AgricultureBUSINESSKerala News

വീണ്ടും കർഷകൻ്റെ പ്രതീക്ഷകളുടെ കടക്കൽ കത്തി വെച്ച് ടയർ ലോബി .വിപണിയിൽ നിന്ന് വിട്ടു നിന്ന് റബറിൻ്റെ വില താഴ്ത്തി.

Keralanewz.com

കോട്ടയം: ടയർലോബി കളി തുടങ്ങിയതോടെ ഉയർന്ന റബർ വില നിലംപൊത്തി. കർഷക‌ർ വീണ്ടും ഉണർന്നതോടെ വിപണിയില്‍ നിന്ന് വിട്ടുനിന്നാണ് റബർ ലോബി പണികൊടുത്തത്.
ഒരാഴ്ച മുമ്ബ് 257 രൂപയ്ക്കു വരെ കച്ചവടം നടന്ന റബറിന് 234 രൂപയ്ക്കു പോലും വില്പന നടന്നില്ല. വ്യവസായികള്‍ മാറിയതോടെ ചെറുകിട കച്ചവടക്കാരും പിൻവലിഞ്ഞു. 257 രൂപയ്ക്ക് വരെ കച്ചവടം നടന്ന സമയത്തും റബർ ബോർഡ് പ്രസിദ്ധീകരിച്ച ഉയർന്ന വില 247 രൂപ മാത്രമായിരുന്നു. കഴിഞ്ഞയാഴ്ച റബർ ബോർഡ് വിലയേക്കാള്‍ എട്ടും പത്തും രൂപ കൂട്ടി വ്യാപാരികള്‍ റബർ വാങ്ങിയിരുന്നുവെങ്കില്‍ ഇപ്പോള്‍ 10 രൂപ വരെ താഴ്ത്തിയാണ് വാങ്ങുന്നത്. ആഭ്യന്തര മാർക്കറ്റില്‍ ചരക്കുക്ഷാമം രൂക്ഷമായിട്ടും വിപണിയില്‍ വില ഇടിക്കുകയാണ്.

വ്യവസായികള്‍ക്ക് വേണ്ടി റബർ ബോർഡും വിലയിടിക്കുകയാണെന്നാണ് കർഷകരുടെ പരാതി. ചെറുകിട കർഷകരില്‍ ഭൂരിഭാഗവും വില 240 കടന്നപ്പോള്‍ തന്നെ ചരക്ക് വിറ്റൊഴിഞ്ഞിരുന്നു. രണ്ടു മാസത്തിനുള്ള ഇറക്കുമതി റബർ കൂടുതലായി എത്തുമെന്ന ഭീഷണി മുഴക്കിയും ടയർ വ്യവസായികള്‍ വിലയിടിക്കുന്നതായി ചെറുകിട വ്യാപാരികള്‍ പറയുന്നു.

ലാറ്റക്സിനും വിലയിടിഞ്ഞു
ഷീറ്റ് റബറിനൊപ്പം ലാറ്റക്സ്, ഒട്ടുപാല്‍ വിലയും കുത്തനെയിടിഞ്ഞു. ഒരുഘട്ടത്തില്‍ ഷീറ്റ് റബറിനെ കടത്തിവെട്ടി മുന്നേറി 250 രൂപയിലെത്തിയ ലാറ്റക്സ് വില ഇപ്പോള്‍ 235 രൂപയായി. കർഷകർക്ക് ലഭിക്കുന്നത് 220 രൂപയും. കഴിഞ്ഞയാഴ്ച കർഷകർക്ക് ഒരു കിലോ ഒട്ടുപാല്‍ വിറ്റാല്‍ 160 രൂപ വരെ ലഭിക്കുമായിരുന്നുവെങ്കില്‍ ഇന്നലെ ലഭിച്ചത് 140 രൂപ മാത്രം.

Facebook Comments Box