Kerala NewsLocal NewsPolitics

കരമന അഖിലിന്റെ കൊലപാതകം: കുറ്റക്കാര്‍ക്കെതിരെ ശക്തമായ നിയമ നടപടിയുണ്ടാകുമെന്ന് മന്ത്രി വി ശിവന്‍കുട്ടി

Keralanewz.com

തിരുവനന്തപുരം|കരമനയില്‍ കാറിലെത്തിയ സംഘം യുവാവിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി.

ദാരുണമായ സംഭവമാണിതെന്നും സര്‍ക്കാര്‍ അതീവ ഗൗരവത്തോടെയാണ് ഇക്കാര്യത്തെ നോക്കി കാണുന്നതെന്നും മന്ത്രി പറഞ്ഞു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കും. തലസ്ഥാന നഗരി സാധാരണഗതിയില്‍ ശാന്തമാണ്. ശാന്തമായ അന്തരീക്ഷം നിലനിര്‍ത്താന്‍ ശക്തമായ ഇടപെടലുകള്‍ ഉണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. അഖിലിന്റെ വീട് സന്ദര്‍ശിച്ചശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.

അതേസമയം അഖില്‍ കൊലപാതക കേസില്‍ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു. വട്ടപ്പാറ സ്വദേശി കിരണ്‍ കൃഷ്ണയെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. മറ്റ് നാല് പേര്‍ക്കായി പോലീസ് തിരച്ചില്‍ തുടരുകയാണെന്നും പോലീസ് അറിയിച്ചു. കേസില്‍ പിടിയിലാകാനുള്ള നാല് പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. വിനീഷ് രാജ്, അഖില്‍, സുമേഷ്, അനീഷ് എന്നിവരെയാണ് ഇനി പിടികൂടാനുള്ളത്. കരമന അനന്തു വധക്കേസ് പ്രതി കിരണ്‍ കൃഷ്ണനും സംഘവുമാണ് കൃത്യത്തിന് പിന്നിലെന്ന് പോലീസ് അറിയിച്ചു.

വെള്ളിയാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് കാറിലെത്തിയ സംഘം കരമന സ്വദേശി അഖിലിനെ (22) കൊലപ്പെടുത്തിയത്. അഖിലിനെ ക്രൂരമായാണ് കൊലപ്പെടുത്തിയതെന്നതിന്റെ സിസി ടിവി ദൃശ്യങ്ങളും പുറത്തു വന്നു. അക്രമികള്‍ കമ്ബിവടി കൊണ്ട് പലതവണ അഖിലിന്റെ തലയ്ക്കടിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ഇരുമ്ബു വടികൊണ്ട് പലതവണ തലയ്ക്കടിച്ച ശേഷം കല്ലുകൊണ്ട് ശരീരം മുഴുവന്‍ ആക്രമിച്ചിട്ടുണ്ട്. ഹോളോബ്രിക്സ് കൊണ്ടും യുവാവിന്റെ തലയ്ക്കടിച്ചിട്ടുണ്ട്. തലയോട്ടി പിളര്‍ന്ന നിലയിലായിരുന്നു ആശുപത്രിയിലെത്തിക്കുമ്ബോള്‍ അഖിലെന്ന് പോലീസ് പറഞ്ഞു.

മത്സ്യക്കച്ചവടമായിരുന്നു അഖിലിന്റെ തൊഴില്‍. കച്ചവടം നടക്കുന്നതിനിടെയാണ് അക്രമികള്‍ അഖിലിനെ മര്‍ദിച്ചത്. അഖിലിന്റെ നിലവിളി കേട്ട് നാട്ടുകാര്‍ ഓടിയെത്തിയപ്പോഴേക്കും പ്രതികള്‍ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടിരുന്നു. കഴിഞ്ഞയാഴ്ച ബാറില്‍ വെച്ച്‌ അഖിലും ഒരു സംഘവും തമ്മില്‍ വാക്കേറ്റവും സംഘര്‍ഷവുമുണ്ടായിരുന്നു. ഇതാണ് കൊലയില്‍ കലാശിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

Facebook Comments Box