതിയ മുരളീധരനെ അവസാന നിമിഷം തൃശൂരിലേക്ക് പറിച്ചു നടുകയായിരുന്നു.
അതേസമയം, രാഹുല്‍ ഗാന്ധിക്ക് എതിരെ പിവി അൻവർ എംഎല്‍എ നടത്തിയ പരാമർശത്തിന് എതിരെയും കെ മുരളീധരൻ കടുത്ത രീതിയില്‍ പ്രതികരിച്ചു. അൻവർ നടത്തിയ പ്രസ്‌താവനയ്ക്ക് ജനം തിരഞ്ഞെടുപ്പില്‍ തിരിച്ചടി നല്‍കുമെന്നാണ് മുരളീധരൻ പറയുന്നത്. കൂടാതെ അൻവറിന്റെ പ്രസ്‌താവന തള്ളിക്കളയാത്ത മുഖ്യമന്ത്രിയും സിപിഎം സംസ്ഥാന അധ്യക്ഷനും ഇതൊരു കൂട്ടായ നടപടി ആണെന്നതിന്റെ സൂചന നല്‍കുന്നുവെന്നും മുരളീധരൻ ചൂണ്ടിക്കാട്ടി.
തിരഞ്ഞെടുപ്പ് പ്രചരണ വേളയിലായിരുന്നു പിവി അൻവർ നേരത്തെ രാഹുല്‍ ഗാന്ധിയെ വ്യക്തി അധിക്ഷേപം നടത്തുന്ന രീതിയില്‍ സംസാരിച്ചത്. രാഹുലിന്റെ ഡിഎൻഎ പരിശോധിക്കണമെന്നും അദ്ദേഹം നാലാംകിട പൗരനായി മാറിയെന്നും അൻവർ ആരോപിച്ചിരുന്നു. പേരിനൊപ്പമുള്ള ഗാന്ധി കൂട്ടി വിളിക്കാൻ കഴിയാത്ത നിലയിലേക്ക് രാഹുല്‍ അധപതിച്ചെന്നും അൻവർ ചൂണ്ടിക്കാട്ടിയിരുന്നു.
‘നെഹ്റു കുടുംബത്തിന്റെ ജനിറ്റിക്‌സില്‍ ജനിച്ച ഒരാള്‍ക്ക് അങ്ങനെ പറയാൻ കഴിയുമോ? എനിക്ക് ഈ കാര്യത്തില്‍ നല്ല സംശയമുണ്ട്. രാഹുലിന്റെ ഡിഎൻഎ പരിശോധിക്കണം. രാഹുല്‍ മോദിയുടെ ഏജന്റാണോ എന്ന് സംശയിക്കേണ്ട നിലയിലേക്കാണ് കാര്യങ്ങളുടെ പോക്ക്’ അൻവർ പ്രസംഗത്തിനിടെ പറഞ്ഞു.
ഇതിന് പിന്നാലെ അൻവറിന് എതിരെ കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത് വന്നിരുന്നു. രാഹുല്‍ ഗാന്ധിയെ വ്യക്തി അധിക്ഷേപം നടത്തിയ അൻവറിനെ കോണ്‍ഗ്രസ് നേതാക്കള്‍ വിമർശിച്ചിരുന്നു. എന്നാല്‍ അൻവറിന്റെ പരാമർശത്തില്‍ തെറ്റില്ലെന്ന നിലപാടായിരുന്നു മുഖ്യമന്ത്രിയും എംവി ഗോവിന്ദനും സ്വീകരിച്ചത്. ഇതും വിമർശനത്തിന് ഇടയാക്കിയിരുന്നു.