Fri. Sep 13th, 2024

ദുരിതാശ്വാസനിധി: കെ. സുധാകരന് മറുപടിയുമായി മുഖ്യമന്ത്രി; ‘ചെറിയ ശബ്ദങ്ങളെ പ്രധാനമെന്ന് കാണേണ്ട”’ സർക്കാരിനെ പിന്തുണച്ച് രമേശ് ചെന്നിത്തലയും, വി.ഡി സതീശനും.

Keralanewz.com

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കുന്നത് സംബന്ധിച്ച കെ. സുധാകരന്‍റെ പ്രസ്താവനക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ.
സുധാകരന്‍ പ്രത്യേകമായി എന്തെങ്കിലും പറഞ്ഞതായിരിക്കുമെന്നും എല്ലാവരും ദുരിതാശ്വാസനിധിയോട് സഹകരിച്ചു കൊണ്ടിരിക്കുകയാണെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.

ദുരിതാശ്വാസനിധിയുമായി സഹകരിക്കുന്ന നിലപാടാണ് പൊതുവില്‍ എല്ലാവരും സ്വീകരിക്കുന്നത്. ധനസഹായ ശേഖരണത്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്. അപ്പോള്‍ ചെറിയ ശബ്ദങ്ങളെ പ്രധാനമെന്ന് നമ്മള്‍ കാണേണ്ട. ഈ വിഷയത്തില്‍ ആരോഗ്യകരമായ സമീപനമാണ് എല്ലാവരും സ്വീകരിക്കുന്നത്. നാം ഒന്നിച്ച്‌ നീങ്ങി കൊണ്ടിരിക്കുകയാണെന്നും സുധാകരന്‍റെ പ്രസ്താവനയില്‍ എന്താണ് ഉണ്ടായതെന്ന് അറിയില്ലെന്നും മുഖ്യമന്ത്രി മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി പറഞ്ഞു.

മുൻ പ്രതിപക്ഷ നേതാവും എം.എല്‍.എയുമായ രമേശ് ചെന്നിത്തല മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കിയതിനെതിരെയാണ് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ പ്രതികരിച്ചത്. സർക്കാറിന് സംഭാവന നല്‍കണമെന്ന് ഇവിടെയാരും പറഞ്ഞിട്ടില്ലെന്നും ഇടതുപക്ഷത്തിന് പണം കൊടുക്കേണ്ട ആവശ്യമില്ലെന്നുമാണ് സുധാകരൻ പറഞ്ഞത്. സംഭാവന നല്‍കാൻ കോണ്‍ഗ്രസിന്റേതായ ഫോറങ്ങളുണ്ടെന്നും അതിലൂടെ സംഭാവന നല്‍കുകയായിരുന്നു വേണ്ടതെന്നും സുധാകരൻ വ്യക്തമാക്കി.

അതേസമയം, കെ. സുധാകരന്‍റെ പ്രസ്താവന തള്ളി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ രംഗത്തെത്തി. എല്ലാവരും ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കണമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. സർക്കാറിനെ വിമർശിക്കേണ്ട സമയമല്ലിത്. ദുരിതാശ്വാസനിധിയില്‍ സുതാര്യത വേണമെന്നും വി.ഡി. സതീശൻ ആവശ്യപ്പെട്ടു.

എന്നാല്‍, സുധാകരന്റെ പ്രസ്താവനയോട് പ്രതികരിക്കാനില്ലെന്ന് രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു. രമേശ് ചെന്നിത്തല ഒരു മാസത്തെ ശമ്ബളമാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവനയായി നല്‍കിയത്. ദുരിതാശ്വാസനിധിക്കെതിരെ വലിയ പ്രചാരണങ്ങള്‍ നടക്കുന്നതിനിടെയാണ് ചെന്നിത്തല സംഭാവന നല്‍കിയത്.

ഈ സംഭവത്തോടെ കോൺഗ്രസ് നേതാക്കൾ തമ്മിലുള്ള അഭിപ്രായ വ്യത്യാസവും, തമ്മിലടിയും വീണ്ടും പരസ്യമായതിൻ്റെ അമർഷത്തിലാണ് കോൺഗ്രസ് നേതൃത്വം.

Facebook Comments Box

By admin

Related Post