ആലപ്പുഴയിലെ കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പിൽ പൊട്ടിത്തെറി. എൻ സി പി വിട്ട് ജോസഫ് ഗ്രൂപ്പിലെത്തിയ റെജി ചെറിയാന് കുട്ടനാട് സീറ്റ്. പാർട്ടി വിടാനൊരുങ്ങി ജേക്കബ് എബ്രഹാം.
ആലപ്പുഴ:
ആലപ്പുഴയിലെ കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പിൽ കലാപ സമാനമായ അന്തരീക്ഷം. എൻ സി പി വിട്ട് ജോസഫ് ഗ്രൂപ്പിൽ ചേക്കേറിയ പ്രവാസി മലയാളി റെജി ചെറിയാന് വരുന്ന തെരഞ്ഞെടുപ്പിൽ കുട്ടനാട് സീറ്റ് നൽകിയേക്കും. ജില്ലാ പ്രസിഡൻറ് ജേക്കബ് എബ്രഹാമും സഹപ്രവർത്തകരും പാർട്ടി വിടുമെന്ന് സൂചന, പി.ജെ ജോസഫിനോട് തട്ടിക്കയറിയും ക്ഷോഭിച്ചും ജില്ലാ പ്രസിഡന്റ് ജേക്കബ് എബ്രഹാം. പണം വാങ്ങി സീറ്റ് വാഗ്ദാനം നൽകിയെന്ന് ആരോപണം . ആലപ്പുഴ : കായംകുളത്തെ പ്രവാസി മലയാളിയും റമദ ഗ്രൂപ്പ് ഓഫ് ഹോട്ടൽസിന്റെ ചെയർമാനുമായ മുൻ എൻസിപി നേതാവ് റെജി ചെറിയാൻ കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പിൽ ചേരുന്നതിന് തീരുമാനമെടുത്തത് കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പിൽ കലാപസമാനമായ അന്തരീക്ഷം സൃഷ്ടിച്ചിരിക്കുകയാണ്. നിലവിലെ ജില്ലാ പ്രസിഡണ്ടും കഴിഞ്ഞ രണ്ടുതവണ തുടർച്ചയായി കുട്ടനാട്ടിൽ മത്സരിച്ച് പരാജയപ്പെട്ട മുൻ ജില്ലാ പഞ്ചായത്ത് മെമ്പർ കൂടിയായ ജേക്കബ് എബ്രഹാമാണ് പാർട്ടിയിൽ കലാപകൊടി ഉയർത്തിയിരിക്കുന്നത്. റെജി ചെറിയാൻ കോടിക്കണക്കിന് രൂപ അഡ്വാൻസ് നൽകി ജോസഫ് ഗ്രൂപ്പ് മത്സരിക്കുന്ന കുട്ടനാട് സീറ്റ് വിലയ്ക്ക് വാങ്ങി എന്ന അഭ്യൂഹങ്ങൾ ശക്തമായി ഉയർന്നു കേൾക്കുന്നതിനിടയിലാണ് പുതിയ സംഭവവികാസങ്ങൾ. എൻ സി പി സംസ്ഥാന സമിതി അംഗവും തുടർന്ന് ദേശീയ വർക്കിംഗ് കമ്മിറ്റി അംഗവുമായ റെജി ചെറിയാൻ എൻസിപിയിൽ സംസ്ഥാന പ്രസിഡൻറ് പിസി ചാക്കോയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് അടുത്തകാലത്ത് എൻസിപി വിട്ടിരുന്നു. കഴിഞ്ഞ കുറേ മാസങ്ങളായി എൻസിപി ക്കുള്ളിൽ നടന്ന അധികാര വടംവലിയുടെ ഭാഗമായാണ് റെജി ചെറിയാന്റെ നീക്കം. തുടക്കത്തിൽ പിസി ചാക്കോയുടെ വിശ്വസ്തനായി നിലവിലെ കുട്ടനാട് എംഎൽഎ തോമസ് കെ തോമസിന്റെ വിരുദ്ധ ചേരിയിൽ നിലയുറപ്പിച്ചിരുന്ന റെജി ചെറിയാനെതിരെ തോമസ് കെ തോമസ് വധശ്രമത്തിലെ പരാതി വരെ നൽകിയതായി വാർത്തയുണ്ടായിരുന്നു . തൻറെ പഴയ ഡ്രൈവറെ ഉപയോഗിച്ച് വെള്ളത്തിൽ തള്ളിയിട്ട് കൊല്ലാൻ ശ്രമിച്ചതിന് പിന്നിൽ റെജി ചെറിയാൻ എന്നായിരുന്നു അദ്ദേഹത്തിൻറെ പരാതി. പക്ഷേ പാർട്ടിയിൽ പ്രബലമായ പിസി ചാക്കോ മന്ത്രി ശശീന്ദ്രൻ കൂട്ടുകെട്ട് ഈ വാർത്തക്കെതിരെ രംഗത്ത് വരികയും തോമസ് കെ തോമസിനെ തള്ളിപ്പറയുകയും ചെയ്തു. പക്ഷേ ഇടക്കാലത്ത് പിസി ചാക്കോ യുമായി തെറ്റി റെജി ചെറിയാൻ കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിലേക്ക് ചേക്കേറാൻ തീരുമാനിക്കുകയായിരുന്നു. റമദാ ഹോട്ടൽ എന്ന വ്യവസായ സ്ഥാപനം നടത്തുന്ന റെജി ചെറിയാന് കേരളത്തിലും പുറത്തും നിരവധി വ്യവസായ ശൃംഖലകൾ ഉണ്ട്. ശതകോടീശ്വരനായ റെജി ചെറിയാന്റെ നീക്കങ്ങൾ കുട്ടനാട് സീറ്റ് മുന്നിൽ കണ്ടുകൊണ്ടാണെന്ന് കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിലെ ഒരു വിഭാഗം കരുതുന്നു. കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പിൽ ജോസഫ് വിഭാഗം മത്സരിച്ച കോട്ടയം ലോകസഭാ മണ്ഡലത്തിൽ തിരഞ്ഞെടുപ്പ് പ്രചരണ പ്രവർത്തനങ്ങൾക്കായി കോടിക്കണക്കിന് രൂപ റെജി ചെറിയാൻ സംഭാവന ചെയ്തിരുന്നു. ഇതെല്ലാം പാർട്ടിയിൽ കടന്നുകൂടി കുട്ടനാട് സീറ്റ് തട്ടിയെടുക്കുന്നതിന്റെ ഭാഗമായിട്ടാണെന്നാണ് ജേക്കബ് എബ്രഹാമിനെ അനുകൂലിക്കുന്നവർ പറയുന്നത്. കഴിഞ്ഞ മൂന്നു പതിറ്റാണ്ടിലേറെയായി ജോസഫ് വിഭാഗത്തിൽ അടിയുറച്ചു നിൽക്കുകയും ഒരിക്കലും സ്ഥാനമാനങ്ങൾക്ക് വേണ്ടി ആവശ്യം ഉന്നയിക്കാത്ത ജേക്കബ് എബ്രഹാമിന് കഴിഞ്ഞ രണ്ടു തിരഞ്ഞെടുപ്പിലും വിജയം കപ്പിനും ചുണ്ടിനും ഇടയിൽ നഷ്ടമായി പോയ വ്യക്തിയാണ്. പിജെ ജോസഫിന്റെയും പാർട്ടിയുടെയും പ്രതിസന്ധിഘട്ടങ്ങളിൽ എക്കാലവും അടിയുറച്ചു നിന്ന ജേക്കബ് എബ്രാഹാമിനെ പോലുള്ള മുതിർന്ന നേതാവിനെ അവഗണിക്കുവാൻ പുത്തൻ പണക്കാരനെ കൂട്ടുപിടിച്ച് പാർട്ടിയിലെ എക്സിക്യൂട്ടീവ് ചെയർമാനും കടുത്തുരുത്തി എംഎൽഎയും ആയ മോൻസ് ജോസഫ് നടത്തുന്ന പ്രവർത്തനങ്ങൾ പാർട്ടിയുടെ അടിത്തറ തോണ്ടുമെന്ന് പാർട്ടി ചെയർമാനെ നേരിൽകണ്ട് അവർ മുന്നറിയിപ്പ് നൽകി. പാർട്ടി ജില്ലാ പ്രസിഡൻറ് ജേക്കബ് എബ്രഹാമും അദ്ദേഹത്തിന് അനുകൂലിക്കുന്ന ജില്ലാ ഭാരവാഹികളും കഴിഞ്ഞദിവസം ജോസഫിനെ സന്ദർശിച്ച് ഇക്കാര്യത്തിൽ പരസ്യമായ പ്രതിഷേധം അറിയിച്ചിരുന്നു. പാർട്ടി ജില്ലാ കമ്മിറ്റിയുടെ അഭിപ്രായം ചോദിക്കാതെ കുട്ടനാട് സീറ്റ് ലക്ഷ്യം വച്ച് പാർട്ടിയിൽ ചേരുന്നതിന് അഡ്വാൻസ് പണമടച്ച് കാത്തിരിക്കുന്ന റെജി ചെറിയാന് ചുവപ്പ് പരവതാനി ഒരുക്കി കൊടുക്കുവാനുള്ള മോൻസ് ജോസഫിൻ്റെ നീക്കങ്ങൾക്ക് ചെയർമാൻ പച്ചക്കൊടി കാണിച്ചത് ശരിയായില്ല എന്ന് അവർ മുഖത്തുനോക്കി പറഞ്ഞു. ഒരുവേള വളരെ ക്രൂദ്ധനായും ഷോഭിച്ചുമാണ് സ്വതവേ സൗമ്യനായ ജേക്കബ് എബ്രഹാം പൊട്ടിത്തെറിച്ചത്. പണം ഉണ്ടെന്നു കരുതി എന്തും നൽകാമെന്ന് ആരും കരുതേണ്ടന്നും ആലപ്പുഴയിലെ പാർട്ടിയെ രണ്ടു പതിറ്റാണ്ട് നയിച്ച തന്നെ അവഗണിക്കുകയാണെങ്കിൽ അത് പാർട്ടിയുടെ അന്ത്യത്തിന് കാരണമാകുമെന്നും ജേക്കബ് എബ്രഹാം മുന്നറിയിപ്പ് നൽകിയതാണ് പുറത്തു വരുന്ന വാർത്തകൾ. ജോസഫിന് മുൻപിൽ ആദ്യമായാണ് ജേക്കബ് എബ്രഹാം ഇത്ര മാത്രം ക്ഷോഭിച്ച് സംസാരിച്ചതെന്ന് അദ്ദേഹത്തോടൊപ്പമു ണ്ടായിരുന്ന ജില്ലാ ഭാരവാഹി ഞങ്ങളോട് പറഞ്ഞു. രണ്ടു നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച വകയിൽ മൂന്നു കോടിയിലധികം രൂപ തനിക്ക് കടബാധ്യതയുണ്ടെന്നും ഈ പാർട്ടിക്ക് വേണ്ടി ചത്ത് കിടന്ന് പ്രവർത്തിക്കുന്ന തന്നെ ഒഴിവാക്കി പുത്തൻ പണക്കാരനും പുത്തൻകുറ്റുകാരനുമായ ഒരാൾക്ക് കുട്ടനാട് സീറ്റ് പെയ്ഡ് സീറ്റായി നൽകാമെന്ന് വ്യാമോഹിക്കേണ്ടെന്നും അതിനായി മോൻസിനെ പോലുള്ളവർ ഒത്താശ ചെയ്യുന്നത് ചെയർമാൻ തിരിച്ചറിയണമെന്നും ജേക്കബ് എബ്രഹാം വ്യക്തമാക്കി. പക്ഷേ ജോസഫിനെ ചെന്ന് കണ്ട ശേഷമാണ് റെജി ചെറിയാനെ പാർട്ടിയിലേക്ക് സ്വീകരിക്കുന്നത് ഔദ്യോഗികമായി ജോസഫ് വിഭാഗം അംഗീകരിച്ചത് എന്നുള്ളത് വലിയ വേദനയോടെയാണ് ജേക്കബ് എബ്രഹാമിനെ അനുകൂലിക്കുന്നവർ കാണുന്നത്. കുട്ടനാട് മേഖലയിൽ സംഘടനാ പ്രവർത്തനം ആരംഭിച്ച കാലഘട്ടത്തിൽ മുതൽ ഇന്നുവരെ മറ്റൊരു പാർട്ടിയിലും പോകാതെ ജോസഫ് വിഭാഗത്തിൽ അടിയുറച്ച് പ്രവർത്തിക്കുകയും പാർട്ടി പ്രവർത്തനം നടത്തി സാമ്പത്തിക ബാധ്യത ഏറ്റുവാങ്ങുകയും ചെയ്ത ജേക്കബ് എബ്രഹാമിനെ തള്ളിക്കളഞ്ഞ് റെജി ചെറിയാനെ പോലെ പ്രവർത്തന പാരമ്പര്യം ഇല്ലാത്ത രാഷ്ട്രീയ പ്രവർത്തനത്തിൽ സംശുദ്ധിയില്ലാത്ത ഒരാളെ സ്ഥാനാർത്ഥിയാക്കിയാൽ പരാജയം ഉറപ്പാണെന്നും ആലപ്പുഴയിലെ പ്രത്യേകിച്ച് കുട്ടനാട്ടിലെ കേരള കോൺഗ്രസ് ജോസഫ് വിഭാഗക്കാർ ഒന്നടങ്കം പാർട്ടി ചെയർമാനെ അറിയിച്ചു കഴിഞ്ഞു. കുട്ടനാട് സീറ്റ് ഉപാധി വെച്ച് പാർട്ടിയിൽ കടന്നുവരുന്ന റെജി ചെറിയാനെതിരെ ഒറ്റക്കെട്ടായി നിലകൊള്ളുവാനാണ് ജേക്കബ് എബ്രഹാം തീരുമാനിച്ചിരിക്കുന്നത്. അവസാന വഴിയെന്ന രീതിയിൽ പാർട്ടി വിടുന്നതിന് പോലും മടി കാണിക്കില്ല എന്നാണ് ലഭിക്കുന്ന സൂചനകൾ. കുട്ടനാട് കാരനായ തന്നെ തള്ളി കായംകുളംകാരനായ കോടീശ്വരനെ പാർട്ടിയിലേക്ക് ആനയിക്കുന്നതിന്റെ പിന്നിൽ പാർട്ടിയിൽ മോൻസ് ജോസഫ് പിടിമുറുക്കുന്നതിന്റെ മുന്നൊരുക്കമായിട്ടാണ് ആലപ്പുഴയിലെ ജോസഫ് വിഭാഗക്കാർ കരുതുന്നത്. എന്തായാലും ആലപ്പുഴയിലെ ജോസഫ് വിഭാഗത്തിൽ ഉണ്ടായിരിക്കുന്ന അഭിപ്രായവ്യത്യാസം രൂക്ഷമായി പിളർപ്പിലേക്ക് നയിച്ചേക്കുമെന്നാണ് പുറത്തുവരുന്ന വാർത്തകൾ