ഹാരീസ് ബീരാനു രാജ്യസഭ, ലീഗിനുളളിൽ പൊട്ടിത്തെറി; പേമെൻ്റ് സീറ്റെന്ന് ആക്ഷേപം.
മലപ്പുറം: മുസ്ലിം ലീഗിലെ പ്രബല നേതാക്കളെ തഴഞ്ഞ് അഡ്വ. ഹാരിസ് ബീരാന് രാജ്യസഭാ ടിക്കറ്റ് നല്‍കിയത് പേമെൻ്റ് സീറ്റാണെന്ന ആക്ഷേപം ഉയരുന്നു.
ലീഗിലെ കുഞ്ഞാലിക്കുട്ടി പക്ഷത്തിന്റെ ആരോപണമുന ലീഗ് അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ക്ക് നേരെയാണുയരുന്നത്. പാണക്കാട് തങ്ങളോട് എതിർ വായില്ലെന്ന കീഴ് വഴക്കം കാരണം പരസ്യ വിമർശനങ്ങള്‍ ഉയരുന്നില്ലെന്നു മാത്രം.
രാജ്യസഭാ സീറ്റിന് അർഹരായ പ്രവർത്തന പാര മ്പര്യമുള്ള ഒരുപറ്റം നേതാക്കളെ വെട്ടിനിരത്തിയാണ് ശിഹാബ് തങ്ങള്‍ അഡ്വ. ഹാരിസ് ബീരാനു വേണ്ടി കടുംപിടിത്തം കാണിച്ചത്.
ലീഗിനു വേണ്ടി നടത്തിയ കേസുകളിലും ഹാരിസ് ബീരാൻ ലക്ഷങ്ങള്‍ ചോദിച്ചു വാങ്ങിയിരുന്നു. ലീഗ് നേതൃത്വം ശുപാർശ ചെയ്ത കേസുകളിലും പ്രതിഫലം കുറച്ചിട്ടില്ല.
ലീഗിന്റെ സാംസ്കാരിക വിഭാഗമായ കെഎംസിസി ദല്‍ഹി ഘടകത്തിന്റെ പ്രസിഡൻ്റ് സ്ഥാനം ഹാരിസ് ബീരാൻ സംഘടിപ്പിച്ചപ്പോള്‍ തന്നെ രാജ്യസഭാ ടിക്കറ്റാണ് ലക്ഷ്യമെന്ന് ലീഗിലെ എതിർവിഭാഗം കണക്കുകൂട്ടിയിരുന്നു.
പാലാരിവട്ടം അഴിമതി കേസില്‍ പ്രതിയായ ലീഗ് മുൻമന്ത്രി ഇബ്രാഹിം കുഞ്ഞിന്റെ സഹോദര പുത്രനാണ് ഹാരിസ് ബീരാൻ. ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം എ സലാമിനെ രാജ്യസഭാ സ്ഥാനാർഥിയാക്കാനാണു ലീഗില്‍ ഭൂരിഭാഗം നേതാക്കളും ആഗ്രഹിച്ചത്. ഇത്തവണ യുവ നേതാവ് ആകട്ടെയെന്ന ചർച്ചയില്‍ യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി ഫൈസല്‍ ബാബു, യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസ് എന്നിവരുടെ പേരുകളും ഉയർന്നു വന്നിരുന്നു. എന്നാല്‍ ലീഗില്‍ പാണക്കാട് തങ്ങളുടെ വീറ്റോ അധികാരം പ്രയോഗിച്ചാണ് ഹാരിസ് ബീരാനെ സ്ഥാനാർഥിയാക്കിയത്.
ലീഗില്‍ അവസാന വാക്ക് പാണക്കാട് തങ്ങള്‍ക്കാണെങ്കിലും സമവായ തീരുമാനങ്ങളായിരുന്നു കൂടുതലും. ലീഗില്‍ കുഞ്ഞാലിക്കുട്ടി – മുനീർ ചേരികളില്‍ അഭിപ്രായ ഭിന്നത ഉണ്ടായ ഘട്ടങ്ങളിലാണ് പാണക്കാട് തങ്ങളുടെ അന്തിമ തീരുമാനം വരിക. ഇത്തവണ പി.എം.എ സലാമിനെയോ പി.കെ. ഫിറോസിനെയോ സ്ഥാനാർഥിയാക്കുന്നതില്‍ പാർട്ടിക്കുള്ളില്‍ ഭിന്നതകള്‍ ഇല്ലായിരിക്കെയാണ് പാണക്കാട് തങ്ങള്‍ ഏകപക്ഷീയമായി സ്വന്തം തീരുമാനം അടിച്ചേല്‍പിച്ചത്. ലീഗിനുള്ളില്‍ സംസ്ഥാന അധ്യക്ഷന്റെ തീരുമാനത്തിനെതിരെ അസ്വസ്ഥത പടരുന്നതും ഇതാദ്യമായാണ്.
ഈ അഭിപ്രായ വ്യത്യാസം ഒരു പെട്ടിത്തെറിയിലെത്തിച്ചേർന്നാലും അദ്ദുതപ്പെടാനില്ല.