കാനഡക്ക് തിരിച്ചടിയുമായി ഇന്ത്യയുടെ നിര്‍ണായക നീക്കം, ഹൈക്കമീഷണറടക്കം കാനഡ പ്രതിയാക്കാൻ ലക്ഷ്യം വയ്ക്കുന്ന മുഴുവൻ ഉദ്യോഗസ്ഥരെയും തിരിച്ചുവിളിക്കും
ന്യൂഡൽഹി :ഖലിസ്ഥാനി ഭീകരൻ ഹർദീപ് സിംഗ് നിജ്ജറിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് കേസില്‍ ഇന്ത്യൻ ഹൈക്കമീഷണർ അടക്കമുള്ള ഉദ്യോഗസ്ഥരെ പ്രതിയാക്കാനുള്ള കാനഡ സർക്കാരിന്‍റെ നീക്കത്തിന് ഇന്ത്യയുടെ തിരിച്ചടി.
കേസില്‍ പ്രതിയാക്കാനായി ഹൈക്കമീഷണർ അടക്കം കാനഡ ലക്ഷ്യമിടുന്ന മുഴുവൻ ഉദ്യോഗസ്ഥരെയും തിരിച്ചുവിളിക്കുന്നതായി ഇന്ത്യ വ്യക്തമാക്കി. ഇവരുടെ സുരക്ഷ കാനഡ ഉറപ്പാക്കുമെന്ന് കരുതുന്നില്ലെന്ന് വ്യക്തമാക്കിക്കൊണ്ടാണ് ഇന്ത്യയുടെ നീക്കം. തീവ്രവാദികളെ സഹായിക്കുന്ന കനേഡിയൻ നയത്തിന് ഇന്ത്യ മറുപടി നല്‍കുമെന്നും വാർത്താക്കുറിപ്പിലൂടെ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
നേരത്തെ കാനഡ സർക്കാരിന്‍റെ നീക്കത്തില്‍ കനേഡിയൻ ഹൈക്കമ്മീഷണറെ നേരിട്ട് വിളിച്ചു വരുത്തി വിദേശകാര്യ മന്ത്രാലയം പ്രതിഷേധം അറിയിച്ചിരുന്നു. ഇന്ത്യൻ ഹൈക്കമ്മീഷണറെ പ്രതിയാക്കരുതെന്നും ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. നിജ്ജറിന്റെ കൊലപാതകത്തില്‍ ഉള്‍പ്പെടെ ഇന്ത്യൻ ഹൈകമ്മീഷണർക്കെതിരെ കേസെടുക്കാൻ കാനഡ ഇന്ത്യയുടെ അനുവാദം തേടിയിരുന്നു. ഇതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം വീണ്ടും വഷളാകുകയാണ്.
നേരത്തെ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോക്കെതിരെ രൂക്ഷമായ ഭാഷയില്‍ ഇന്ത്യ പ്രതികരിച്ചിരുന്നു. കനേഡിയൻ പ്രധാനമന്ത്രി വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കുകയാണെന്നും മതവാദികള്‍ക്ക് കീഴടങ്ങിയെന്നും ഇന്ത്യ പ്രസ്താവനയിലൂടെ കുറ്റപ്പെടുത്തിയിരുന്നു. ഇന്ത്യൻ ഹൈകമ്മീഷണറെ കേസില്‍പ്പെടുത്താൻ നോക്കുന്നത്, ട്രൂഡോ മത തീവ്രവാദികള്‍ക്ക് കീഴടങ്ങിയതുകൊണ്ടാണെന്നും വിദേശകാര്യ മന്ത്രാലയം ചൂണ്ടികാട്ടി.
അതേസമയം കാനഡയില്‍ വച്ച് ഖലിസ്ഥാനി ഭീകരൻ ഹർദീപ് സിംഗ് നിജ്ജർ കൊലചെയ്യപ്പെട്ടതോടെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ വീഴുന്നത്. കേസില്‍ മൂന്ന് ഇന്ത്യൻ പൗരന്മാരാണ് അറസ്റ്റിലായത്. കരണ്‍ ബ്രാർ, കമല്‍പ്രീത് സിംഗ്, കരണ്‍ പ്രീത് സിംഗ് എന്നിവരെയാണ് ഹർദീപ് സിംഗ് നിജ്ജർ കൊലപാതക കേസില്‍ കാനഡ പൊലീസ് അറസ്റ്റ് ചെയ്തത്. എഡ്മണ്ടില്‍ നിന്നാണ് ഇവരെ പിടികൂടിയത്. അറസ്റ്റിലായ മൂന്ന് പേരും ഇന്ത്യൻ പൗരന്മാരാണ്. കഴിഞ്ഞ മൂന്ന് നാല് വർഷങ്ങളായി ഇവർ കാനഡയിലുണ്ടെന്നും കനേഡിയൻ പൊലീസ് വ്യക്തമാക്കിയിരുന്നു. വിഷയത്തില്‍ ഇന്ത്യക്കെതിരെ ട്രൂഡോ പലതവണ വിമർശനവുമായി രംഗത്തെത്തിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കമുള്ളവർ കനേഡിയൻ പ്രധാനമന്ത്രിക്ക് ചുട്ട മറുപടിയും നല്‍കിയിട്ടുണ്ട്. പ്രശ്നങ്ങള്‍ ഒതുങ്ങിയെന്ന് നിനച്ചിരിക്കവെയാണ് ഇപ്പോള്‍ ഇന്ത്യൻ ഹൈക്കമീഷണറെ തന്നെ പ്രതിയാക്കാനുള്ള കാനഡ സർക്കാരിന്‍റെ നീക്കം ഉണ്ടായിരിക്കുന്നത്.