മുസ്‌ലിം പ്രസിഡന്റിനെ തിരഞ്ഞെടുക്കാൻ കോണ്‍ഗ്രസിനോട് മോദിയുടെ ശക്തമായ വെല്ലുവിളി
ചണ്ഡീഗഢ്: വഖഫ് നിയമത്തെ ശക്തമായി പിന്തുണച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി, കോണ്‍ഗ്രസിന്റെ എതിർപ്പിനെ പ്രീണന രാഷ്ട്രീയത്തിന്റെ ഭാഗമായി വിമർശിച്ചു.
ഹരിയാനയിലെ ഹിസാറില്‍ ഡോ. ബി.ആർ. അംബേദ്കറുടെ ജന്മവാർഷികത്തോടനുബന്ധിച്ച് നടന്ന റാലിയില്‍ സംസാരിക്കവേ, മുസ്ലിം സമുദായത്തോട് യഥാർത്ഥ പ്രതിബദ്ധത ഉണ്ടെങ്കില്‍ ഒരു മുസ്ലിമിനെ പ്രസിഡന്റായി നിർദ്ദേശിക്കുമോയെന്നും 50 ശതമാനം ടിക്കറ്റുകള്‍ മുസ്ലിം സ്ഥാനാർത്ഥികള്‍ക്ക് നല്‍കുമോയെന്നും കോണ്‍ഗ്രസിനോട് അദ്ദേഹം ചോദിച്ചു.
റാലിക്ക് മുന്നോടിയായി, 410 കോടി രൂപയിലധികം ചെലവില്‍ നിർമിക്കുന്ന മഹാരാജ അഗ്രസേൻ വിമാനത്താവളത്തിന്റെ പുതിയ ടെർമിനല്‍ കെട്ടിടത്തിന് മോദി തറക്കല്ലിട്ടു. അയോധ്യയിലേക്കുള്ള വാണിജ്യ വിമാനത്തിന്റെ ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു. “ചെരിപ്പ് ധരിച്ചവർ പോലും വിമാനത്തില്‍ പറക്കും” എന്ന തന്റെ വാഗ്ദാനം രാജ്യവ്യാപകമായി യാഥാർത്ഥ്യമായിക്കൊണ്ടിരിക്കുകയാണെന്ന് മോദി ആവർത്തിച്ചു.
കോണ്‍ഗ്രസ് ഭരണകാലത്ത് പട്ടികജാതി, പട്ടികവർഗ, ഒബിസി വിഭാഗങ്ങളെ “രണ്ടാംതരം പൗരന്മാരായി” കണക്കാക്കിയിരുന്നുവെന്ന് മോദി ആരോപിച്ചു. കർണാടകയില്‍ എസ്സി, എസ്ടി, ഒബിസി സംവരണത്തെ പ്രീണന ഉപകരണമാക്കി മാറ്റി, മതാടിസ്ഥാനത്തില്‍ ടെൻഡറുകള്‍ നല്‍കിയെന്നും ഇത് ഭരണഘടനയ്ക്ക് വിരുദ്ധമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കോണ്‍ഗ്രസിന്റെ പ്രീണന നയങ്ങള്‍ മുസ്ലിം സമുദായത്തിന് ദോഷകരമായെന്നും, കുറച്ചുപേർക്ക് മാത്രം ഗുണം ചെയ്ത് ഭൂരിഭാഗത്തെ വിദ്യാഭ്യാസരഹിതരും ദരിദ്രരുമാക്കിയെന്നും മോദി ആരോപിച്ചു. വഖഫ് ബോർഡുകള്‍ക്ക് കീഴിലുള്ള വിസ്തൃതമായ ഭൂമി ദരിദ്രർക്കും നിരാലംബർക്കും കുട്ടികള്‍ക്കും വേണ്ടിയുള്ളതാണെങ്കിലും, ഭൂമാഫിയകള്‍ ഇതിനെ ചൂഷണം ചെയ്യുകയാണെന്ന് അദ്ദേഹം പറഞ്ഞു. പട്ടികജാതി, ആദിവാസി, പിന്നാക്ക വിഭാഗങ്ങളുടെ ഭൂമി കൈയേറുന്നത് പസ്മാന്ദ മുസ്ലിങ്ങള്‍ക്ക് യാതൊരു പ്രയോജനവും നല്‍കുന്നില്ലെന്ന് അദ്ദേഹം വിമർശിച്ചു.
പുതിയ വഖഫ് നിയമഭേദഗതികള്‍ ഈ ചൂഷണം അവസാനിപ്പിക്കുമെന്നും, ആദിവാസി ഭൂമിയില്‍ വഖഫ് ബോർഡുകള്‍ക്ക് ഇടപെടാൻ കഴിയില്ലെന്നും മോദി വ്യക്തമാക്കി. ഇത് ആദിവാസി താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള നിർണായക ചുവടുവയ്പ്പാണെന്ന് അദ്ദേഹം അവകാശപ്പെട്ടു. കോണ്‍ഗ്രസ് ഭരണകാലത്ത് ബി.ആർ. അംബേദ്കറെ അപമാനിച്ചുവെന്നും, അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പ് പരാജയങ്ങള്‍ക്ക് വഴിയൊരുക്കി, സംവിധാനത്തില്‍നിന്ന് പുറന്തള്ളാൻ ഗൂഢാലോചന നടത്തിയെന്നും മോദി ആരോപിച്ചു. അംബേദ്കറുടെ മരണശേഷം അദ്ദേഹത്തിന്റെ പൈതൃകവും ആശയങ്ങളും ഇല്ലാതാക്കാൻ കോണ്‍ഗ്രസ് ശ്രമിച്ചുവെന്നും, വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ വിഷം രാജ്യത്ത് പടർത്തിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഉത്തരാഖണ്ഡില്‍ ഏകീകൃത സിവില്‍ കോഡ് (യുസിസി) നടപ്പാക്കിയതിനെക്കുറിച്ച് സംസാരിച്ച മോദി, മതേതരത്വത്തില്‍ കോണ്‍ഗ്രസിന്റെ ഇരട്ടനിലപാടിനെ വിമർശിച്ചു. “ഭരണഘടന മതേതര സിവില്‍ കോഡിനെക്കുറിച്ച് സംസാരിക്കുന്നു. എന്നാല്‍, കോണ്‍ഗ്രസ് അത് ഒരിക്കലും നടപ്പാക്കിയില്ല. ഇന്ന് ഉത്തരാഖണ്ഡില്‍ യുസിസി നടപ്പായിട്ടും കോണ്‍ഗ്രസ് അതിനെ എതിർക്കുകയാണ്,” അദ്ദേഹം പറഞ്ഞു.