പിസി ജോര്‍ജ് ഇനി ബിജെപിയുടെ ദേശീയ നേതാവ്; ഷോണിനും സാധ്യതകൾ :
കൊച്ചി: സംഘടനാ തലത്തില്‍ വലിയ മാറ്റങ്ങള്‍ക്ക് തയ്യാറെടുത്ത് ബി ജെപി . കേരളത്തില്‍ നിന്നുള്ള ചില നേതാക്കള്‍ക്ക് ദേശീയ ചുമതലകള്‍ നല്‍കിയേക്കും.
ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് സ്വന്തം പാര്‍ട്ടി പിരിച്ചുവിട്ട് ബിജെപിയില്‍ ചേര്‍ന്ന പിസി ജോര്‍ജിനെ ദേശീയ കൗണ്‍സിലില്‍ എടുക്കുമെന്നാണ് വിവരം. മകന്‍ ഷോണ്‍ ജോര്‍ജിന് സംസ്ഥാന തലത്തില്‍ പദവി നല്‍കുമെന്നും കേള്‍ക്കുന്നു.
ഈ മാസം 29ന് കൊച്ചിയില്‍ ബിജെപി സംസ്ഥാന നേതൃയോഗം ചേരുന്നുണ്ട്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടതും സംഘടനാ കാര്യങ്ങളും ചര്‍ച്ച ചെയ്യുന്ന ഈ യോഗത്തിന് ശേഷമാകും അഴിച്ചുപണി. കേരളത്തിലെ നാല് ജില്ലാ അധ്യക്ഷന്‍മാരെ മാറ്റുമെന്നാണ് സൂചന. അതേസമയം, മൂന്ന് ഉപതിരഞ്ഞെടുപ്പുകളിലെ സ്ഥാനാര്‍ഥികള്‍ സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് അനൗദ്യോഗിക തുടക്കമായി.
ലോക്‌സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്ബാണ് പിസി ജോര്‍ജ് ബിജെപിയില്‍ ചേര്‍ന്നത്. പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തില്‍ അദ്ദേഹം ബിജെപി സ്ഥാനാര്‍ഥിയാകുമെന്ന് അഭ്യൂഹമുണ്ടായിരുന്നു എങ്കിലും അനില്‍ കെ ആന്റണിയെ ആണ് പാര്‍ട്ടി മല്‍സരിപ്പിച്ചത്. പിസി ജോര്‍ജിന് ഇക്കാര്യത്തില്‍ കടുത്ത അമര്‍ഷമുണ്ടായിരുന്നുവത്രെ. മറ്റേതെങ്കിലും സ്ഥാനാര്‍ഥി ആയിരുന്നെങ്കില്‍ ജയിക്കുമായിരുന്നു എന്നാണ് പിസി ജോര്‍ജ് പ്രതികരിച്ചത്.
പിസി ജോര്‍ജിന് സംഘടനാ തലത്തില്‍ പദവികള്‍ നല്‍കാന്‍ ബിജെപി ആലോചിക്കുന്നുണ്ട്. ദേശീയ പദവി നല്‍കാനാണ് സാധ്യത. പിസി ജോര്‍ജിന് പ്രത്യേക പദവികള്‍ നല്‍കാതിരിക്കുന്നത് തിരിച്ചടിക്ക് വഴിയൊരുങ്ങുമെന്നും ചര്‍ച്ചയുണ്ട്. ഷോണ്‍ ജോര്‍ജിനെ സംസ്ഥാന സമിതിയില്‍ ഉള്‍പ്പെടുത്തുമെന്നാണ് വിവരങ്ങള്‍. ജോര്‍ജ് കുര്യന്‍ കേന്ദ്രമന്ത്രിയായതിനാല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പദം ഒഴിയും. ഈ പദവിയിലേക്കും പുതിയ ആളെത്തും.
ആറ്റിങ്ങല്‍ മണ്ഡലത്തില്‍ ബിജെപിയുടെ മുന്നേറ്റത്തിന് ചുക്കാന്‍ പിടിച്ച സംസ്ഥാന സെക്രട്ടറി എസ് സുരേഷ്, തൃശൂരില്‍ സുരേഷ് ഗോപിയുടെ വിജയത്തിന് കഠിനാധ്വാനം ചെയ്ത ജില്ലാ പ്രസിഡന്റ് അനീഷ് കുമാര്‍, ആലപ്പുഴയില്‍ മികച്ച മുന്നേറ്റം നടത്തിയ ശോഭ സുരേന്ദ്രന്‍ എന്നിവരില്‍ ആരെങ്കില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയാകുമെന്നാണ് സൂചന. കോഴിക്കോട്, തിരുവനന്തപുരം, എറണാകുളം, ഇടുക്കി ഉള്‍പ്പെടെയുള്ള ജില്ലകളില്‍ ജില്ലാ അധ്യക്ഷന്‍മാര്‍ മാറും.
ഉപതിരഞ്ഞെടുപ്പില്‍ ആരൊക്കെ മല്‍സരിക്കണം എന്ന കാര്യത്തിലും ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ഔദ്യോഗിക ചര്‍ച്ചകള്‍ ജൂലൈ മുതലാകും ആരംഭിക്കുക. വയനാട് ലോക്‌സഭാ ഉപതിരഞ്ഞെടുപ്പില്‍ സന്ദീപ് വാര്യരുടെ പേരിനാണ് പ്രഥമ പരിഗണന. അതേസമയം, പ്രിയങ്ക ഗാന്ധിക്കെതിരെ ശോഭ സുരേന്ദ്രനെ മല്‍സരിപ്പിക്കണമെന്ന അഭിപ്രായവുമുണ്ട്. എന്നാല്‍ ശോഭയെ പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാക്കാനാണ് സാധ്യതയെന്നും കേള്‍ക്കുന്നു.
വയനാട് ലോക്‌സഭ സീറ്റ്, പാലക്കാട്, ചേലക്കര നിയമസഭാ സീറ്റുകള്‍ എന്നിവിടങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കാനുള്ളത്. പാലക്കാട് ബിജെപി രണ്ടാംസ്ഥാനത്തുള്ള മണ്ഡലമാണ്. ആഞ്ഞുപിടിച്ചാല്‍ മണ്ഡലം കൂടെപോരുമെന്ന പ്രതീക്ഷയിലാണ് നേതൃത്വം. സി കൃഷ്ണദാസിന്റെ പേരും ഇവിടെ പരിഗണനയിലുണ്ട്. ഉപതിരഞ്ഞെടുപ്പില്‍ ഏറെ ശ്രദ്ധിക്കപ്പെടുന്ന മണ്ഡലവും പാലക്കാട് തന്നെയാകും.