ജയിക്കുമായിരുന്ന സിറ്റിങ് സീറ്റ് വിട്ട് പോയത് എന്റെ തെറ്റ്’; ഡല്‍ഹിയിലെത്തി എക്സ് എംപി പാസ് വാങ്ങി മുരളീധരൻ
ന്യൂഡല്‍ഹി: കേരളത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പിനു 2 വർഷം മാത്രമുള്ളപ്പോള്‍ എല്ലായിടത്തും പോയി മത്സരിക്കേണ്ട കാര്യമില്ലെന്നു കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരൻ.
തൃശൂരില്‍ ജയിക്കാൻ ബുദ്ധിമുട്ടുണ്ടെന്ന് ടി.എൻ.പ്രതാപനും പറഞ്ഞിരുന്നില്ല. പത്മജ വേണുഗോപാല്‍ ബിജെപിയില്‍ ചേർന്നത് ഒരു ശതമാനം പോലും തോല്‍വിക്ക് കാരണമായിട്ടില്ല. രാഹുല്‍ ഗാന്ധി വയനാട് ഒഴിയുകയാണെങ്കില്‍ പ്രിയങ്കാ ഗാന്ധി മത്സരിക്കണമെന്നാണ് തന്റെ അഭിപ്രായമെന്നും മുരളീധരൻ ഡല്‍ഹിയില്‍ പറഞ്ഞു.
എക്സ് എംപി പാസ് വാങ്ങാനും ഔദ്യോഗിക വസതി ഒഴിയാനുമായി ഡല്‍ഹിയിലെത്തിയതായിരുന്നു അദ്ദേഹം. തൃശൂരില്‍ സുരേഷ് ഗോപി നടത്തിയ പ്രവർത്തനങ്ങള്‍ വിലയിരുത്തുന്നതില്‍ പാര്‍ട്ടി സംവിധാനത്തിനും തനിക്കും വീഴ്ച പറ്റിയെന്നു മുരളീധരൻ പറഞ്ഞു. തോല്‍വിയെ കുറിച്ച് ചോദിക്കാനാണ് രാഹുല്‍ ഫോണില്‍ വിളിച്ച് സംസാരിച്ചത്. എന്നോട് അഭിപ്രായം ചോദിച്ചത് ബഹുമതിയായി കാണുന്നു. തൃശൂരില്‍ ക്രൈസ്തവ വോട്ടുകളില്‍ വിള്ളല്‍ വീണെങ്കിലും മറ്റ് മണ്ഡലങ്ങളില്‍ ചോർച്ച ഉണ്ടായിട്ടില്ല. അതിനാലാണ് കോട്ടയത്തും ഇടുക്കിയിലും യുഡിഎഫ് വലിയ ഭൂരിപക്ഷത്തില്‍ വിജയിച്ചത്.
ജയിക്കുമായിരുന്ന സിറ്റിങ് സീറ്റ് വിട്ട് മറ്റൊരു സീറ്റില്‍ മത്സരിക്കാന്‍ പോയത് എന്‍റെ തെറ്റാണ്. അടുത്ത ഒരു വര്‍ഷത്തേക്ക് പ്രവര്‍ത്തനത്തില്‍ സജീവമായുണ്ടാകില്ല. പ്രവര്‍ത്തന കേന്ദ്രം ഇനി കേരളമാണ്. എംപി അല്ലാത്തതിനാല്‍ ഇനി ഡല്‍ഹിക്ക് വരേണ്ടല്ലോ- മുരളീധരൻ പറഞ്ഞു.