Thu. Apr 25th, 2024

ജോസ് കെ മാണിയുടെ കത്തില്‍ മുഖ്യമന്ത്രിയുടെ ഇടപെടല്‍ : പാലാ ബൈപ്പാസ് പണി ഉടന്‍ പൂര്‍ത്തിയാക്കണമെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ്റിയാസിനോട് മുഖ്യമന്ത്രി

By admin Aug 24, 2021 #news
Keralanewz.com

കോട്ടയം: പാലാ സമാന്തര റോഡിന് ‘കെഎം മാണി ബൈപ്പാസ് റോഡ് ‘ എന്ന് നാമകരണം ചെയ്യും മുമ്പ് കെഎം മാണിസാര്‍ ആഗ്രഹിച്ചതുപോലെ ഈ റോഡ് പൂര്‍ണമായും യാഥാര്‍ഥ്യമാക്കണമെന്ന് കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ ജോസ് കെ മാണിയുടെ കത്ത്


മുഖ്യമന്ത്രി പിണറായി വിജയന്‍, പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് എന്നിവര്‍ക്ക് നൽകിയ കത്തിലാണ് പാലാ സമാന്തര റോഡിന് മാണിസാറിന്‍റെ പേര് നല്‍കും മുമ്പ് അദ്ദേഹം സ്വപ്നം കണ്ടതുപോലെ സമാന്തര റോഡ് പദ്ധതി അടിയന്തിരമായി പൂര്‍ത്തിയാക്കണമെന്ന ആവശ്യം ജോസ് കെ മാണി ഉന്നയിച്ചത്.ഇതേ തുടര്‍ന്ന് ‘കെഎം മാണി’യുടെ നാമകരണത്തിനു മുന്‍പ് റോഡിന്‍റെ അവശേഷിക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കണമെന്ന് മുഖ്യമന്ത്രി, പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന് അടിയന്തിര നിര്‍ദ്ദേശം കൈമാറി. ഇതോടെ പൊതുമരാമത്ത് വകുപ്പ് ബന്ധപ്പെട്ട ഉദ്യോഗസ്ഥരോടും ജില്ലാ കളക്ടറോടും അയിടന്തിര ഇടപെടലിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

പാലാ – തൊടുപുഴ റോഡില്‍ നിന്നും ആരംഭിച്ച് പാലാ – കോട്ടയം റോഡില്‍ അവസാനിക്കുന്ന പാലാ സമാന്തര റോഡിന്‍റെ സിവില്‍ സ്റ്റേഷന്‍, ആര്‍വി ജംഗ്ഷന്‍, മരിയന്‍ ജംഗ്ഷന്‍ എന്നീ മൂന്ന് ഭാഗങ്ങളിലാണ് നിര്‍മ്മാണം പൂര്‍ത്തിയാകാനുള്ളത്. ഈ ഭാഗങ്ങളില്‍ റോഡിന് വീതി കുറവ് കാരണം സമാന്തര റോഡില്‍ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നതും പതിവാണ്.നേരത്തേ 3 ഘട്ടങ്ങളായി നടന്ന സമാന്തര റോഡ് നിര്‍മ്മാണം കെഎം മാണിയുടെ മരണത്തിന് മുന്‍പ് 90 ശതമാനവും പൂര്‍ത്തിയായിരുന്നു. എന്നാല്‍ മൂന്ന് ഘട്ടങ്ങളുടെയും അവസാന ഭാഗങ്ങളില്‍ റോഡ് വീതി കൂട്ടുന്നതുമായി ബന്ധപ്പെട്ട് സ്ഥല ഉടമകളുമായുണ്ടായിരുന്ന തര്‍ക്കം പരിഹരിക്കപ്പെട്ടിരുന്നില്ല. അതിനായുള്ള ചര്‍ച്ചകള്‍ പുനരാരംഭിക്കുന്നതിനിടെയാണ് കെഎം മാണിസാറിന്‍റെ ആരോഗ്യ സ്ഥിതി മോശമാകുകയും ആശുപത്രിയില്‍ പ്രവേശിക്കപ്പെടുകയും പിന്നീട് മരണം സംഭവിക്കുകയും ചെയ്തത്.അതിനുശേഷം അനന്തര നടപടികള്‍ രണ്ടു വര്‍ഷത്തിലേറെയായി മന്ദീഭവിച്ച അവസ്ഥയിലായിരുന്നു.

ഇതു സംബന്ധിച്ച കോടതി വ്യവഹാരങ്ങളില്‍ ഇതിനിടെ ചില പുരോഗതികള്‍ ഉണ്ടായെങ്കിലും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തടസപ്പെട്ട അവസ്ഥയിലാണ്.സ്വന്തം വീടിനു മുമ്പിലൂടെ കടന്നുപോകുന്ന ഈ റോഡ് താന്‍ വിഭാവനം ചെയ്ത രീതിയില്‍ പൂര്‍ത്തീകരിച്ചു കാണണമെന്നത് മാണി സാറിന്‍റെ അവസാന കാലത്തെ ആഗ്രഹമായിരുന്നു. ഈ സാഹചര്യത്തിലാണ് റോഡിന് ‘കെഎം മാണി’ സമാന്തര റോഡെന്ന് പേര് നല്‍കും മുമ്പ് അദ്ദേഹം വിഭാവനം ചെയ്ത അതേ രീതിയില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തികരിക്കണമെന്ന ആവശ്യവുമായി ജോസ് കെ മാണി സര്‍ക്കാരിനെ സമീപിച്ചത്.ഇതോടെ വര്‍ഷങ്ങളായി മുടങ്ങി കിടന്ന സമാന്തര റോഡ് വികസനത്തിന് ശാപമോക്ഷമാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍

Facebook Comments Box

By admin

Related Post