സുനിത വില്യംസിന്റെ മടക്കയാത്ര അതീവ അപകടകരം, വായു ലഭിക്കാതെ വരാം, നാസയിലും ഭിന്നത രൂക്ഷം.

സുനിത വില്യംസിന്റെയും ബുച്ച് വില്‍ മോറിന്റെയും ബോയിംഗ് സ്റ്റാര്‍ ലൈനറിലുള്ള മടക്കയാത്ര അതീവ അപകടകരമെന്ന് വിദഗ്ദര്‍.
ഇതുവരെ സ്റ്റാര്‍ ലൈനറിന്റെ സാങ്കേതിക തകരാര്‍ പരിഹരിക്കാത്തതിനാല്‍ പുനഃപ്രവേശനം പരാജയപ്പെട്ടാല്‍ വെറും 96 മണിക്കൂര്‍ ഓക്സിജനുമായി അവര്‍ ബഹിരാകാശത്ത് കുടുങ്ങിപ്പോകും. അല്ലെങ്കില്‍ ബഹിരാകാശ പേടകത്തിലെ താപകവചം പരാജയപ്പെടാനിടയുള്ളതാണ് ഏറ്റവും അപകടകരമായി ശാസ്ത്രഞ്ജര്‍ വിലയിരുത്തുന്നത്.
നാസക്കായി ബോയിങ് വികസിപ്പിച്ചെടുത്ത ബഹിരാകാശ പേടകമായ് സ്റ്റാര്‍ലൈനര്‍ പുനരുപയോഗിക്കാന്‍ സാധിക്കുന്ന ഒന്നാണ്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് സഞ്ചാരികളേയും ചരക്കും എത്തിക്കാന്‍ ഇതിന് സാധിക്കും. ഈ പേടകത്തിന്റെ കന്നി പരീക്ഷണമായാണ് ജൂണ്‍ അഞ്ചിന് ഇന്ത്യന്‍ വംശജ സുനിത വില്യംസും ബുച്ച് വില്‍മോറും ഭൂമിയില്‍ നിന്നും പുറപ്പെട്ടത്. ജൂണ്‍ ഏഴിന് ഐഎസ്‌എസിലെത്തി ജൂണ്‍ 13ന് മടങ്ങാനായിരുന്നു പദ്ധതി. എന്നാല്‍ സ്റ്റാര്‍ലൈനര്‍ പേടകത്തിന്റെ ത്രസ്റ്ററുകള്‍ക്കുണ്ടായ തകരാറുകളും ഹീലിയം ചോര്‍ച്ചയും അതിന് വിഘാതമായി.
സുനിതയേയും ബുച്ചിനേയും തിരിച്ചു കൊണ്ടുവരണമെന്ന അഭിപ്രായത്തിന് ഇപ്പോഴും നാസയില്‍ ഏകാഭിപ്രായമില്ല. പലരും ഇതിനോട് യോജിക്കുന്നില്ല. ഇതോടെ സ്പേസ് എക്സിന്റെ ക്രൂ 9 പേടകത്തില്‍ സുനിതയേയും ബുച്ചിനേയും തിരിച്ചുകൊണ്ടുവരാനുള്ള സാധ്യതയും നാസ പരിഗണിക്കുന്നത്. ഇവര്‍ക്കു കൂടി വേണ്ട ഇരിപ്പിടങ്ങള്‍ ഒരുക്കുന്നതിനും മറ്റുമായി ക്രൂ 9ന്റെ ഭൂമിയില്‍ നിന്നുള്ള യാത്ര അഞ്ച് ആഴ്ച്ച വൈകിപ്പിച്ച് സെപ്തംബര്‍ 24ലേക്കു നീട്ടിയിട്ടുണ്ട്.
അതേസമയം, 2011-2020 കാലഘട്ടത്തില്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കും തിരിച്ചുമുള്ള ഏക പേടകം റഷ്യയുടെ സോയുസായിരുന്നു. നാസയുടെ സ്പേസ് ഷട്ടില്‍ വിരമിച്ചതോടെയാണ് അമേരിക്കക്ക് സഞ്ചാരികളെ ബഹിരാകാശത്തെത്തിക്കാനും തിരിച്ചു കൊണ്ടുവരാനും തടസ്സം നേരിട്ടത്.