തൊട്ടതെല്ലാം പൊന്നാക്കിയ നോയല്‍, രത്തൻ ടാറ്റയുടെ പിൻഗാമി ; ഒരു പരിചയപ്പെടൽ

മൂംബൈ:രത്തന്‍ ടാറ്റയുടെ നിര്യാണത്തോടെ അദ്ദേഹത്തിന്റെ കോടികളുടെ ബിസിനസ് സാമ്രാജ്യത്തിന്റെ പിന്‍ഗാമിയാര് എന്ന ചോദ്യം എല്ലാവരിൽ നിന്നും ഉയർന്നിരുന്നു.
ഇപ്പോഴിതാ ആ ചോദ്യത്തിന് ഭാഗികമായി ഒരുത്തരം ലഭിച്ചിരിക്കുന്നു. അവസാന കാലത്ത് ബിസിനസ് തിരക്കുകളില്‍ നിന്നെല്ലാം മാറി സ്വസ്ഥമായ ജീവിതമാണ് രത്തന്‍ ടാറ്റ നയിച്ചിരുന്നതെങ്കിലും അദ്ദേഹം ഏറെ പ്രിയപ്പെട്ട ഒന്നായി കണക്കാക്കിയിരുന്നത് ടാറ്റ ട്രസ്റ്റായിരുന്നു.
ടാറ്റ ഗ്രൂപ്പിന്റെ ജീവകാരുണ്യവിഭാഗമാണ് ടാറ്റ ട്രസ്റ്റ്. ഇപ്പോഴിതാ ടാറ്റ ട്രസ്റ്റിന്റെ ചെയര്‍മാനായി രത്തന്‍ ടാറ്റയുടെ അര്‍ധസഹോദരന്‍ നോയല്‍ ടാറ്റ തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. ഇതോടെ ടാറ്റയുടെ മറ്റ് ബിസിനസ് മേഖലകളുടേയും തലപ്പത്തേക്കും നോയല്‍ എത്തുമോ എന്നാണ് എല്ലാവരും ആകാംക്ഷയോടെ ഉറ്റുനോക്കുന്നത്. 1990 കളുടെ അവസാനത്തോടെയാണ് ടാറ്റ ഗ്രൂപ്പിന്റെ നേതൃനിരയിലേക്ക് നോയല്‍ എത്തുന്നത്.
രത്തന്‍ ടാറ്റയോളമില്ലെങ്കിലും ടാറ്റ ഗ്രൂപ്പിന്റെ വളര്‍ച്ചകളില്‍ നോയലിനും ഒരു പങ്ക് അവകാശപ്പെടാനുണ്ട്. നേവല്‍ ടാറ്റയുടെയും സിമോണ്‍ ടാറ്റയുടെയും മകനായാണ് നോയലിന്റെ ജനനം. യുകെയിലെ സസെക്‌സ് സര്‍വകലാശാലയില്‍ നിന്നായിരുന്നു അദ്ദേഹം ബിരുദപഠനം പൂര്‍ത്തിയാക്കിയത്. പിന്നീട് ലോകത്തിലെ ഏറ്റവും മികച്ച ബിസിനസ് സ്‌കൂളുകളിലൊന്നായ ഫ്രാന്‍സിലെ ഇന്‍സീഡില്‍ നിന്ന് ഇന്റര്‍നാഷണല്‍ എക്സിക്യൂട്ടീവ് പ്രോഗ്രാമും പൂര്‍ത്തിയാക്കി.
ഈ അക്കാദമിക് പശ്ചാത്തലം ടാറ്റ ഗ്രൂപ്പിലെ നേതൃപരമായ റോളുകള്‍ ഏറ്റെടുക്കാന്‍ അദ്ദേഹത്തെ സജ്ജമാക്കി. ടാറ്റ ഗ്രൂപ്പിന്റെ വിദേശത്തെ സംരംഭങ്ങള്‍ കൈകാര്യം ചെയ്യുന്ന ടാറ്റ ഇന്റര്‍നാഷണലില്‍ ആയിരുന്നു അദ്ദേഹം തന്റെ പ്രൊഫഷണല്‍ ജീവിതം ആരംഭിച്ചത്. തന്റെ അമ്മ സിമോണ്‍ ആരംഭിച്ച ട്രെന്റിന്റെ മാനേജിംഗ് ഡയറക്ടറായി 1999 ല്‍ അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. ഡിപ്പാര്‍ട്ട്മെന്റ് സ്റ്റോര്‍ ശൃംഖലയായ ലിറ്റില്‍വുഡ്സ് ഇന്റര്‍നാഷണലിനെ ട്രെന്റ് സ്വന്തമാക്കിയതായിരുന്നു ആദ്യനേട്ടം.
പിന്നീട് അത് വെസ്റ്റ്സൈഡ് എന്ന് അറിയപ്പെട്ടു. നോയലിന്റെ നേതൃത്വത്തില്‍ ഇന്ത്യയിലെ ഏറ്റവും വിജയകരമായ റീട്ടെയില്‍ സംരംഭങ്ങളിലൊന്നായി മാറാന്‍ വെസ്റ്റ്‌സൈഡിന് അധികകാലം വേണ്ടി വന്നില്ല. ടാറ്റ ഗ്രൂപ്പില്‍ രത്തന് താഴെയെന്നോണം സ്ഥാനമുറപ്പിക്കാന്‍ അതുവഴി അദ്ദേഹത്തിനായി. 2003-ല്‍ അദ്ദേഹം ടൈറ്റന്‍ ഇന്‍ഡസ്ട്രീസിന്റെയും വോള്‍ട്ടാസിന്റെയും ബോര്‍ഡുകളില്‍ അംഗമായി.
2010-ല്‍ ആണ് ടാറ്റ ഇന്റര്‍നാഷണലിന്റെ മാനേജിംഗ് ഡയറക്ടറാകുന്നത്. എന്നാല്‍ 20111 ല്‍ നോയലിന്റെ ഭാര്യാസഹോദരന്‍ സൈറസ് മിസ്ത്രി ടാറ്റ ഗ്രൂപ്പിന്റെ നേതൃത്വം ഏറ്റെടുത്തു. ഈ തീരുമാനം പലരെയും ആശ്ചര്യപ്പെടുത്തുന്നതായിരുന്നു. എങ്കിലും ഗ്രൂപ്പിനുള്ളില്‍ നോയലിന്റെ സ്വാധീനത്തിന് കുറവുണ്ടായിരുന്നില്ല. 2016 ല്‍ മിസ്ത്രിയെ പുറത്താക്കി രത്തന്‍ ടാറ്റ ഗ്രൂപ്പിന്റെ ഇടക്കാല ചെയര്‍മാനായി മാറി.
ടാറ്റ സണ്‍സിന്റെ ചെയര്‍മാനായില്ലെങ്കിലും കമ്ബനിയുടെ താക്കോല്‍ സ്ഥാനങ്ങളില്‍ നോയലുണ്ടായിരുന്നു. ട്രെന്റ് ആന്‍ഡ് ടാറ്റ ഇന്‍വെസ്റ്റ്മെന്റ് കോര്‍പ്പറേഷന്റെ ചെയര്‍മാനായും ടൈറ്റന്‍ കമ്ബനിയുടെയും ടാറ്റ സ്റ്റീലിന്റെയും വൈസ് ചെയര്‍മാനായും അദ്ദേഹം പ്രവര്‍ത്തിച്ച് വരുന്നതിനിടെയാണ് 2018-ല്‍, ടാറ്റ ഗ്രൂപ്പിന്റെ പ്രധാന ജീവകാരുണ്യ വിഭാഗങ്ങളിലൊന്നായ സര്‍ രത്തന്‍ ടാറ്റ ട്രസ്റ്റിന്റെ ബോര്‍ഡില്‍ അദ്ദേഹം അംഗമാകുന്നത്.
ഒരു കാലത്ത് ടാറ്റ സണ്‍സിന്റെ ഏറ്റവും വലിയ വ്യക്തിഗത ഓഹരി ഉടമയായിരുന്ന പല്ലോന്‍ജി മിസ്ത്രിയുടെ മകള്‍ ആലു മിസ്ത്രിയെയാണ് നോയല്‍ വിവാഹം കഴിച്ചത്. നോയല്‍-ആലു ദമ്ബതികള്‍ക്ക് മൂന്ന് മക്കളാണുള്ളത്, മായ, നെവില്‍, ലിയ. നോയലിന്റെ ആകെ ആസ്തി 1.5 ബില്യണ്‍ ഡോളറാണ് (ഏകദേശം 12,455 കോടി രൂപ) എന്നാണ് ഡിഎന്‍എ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
2023 ല്‍ ഒരു ലക്ഷം കോടി രൂപയുടെ വിപണി മൂല്യനിര്‍ണ്ണയം എന്ന നാഴികക്കല്ല് കൈവരിക്കുന്ന അഞ്ചാമത്തെ ലിസ്റ്റഡ് ടാറ്റ സ്ഥാപനമായി അദ്ദേഹത്തിന് കീഴിലുള്ള ട്രെന്റ് മാറിയിരുന്നു. വെസ്റ്റ്‌സൈഡിന്റെ മാതൃ കമ്ബനിയായ ട്രെന്റ് 2022 ല്‍ 554 കോടി രൂപയിലധികം അറ്റാദായമാണ് കൈവരിച്ചത്.